നിര്‍ഭയ ഫണ്ട് അപര്യാപ്തമെന്ന് സുപ്രിംകോടതി; ഇരകളെ സഹായിക്കാന്‍ ദേശീയ നയം വേണം

നിര്‍ഭയ ഫണ്ട് അപര്യാപ്തമെന്ന് സുപ്രിംകോടതി; ഇരകളെ സഹായിക്കാന്‍  ദേശീയ നയം വേണം
X
Suprem-court

ന്യൂഡല്‍ഹി: ബലാല്‍സംഗത്തിനിരയായവര്‍ക്കു മതിയായ സഹായങ്ങള്‍ നല്‍കുന്നതിനു ദേശീയനയം രൂപീകരിക്കണമെന്നു സുപ്രിംകോടതി കേന്ദ്രത്തിനു നിര്‍ദേശം നല്‍കി. നിലവിലുള്ള നിര്‍ഭയ ഫണ്ട് അപര്യാപ്തമാണെന്നും അത് 'അധരസേവ' മാത്രമാണെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു.
ബലാല്‍സംഗത്തിനിരയായവരുടെ സുരക്ഷയും സംരക്ഷണവും സംബന്ധിച്ച് സമര്‍പ്പിച്ച ആറു ഹരജികള്‍ പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത നിയമങ്ങളാണുള്ളത്. ബലാല്‍സംഗത്തിനിരയായവര്‍ക്കു നല്‍കുന്ന നഷ്ടപരിഹാരത്തെ പറ്റി ദേശീയ കാഴ്ചപ്പാട് ഇല്ല.
ഇവര്‍ക്കു മതിയായ ആശ്വാസധനം നല്‍കാനുള്ള ദേശീയ നയത്തിനു രൂപം നല്‍കണം. ജസ്റ്റിസുമാരായ പി സി പന്ത്, സി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നിര്‍ദേശിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 357 (എ) വകുപ്പിന്റെ ഫലപ്രദമായ നിര്‍വഹണത്തെപ്പറ്റിയും പീഡനത്തിനിരയായവര്‍ക്കു നല്‍കിയ നഷ്ടപരിഹാരത്തെ പറ്റിയുമുള്ള പൂര്‍ണ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു കേന്ദ്രത്തിനും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടതി നോട്ടീസയച്ചു.
ഹരജികളിലെ വാദത്തില്‍ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങാണ് അമിക്കസ് ക്യുറിയായി കോടതിയെ സഹായിച്ചത്. 29ല്‍ 25 സംസ്ഥാനങ്ങള്‍ മാത്രമാണ് ഈ പദ്ധതി നടപ്പാക്കിയതെന്ന് അവര്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ നടപ്പാക്കിയ പദ്ധതികള്‍ക്ക് ഏകീകൃത സ്വഭാവമില്ല.
പല സംസ്ഥാനങ്ങളും വിജ്ഞാപനം പുറപ്പെടുവിച്ചതല്ലാതെ അതിനനുസരിച്ച് ഫണ്ട് വകയിരുത്തിയിട്ടില്ല. ചില സംസ്ഥാനങ്ങള്‍ നഷ്ടപരിഹാരമായി 10 ലക്ഷം രൂപ വരെ നല്‍കുമ്പോള്‍ മറ്റു ചില സംസ്ഥാനങ്ങള്‍ 50,000 രൂപയില്‍ കുറവാണ് നല്‍കുന്നതെന്നും അവര്‍ കോടതിയെ അറിയിച്ചു. ഡല്‍ഹിയില്‍ നടപ്പാക്കിയ പദ്ധതി മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നും ഇന്ദിരാ ജയ്‌സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it