kannur local

നിര്‍മാണം പൂര്‍ത്തിയായി ഒരുവര്‍ഷം ; വക്കീല്‍ ഗുമസ്തരുടെ ഓഫിസ് കെട്ടിടം തുറന്നില്ല



കൂത്തുപറമ്പ്: നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും അഡ്വക്കറ്റ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്റെ ഓഫിസ് തുറന്നുകൊടുത്തില്ല. കൂത്തുപറമ്പ് മുന്‍സിഫ് കോടതി കോംപൗണ്ടിനകത്ത് സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവിട്ട് പണിത പുതിയ കെട്ടിടമാണ് നോക്കുകുത്തിയായി മാറിയത്. മജിസ്‌ട്രേറ്റ് കോടതി, മുന്‍സിഫ് കോടതി എന്നിവിടങ്ങളില്‍ ജോലിചെയ്തു വരുന്ന അമ്പതോളം അഡ്വക്കറ്റ് ക്ലാര്‍ക്കുമാര്‍ക്ക് വേണ്ടിയാണ് പുതിയ യൂനിറ്റ് ഓഫിസ് നിര്‍മിച്ചത്. നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് കോടതി കോംപൗണ്ടിനകത്ത് ഈ കെട്ടിടത്തിനു സമീപം താല്‍ക്കാലികമായി ഒരു മുറി അനുവദിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ കാലവര്‍ഷത്തില്‍ മരം പൊട്ടിവീണ് ഓടുകള്‍ തകര്‍ന്നതിനാല്‍ മുറി ഇപ്പോള്‍ അപകടാവസ്ഥയിലാണ്. രണ്ടുവര്‍ഷം മുമ്പായിരുന്നു രണ്ട് ബാത്ത്‌റൂം, ഹാള്‍ എന്നീ സൗകര്യത്തോടെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി തുടങ്ങിയത്. ഒരുവര്‍ഷം മുമ്പേ പ്രവൃത്തി പൂര്‍ത്തിയായി. എന്നാല്‍ ജില്ലാ കോടതിയുടെ അധീനതയിലുള്ള ഈ കെട്ടിടം അഡ്വക്കറ്റ് ക്ലാര്‍ക്ക്‌സ് അസോസിയേഷന് കൈമാറിയിട്ടില്ലെന്ന സാങ്കേതികത്വത്തിന്റെ പേരിലാണ് പ്രവര്‍ത്തനസജ്ജമാവാതിരിക്കാന്‍ കാരണം. ഭാരവാഹികള്‍ തലശ്ശേരി ജില്ലാ ജഡ്ജിക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ടൈലുകള്‍ പാകി മോടികൂട്ടിയ കെട്ടിടം ഇപ്പോള്‍ കാടുകയറി നശിച്ചുകൊണ്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it