നിര്‍ഭയ കേസ്: പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളിയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ന്യൂഡല്‍ഹി/ബദായുന്‍: ഡല്‍ഹി നിര്‍ഭയ കേസിലെ പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളിയെ സ്‌പെഷ്യല്‍ ഹോമില്‍ നിന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളുടെ ജീവനു നേരെ ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് സ്ഥലം മാറ്റിയതെന്ന് അധികൃതര്‍ പറഞ്ഞു. വിവിധ സംഘടനകളും വ്യക്തികളും കുറ്റവാളിയുടെ മോചനം നിരീക്ഷിച്ചു വരികയാണ്. ഇയാളെ മോചിപ്പിക്കരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇന്നാണ് ഇയാള്‍ ജയില്‍ മോചിതനാവേണ്ടത്. ഇയാള്‍ക്കിപ്പോള്‍ 20 വയസ്സ് കഴിഞ്ഞിട്ടുണ്ട്. നിലവിലെ നിയമമനുസരിച്ച് ഇയാളെ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് ഇന്ന് വിട്ടയച്ചേക്കും. അതിനിടെ, കുറ്റവാളിയുടെ പുനരധിവാസത്തിന് പദ്ധതി സമര്‍പ്പിച്ചതായി ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. പദ്ധതി പ്രകാരം 10,000 രൂപ ധനസഹായവും ഒരു തയ്യല്‍ മെഷീനും നല്‍കും. വാടകക്ക് തയ്യല്‍ക്കട നടത്തി ജീവിക്കുവാന്‍ വേണ്ടിയാണിത്.
2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തതിനാണ് ഇയാളടക്കം ആറുപേരെ കോടതി ശിക്ഷിച്ചത്. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇയാള്‍ക്ക് മൂന്നുവര്‍ഷം സ്‌പെഷ്യല്‍ ഹോമിലെ തടവാണ് ബാലനീതി ബോര്‍ഡ് വിധിച്ചിരുന്നത്. ക്രൂരമായ കുറ്റകൃത്യം ചെയ്ത ഇയാള്‍ക്ക് വിധിച്ച നിസ്സാരമായ ശിക്ഷ വ്യാപകമായ എതിര്‍പ്പിന് വഴിവച്ചിരുന്നു. ഇയാളെ മുതിര്‍ന്നവര്‍ക്കുള്ള കോടതിയില്‍ വിചാരണ ചെയ്യണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. അതിനിടെ, കുറ്റവാളി തിരിച്ചുവരുന്നതില്‍ അയാളുടെ ഗ്രാമത്തിലും അഭിപ്രായ വ്യത്യാസമുണ്ട്. ബദയൂണ്‍ ജില്ലയിലെ ജന്മഗ്രാമത്തിലേക്കിയാളെ പ്രവേശിപ്പിക്കുകയില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. സംഭവം ഗ്രാമത്തിനും രാജ്യത്തിനും ലോകത്തിന്റെ മുമ്പില്‍ മാനക്കേടുണ്ടാക്കിയെന്ന് ഗ്രാമക്കാരനായ ഫുല്‍ചന്ദ്ര പറഞ്ഞു. സംഭവത്തിനു ശേഷം ഗ്രാമത്തില്‍ നിന്ന് വെളിയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ഥികള്‍ക്ക് അപമാനം സഹിക്കേണ്ടി വന്നു. പലര്‍ക്കും ജോലി നിഷേധിക്കുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.
എന്നാല്‍ കുടുംബക്കാരും ചില നാട്ടുകാരും കുറ്റവാളിയെ ഗ്രാമത്തില്‍ തിരിച്ചുകൊണ്ടുവരണമെന്ന പക്ഷക്കാരാണ്. തെറ്റുതിരുത്താന്‍ സമയം നല്‍കണമെന്നും അയാളുടെ തിരിച്ചുവരവ് കാത്തിരിക്കുകയാണെന്നുമാണ് കുറ്റവാളിയുടെ കുടുംബം പറയുന്നത്. തന്റെ ഭര്‍ത്താവ് മനോരോഗിയാണ്. തന്റെ രണ്ടു പെണ്‍മക്കള്‍ ജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. അതുകൊണ്ട് തന്റെ മകനെ തനിക്കുവേണം- അമ്മ പറഞ്ഞു.
മുതിര്‍ന്ന ഗ്രാമീണന്‍ ഹാജി തൗസീഫ് റാസയും മറ്റു ചിലരും അമ്മയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുമുണ്ട്. എന്നാല്‍ കുറ്റവാളിയുടെ മാനസാന്തരം ഉറപ്പാക്കുന്നതുവരെ നിരീക്ഷണ കേന്ദ്രത്തില്‍ സംരക്ഷിക്കണമെന്നാണ് ബലാല്‍സംഗത്തിനിരയായ ജോതി സിങിന്റെ മാതാപിതാക്കളും മറ്റു സംഘടനകളും ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it