Flash News

നിര്‍ഭയ കേസ്‌ : സമൂഹ മനസ്സാക്ഷിയെ നടുക്കിയ സംഭവമെന്ന് ജ. ഭാനുമതി



ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസ് സമൂഹ മനസ്സാക്ഷിയെ നടുക്കിയ സംഭവമാണെന്ന് കേസ് പരിഗണിച്ച ബെഞ്ചിലെ ഏക വനിത ജസ്റ്റിസ് ഭാനുമതി കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തി. സ്ത്രീകളോടുള്ള ബഹുമാനം കുറഞ്ഞുവന്നതായും അതുമൂലം കുറ്റകൃത്യ നിരക്കു കൂടിയതായും അവര്‍ ചൂണ്ടിക്കാട്ടി. ലിംഗസമത്വം കടലാസില്‍ മാത്രം ഉണ്ടായാല്‍ പോര. കുട്ടിക്കാലം മുതല്‍ സ്ത്രീകളെ ആദരിക്കാന്‍ പഠിപ്പിക്കണം. ലിംഗസമത്വം സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം അനിവാര്യമാണ്. ഈ പ്രതികള്‍ കൊടും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നു പറയുന്നില്ല. പക്ഷേ, ഓടുന്ന ബസ്സില്‍ അവര്‍ ഒരു പെണ്‍കുട്ടിയോട് കാണിച്ചത് വിവരണാതീതമായ ക്രൂരതയാണ്. ഇങ്ങനെ ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. പെണ്‍കുട്ടിയെ കൂട്ടംചേര്‍ന്നു പീഡിപ്പിച്ചശേഷം സ്വകാര്യഭാഗത്തേക്ക് ഇരുമ്പുദണ്ഡ് കയറ്റി മൃതപ്രായയാക്കിയതുപോലുള്ള കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെങ്കില്‍ പിന്നെ ഈ വിഭാഗത്തില്‍പ്പെടുന്ന കേസ് ഏതാണ്. ഏതെങ്കിലും ഒരു കേസില്‍ വധശിക്ഷ നല്‍കേണ്ടതുണ്ടെങ്കില്‍ അത് ഇതാണെന്നും ജസ്റ്റിസ് ഭാനുമതി പറഞ്ഞു. പ്രതികള്‍ പാവപ്പെട്ട കുടുംബങ്ങളുടെ അത്താണിയാണെന്നും ചെറുപ്പക്കാരാണെന്നും ശിക്ഷ ലഘൂകരിക്കണമെന്നും പ്രതിഭാഗം അഭിഭാഷകരായ എ പി സിങും എം എല്‍ ശര്‍മയും ആവശ്യപ്പെട്ടെങ്കിലും കോടതി വാദം അംഗീകരിച്ചില്ല. ശിക്ഷ ശരിവച്ച് ബെഞ്ചിന്റെ തലവന്‍ ദീപക് മിശ്ര വിധിന്യായം വായിച്ചപ്പോള്‍ കോടതിമുറിയില്‍ അഭിഭാഷകരും ഇരയുടെ ബന്ധുക്കളും എഴുന്നേറ്റുനിന്ന് കൈയടിച്ചു.
Next Story

RELATED STORIES

Share it