Kollam Local

നിര്‍ധന രോഗികള്‍ക്കായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഡ്രഗ്ബാങ്ക് ആരംഭിക്കുന്നു

കൊല്ലം: കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍(കെജിഎംഒഎ) സുവര്‍ണ ജൂബിലി പ്രമാണിച്ച് ഈവര്‍ഷം കൊല്ലം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ വിവിധ ജനോപകാര പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ ആരോഗ്യസ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗങ്ങള്‍ സംഘടിപ്പിച്ച് സമഗ്രവികസനത്തിനു വേണ്ട നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കുകയും സ്ഥാപനമേധാവികള്‍ക്ക് നല്‍കുകയും ചെയ്യും. അടുത്ത സാമ്പത്തികവര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളില്‍ ഇത് ഉള്‍പ്പെടുത്താന്‍ ആവശ്യമായ പരിശ്രമം നടത്തും. എല്ലാ ജില്ലാ, താലൂക്ക് ആശുപത്രികളിലും കെജിഎംഒഎ ഡ്രഗ് ബാങ്കുകള്‍ ആരംഭിക്കും.
ഡോക്ടര്‍മാരില്‍ നിന്ന് സാമ്പിള്‍ മരുന്നുകള്‍ സ്വീകരിച്ച് പാവപ്പെട്ട രോഗികള്‍ക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്ന പ്രീമെട്രിക് ട്രൈബല്‍ ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന കുട്ടികളുടെ ആരോഗ്യപരിരക്ഷ കെജിഎംഒഎ ഏറ്റെടുക്കും. അവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പഠനം നടത്തുകയും മാസത്തിലൊരിക്കല്‍ അവര്‍ക്ക് സൗജന്യ വൈദ്യസേവനം ലഭ്യമാക്കുകയും ചെയ്യും. അതോടൊപ്പം ആരോഗ്യരംഗത്ത് പൊതുജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും ബ്രാഞ്ച് പ്രസിഡന്റ് ഡോ. അനൂപ് വി എസ്, സെക്രട്ടറി ഡോ. ഡാര്‍വിന്‍ സി പേള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഖജാഞ്ചി ഡോ. അഖില്‍, സംസ്ഥാന ഖജാഞ്ചി ഡോ. ജ്യോതിലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it