നിര്‍ബന്ധിത ടിസി നല്‍കരുത്: സിബിഎസ്ഇ

കോട്ടയം: 10ാം ക്ലാസിലെ വിജയശതമാനം കൂട്ടാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ടിസി നല്‍കരുതെന്ന് സിബിഎസ്ഇയുടെ കര്‍ശന നിര്‍ദേശം. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ മാനസിക പീഡനം മൂലം കോട്ടയം പാമ്പാടി ക്രോസ്‌റോഡ്‌സ് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ബിന്റോ ഈപ്പന്‍ (14) ആത്മഹത്യ ചെയ്യാനിടയായ പശ്ചാത്തലത്തിലാണ് സിബിഎസ്ഇയുടെ നിര്‍ദേശം.
ഒരു വിദ്യാര്‍ഥിക്ക് ജയിക്കാന്‍ ഇന്റേണല്‍ മാര്‍ക്കും അവസാന വര്‍ഷ പരീക്ഷയുടെ മാര്‍ക്കും അടക്കം 33 ശതമാനം മാര്‍ക്ക് മതിയെന്നിരിക്കെ ടിസി നല്‍കുന്നത് നല്ല പ്രവണതയല്ല. നേരത്തേ ഇന്റേണല്‍ കൂടാതെ 33 ശതമാനം മാര്‍ക്ക് വേണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, ഇപ്പോള്‍ അതില്ല. ഒമ്പതാംക്ലാസില്‍ പഠനനിലവാരം കുറഞ്ഞതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ ടിസി നല്‍കരുത്. രക്ഷിതാക്കള്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രമേ കുട്ടികള്‍ക്ക് ടിസി നല്‍കാവൂ എന്നും സിബിഎസ്ഇ വ്യക്തമാക്കി. സിബിഎസ്ഇ തിരുവനന്തപുരം മേഖലാ ഓഫിസര്‍ തരുണ്‍കുമാറാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സിബിഎസ്ഇ തിരുവനന്തപുരം മേഖലയ്ക്കു കീഴില്‍ വരുന്ന മുഴുവന്‍ സ്വകാര്യ സ്‌കൂളുകള്‍ക്കും സര്‍ക്കുലര്‍ കൈമാറിയിട്ടുണ്ട്. ഒമ്പതാം ക്ലാസില്‍ പഠനനിലവാരം കുറഞ്ഞതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ടിസി നല്‍കുന്നതായ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലറെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.
നൂറുശതമാനം വിജയം ഉറപ്പാക്കാനായി വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ നിന്ന് നിര്‍ബന്ധമായി ടിസി നല്‍കി പറഞ്ഞുവിടുന്നതായി നേരത്തേ തന്നെ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പഠനനിലവാരം മോശമാണെന്നാരോപിച്ച് കരിപ്പൂര്‍ എയര്‍പോര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്ലാസിലെ ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് അധികൃതര്‍ ടിസി നല്‍കിയതും വിവാദമായിരുന്നു. 10ാം ക്ലാസില്‍ നൂറുശതമാനം വിജയം ഉറപ്പാക്കാനായി ഒമ്പതാം ക്ലാസില്‍ തോല്‍പിച്ചതിനെ തുടര്‍ന്നാണ് കോട്ടയത്ത് ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ബിന്റോ ഈപ്പന്‍ ആത്മഹത്യചെയ്യാനിടയായത്. ബിന്റോ ഉള്‍പ്പെടെ ആറു വിദ്യാര്‍ഥികള്‍ക്ക് ടിസി നല്‍കി പറഞ്ഞുവിടാനായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റിന്റെ തീരുമാനം. സിബിഎസ്ഇ നിയമം അനുസരിച്ചാണ് നടപടിയെന്നായിരുന്നു മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍, സിബിഎസ്ഇയുടെ സര്‍ക്കുലര്‍ പുറത്തുവന്നതോടെ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്.
കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമപ്രകാരം 10ാംക്ലാസ് വരെ വിദ്യാര്‍ഥികള്‍ക്ക് പ്രഥമിക വിദ്യാഭ്യാസം സ്‌കൂളുകള്‍ ഉറപ്പാക്കേണ്ടതുണ്ട്. ബിന്റോ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ പ്രാഥമിക റിപോര്‍ട്ട്. വിജയശതമാനം കൂട്ടാനായി വിദ്യാര്‍ഥികളെ തോല്‍പിക്കുന്നതിനെതിരേ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it