Flash News

നിര്‍ബന്ധിത പിരിവ് പിടിച്ചുപറി: ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി നല്‍കണമെന്ന ഉത്തരവ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കു പുറപ്പെടുവിക്കാന്‍ കഴിയുന്നതെങ്ങനെയെന്ന് ഹൈക്കോടതി. സ്വമേധയാ നല്‍കേണ്ട സംഭാവന നിര്‍ബന്ധപൂര്‍വം ഈടാക്കാന്‍ ശ്രമിക്കുന്നത് പിടിച്ചുപറിയാവുമെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
ഒരു ദിവസത്തെ ശമ്പളം പോലും ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിച്ചു പിരിച്ചെടുക്കാന്‍ നിയമപരമായി സര്‍ക്കാരിന് അവകാശമില്ല. നിയമ സെക്രട്ടറിയുമായി സാധുത ചര്‍ച്ച ചെയ്താണോ ഇത്തരം ഉത്തരവുകള്‍ ചില ഉദ്യോഗസ്ഥര്‍ പുറപ്പെടുവിക്കുന്നതെന്നും ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ക്ഷേത്ര പുനരുദ്ധാരണത്തിനുമായി ശമ്പളത്തില്‍ നിന്നും ഉല്‍സവബത്തയില്‍ നിന്നും പണം പിടിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് ഫ്രണ്ട് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സംഭാവന നിര്‍ബന്ധപൂര്‍വം പിരിച്ചെടുക്കാന്‍ ബോര്‍ഡ് ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടന ഹരജി നല്‍കിയത്. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്ന് നിശ്ചിത തുക വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന ഉത്തരവ് കഴിഞ്ഞയാഴ്ച കോടതി സ്‌റ്റേ ചെയ്തിരുന്നു. നിര്‍ബന്ധപൂര്‍വം ദുരിതാശ്വാസ നിധിയിലേക്ക് പണം ഈടാക്കുന്നത് പിടിച്ചുപറിയാവുമെന്ന് ഈ ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി.
മലബാര്‍ ദേവസ്വത്തിന്റേതിന് സമാനമായ ഉത്തരവാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പുറപ്പെടുവിച്ചിട്ടുള്ളത്. സര്‍ക്കാരിനെ പിന്തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇത്തരമൊരു ഉത്തരവ് ഇറക്കിയിട്ടുള്ളതെന്നാണ് പറയുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവിന്റെ നമ്പറോ തിയ്യതിയോ ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് അഭ്യര്‍ഥന നടത്തുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. എന്നാല്‍, മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയ്ക്കു വിരുദ്ധമായ രീതിയിലാണ് ഉത്തരവിറങ്ങിയത്. ഇതിനു പിന്നാലെ, ശമ്പളമടക്കം സ്വമേധയാ നല്‍കുന്ന സംഭാവനയിലൂടെയോ ദാനങ്ങളിലൂടെയോ വേണം പണം സമാഹരിക്കേണ്ടതെന്നും ആരോടും നിര്‍ബന്ധിക്കരുതെന്നും വ്യക്തമാക്കി ചീഫ് സെക്രട്ടറി കുറിപ്പ് പുറത്തിറക്കി. നിര്‍ബന്ധിത ശമ്പളം പിടിച്ചെടുക്കല്‍ സംബന്ധിച്ച വ്യാപക പരാതിയെ തുടര്‍ന്നാണ് വകുപ്പു മേധാവികള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കുമായി ചീഫ് സെക്രട്ടറി ഇത്തരമൊരു കുറിപ്പ് പുറപ്പെടുവിച്ചത്.
പ്രളയാനന്തരം മുഖ്യമന്ത്രി നടത്തിയ അഭ്യര്‍ഥന രാജ്യത്തിനകത്തും പുറത്തും ആളുകള്‍ മുഖവിലയ്‌ക്കെടുക്കുകയും സഹായങ്ങള്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടി സൃഷ്ടിക്കുന്നതാണ് ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധപൂര്‍വം നടത്തുന്ന പിരിവുകളെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ജീവനക്കാരും ഒരു മാസത്തെ ശമ്പളം നല്‍കേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടാവരുത്. കേസ് നാളെ വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it