നിര്‍ഭയകേരളം പദ്ധതിയുടെ പരാജയമാണ് ജിഷയുടെ കൊലപാതകത്തിലെത്തിച്ചത്; പദ്ധതി മരിച്ചെന്ന് ബ്ലോഗില്‍ കുറിപ്പ്: എഡിജിപി ആര്‍ ശ്രീലേഖ 

തിരുവനന്തപുരം: സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച നിര്‍ഭയകേരളം സുരക്ഷിത കേരളം പദ്ധതി പരാജയപ്പെട്ടതാണു പെരുമ്പാവൂരില്‍ ജിഷയെന്ന പെണ്‍കുട്ടിയുടെ പീഡനമരണത്തിലെത്തിച്ചതെന്ന് എഡിജിപി ആര്‍ ശ്രീലേഖ. സര്‍ക്കാരിന് താല്‍പര്യമില്ലാത്തതിനാലാണു പദ്ധതി നിലച്ചതെന്ന കുറ്റപ്പെടുത്തലുമായി ആര്‍ ശ്രീലേഖ തന്റെ ബ്ലോഗിലെഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായി.
പദ്ധതിക്കായി തുടക്കമിട്ടതും അത് വിഭാവനം ചെയ്തതും തന്റെ ശ്രമഫലമായാണ്. എന്നാല്‍, ആരംഭിച്ച് അഞ്ചുമാസം പിന്നിടുമ്പോള്‍ പദ്ധതി നിന്നുപോയത് സര്‍ക്കാരിന്റെ പിടിപ്പുകേട് ഒന്നുകൊണ്ടുമാത്രമാണെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു. പദ്ധതി ജീവിച്ചിരുന്നെങ്കില്‍ ജിഷയുടെ വിലപ്പെട്ട ജീവനും ഇന്ന് നഷ്ടമാവില്ലായിരുന്നു എന്ന് പറഞ്ഞ് ക്ഷമാപണത്തോടെയാണ് എഡിജിപി ബ്ലോഗില്‍ എഴുതുന്നത്. സ്ത്രീകളുടെ ആഭരണങ്ങളില്‍ ഘടിപ്പിക്കാവുന്ന ആപ്ലിക്കേഷന്‍ അടക്കം തയ്യാറാക്കിയ പദ്ധതി യാഥാര്‍ഥ്യമായിരുന്നെങ്കില്‍ ജിഷയുടെ സാഹചര്യങ്ങളില്‍ ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഭയപ്പെടേണ്ട സാഹചര്യമില്ലാതാവുമായിരുന്നു. പെന്‍ക്യാമുമായി നടന്ന ജിഷയ്ക്ക്, കണ്‍ട്രോള്‍ റൂമുകളുമായി ബന്ധിപ്പിച്ച ആപ്ലിക്കേഷന്‍ ഒരുപക്ഷേ സഹായകരമാവുമായിരുന്നുവെന്നും നിര്‍ഭയ പദ്ധതിയുടെ നോഡല്‍ ഓഫിസര്‍ കൂടിയാണ് ശ്രീലേഖ പറയുന്നു.
2014ല്‍ നിര്‍ഭയകേരളം പദ്ധതിയെക്കുറിച്ച് താന്‍ എഴുതിയത് വളരെയധികം സന്തോഷത്തോടെയായിരുന്നു. ഏറെ സ്വപ്‌നംകണ്ട പദ്ധതി തയ്യാറാക്കിയത് 72 മണിക്കൂര്‍ നീണ്ട ശ്രമഫലമായാണ്. അതേ പദ്ധതിയുടെ മരണവും നേരില്‍ക്കണ്ടു എന്ന് നിരാശയോടെ അവര്‍ പറയുന്നു. 2015 ഫെബ്രുവരിയില്‍ ആഘോഷപൂര്‍വം എറണാകുളത്താണ് പദ്ധതിക്കു തുടക്കമിട്ടത്. ഏറെ പരിശ്രമത്തിനൊടുവിലാണു ഓഫിസ് പോലും സംഘടിപ്പിക്കാനായത്. പദ്ധതിയുടെ മെല്ലെപ്പോക്ക് സൂചിപ്പിച്ചപ്പോഴൊക്കെ കാത്തിരിക്കുവാനാണു സര്‍ക്കാര്‍ പറഞ്ഞത്. എല്ലാ ജില്ലകളില്‍ നിന്നും 100 സ്ത്രീകള്‍ക്കു പരിശീലനം നല്‍കാനും അവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡും മൊബൈല്‍ കണക്ഷനും അടക്കമുള്ള അടിസ്ഥാന സാഹചര്യങ്ങള്‍ ഒരുക്കാനും തയ്യാറെടുത്തപ്പോള്‍ പോലും സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിച്ചില്ല. 77 ലക്ഷം രൂപയുടെ പദ്ധതിരേഖ സമര്‍പ്പിച്ചിട്ടും പദ്ധതിക്ക് അനക്കമുണ്ടായില്ല. സി-ഡാക്കുമായി സഹകരിച്ച് സ്ത്രീകളുടെ ആഭരണങ്ങളില്‍ ഘടിപ്പിക്കാവുന്ന തരത്തില്‍ ഒരു ആപ്ലിക്കേഷനും തയ്യാറാക്കിയിരുന്നു.
ജിഷയെപ്പോലെ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്കും പെ ണ്‍കുട്ടികള്‍ക്കും രക്ഷനേടാന്‍ തയ്യാറാക്കിയ പദ്ധതി നിന്നുപോയത് സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മകൊണ്ടു മാത്രമാണെന്നും എഡിജിപി കുറ്റപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it