Flash News

നിര്‍ഭയ കേസ് : ശിക്ഷ ശരിവച്ചു; നാലു പ്രതികള്‍ക്ക് തൂക്കുകയര്‍



സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസില്‍ നാലു പ്രതികളുടെയും വധശിക്ഷ സുപ്രിംകോടതി ശരിവച്ചു. വിചാരണക്കോടതി വിധിച്ച വധശിക്ഷ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. 2012ലുണ്ടായ ക്രൂരമായ കൂട്ടബലാല്‍സംഗത്തില്‍ ആറു പ്രതികളാണ് ഉണ്ടായിരുന്നത്. മുഖ്യപ്രതിയായ ബസ് ഡ്രൈവര്‍ രാംസിങ് വിചാരണയ്ക്കിടെ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയെ മൂന്നുവര്‍ഷം ദുര്‍ഗുണപരിഹാര പാഠശാലയില്‍ താമസിപ്പിച്ചശേഷം കഴിഞ്ഞവര്‍ഷം പുറത്തുവിട്ടു. ബാക്കിയുള്ള മുകേഷ്, പവന്‍, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നീ നാലുപേര്‍ക്കും വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതു പിന്നീട് ഡല്‍ഹി ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹരജി തള്ളിയാണ് ഇവരെ തൂക്കിലേറ്റാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്.പ്രതികള്‍ ചെയ്തത് സമാനതയില്ലാത്ത ക്രൂരകൃത്യമാണെന്ന് കോടതി പറഞ്ഞു. ചിന്തിക്കാന്‍പോലും സാധിക്കാത്ത കുറ്റമാണിത്. രാജ്യത്ത് ഇത്തരം സംഭവം ആവര്‍ത്തിക്കരുത്. പ്രതികള്‍ വധശിക്ഷ അര്‍ഹിക്കുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന വിചാരണക്കോടതിയുടെ പരാമര്‍ശം വളരെ ശരിയാണ്. ഹൈക്കോടതി വിധിയില്‍നിന്ന് എന്തെങ്കിലും മാറ്റത്തിന് തയ്യാറല്ലെന്നും പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. മനുഷ്യത്വം മരവിച്ച ഒരു ലോകത്ത് നടന്ന കഥപോലെയാണ് ഈ കൃത്യം തോന്നിപ്പിക്കുന്നതെന്നും ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. മൂന്നംഗ ബെഞ്ച് ഐകകണ്‌ഠ്യേനയാണ് വിധി പുറപ്പെടുവിച്ചത്.
Next Story

RELATED STORIES

Share it