wayanad local

നിര്‍ധന കുടുംബത്തിന് വീട്; അഞ്ചുസെന്റ് വയല്‍ നികത്താന്‍ അനുമതിയില്ല

മാനന്തവാടി: ജില്ലയിലെ വിയലുകള്‍ പലപ്പോഴായി മണ്ണിട്ട് കരഭൂമിയാക്കുമ്പോഴും വീട് നിര്‍മിക്കാനായി ആകെയുള്ള അഞ്ചുസെന്റ് സ്ഥലം നികത്താന്‍ അനുമതിക്കായി മൂന്നു വര്‍ഷമായി വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ് ഒരു കുടുംബം. അധികൃതര്‍ കനിവ് കാട്ടാത്തതിനെ തുടര്‍ന്ന്  ഇപ്പോഴും ഷെഡിനുളളില്‍ കഴിയുകയാണ് ഈ കുടുംബം. ആറാട്ടുതറ ഇടവത്ത് മീത്തല്‍ കെ കെ സൗമ്യയാണ് ആകെയുള്ള അഞ്ചുസെന്റ് വയല്‍ നികത്തുന്നതിനായി മൂന്നുവര്‍ഷം മുമ്പ് കൃഷി ഭവനില്‍ അപേക്ഷ നല്‍കിയത്. പിന്നീടിങ്ങോട്ട് വില്ലേജ് ഓഫിസ്, സബ് കലക്ടര്‍ ഓഫിസ് എന്നിവിടങ്ങളില്‍ നിരവധി തവണ കയറിയിറങ്ങിയെങ്കിലും അനുകൂല നിലപാട് എടുക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ തികഞ്ഞ അലംഭാവം കാട്ടുകയായിരുന്നു.
പലവിധ സാങ്കേതിക കാരണങ്ങള്‍ നിരത്തി ഇവരുടെ അപേക്ഷ പരിഗണിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ആവശ്യമായ രേഖകള്‍ ഹാജരാക്കിയെങ്കിലും കുടുംബത്തെ വട്ടംകറക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. ഇതുസംബന്ധിച്ച് അന്വേഷിക്കാനെത്തിയപ്പോള്‍ സബ് കലക്ടര്‍ ഓഫിസ് ജീവനക്കാര്‍ മോശം രീതിയിലാണ് പെരുമാറിയതെന്നു സൗമ്യ പറഞ്ഞു. അഞ്ചുവര്‍ഷമായി ഷെഡിനുള്ളിലാണ് സൗമ്യയും ഭര്‍ത്താവ് സുമേഷും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം കഴിയുന്നത്. കെട്ടിടനമ്പര്‍ ലഭിക്കാത്തതിനാല്‍ റേഷന്‍ കാര്‍ഡ്, ഗ്യാസ് കണക് ന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ഈ കുടുംബത്തിന് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സൗമ്യയുടെ ഭര്‍ത്താവിന്റെ പേരില്‍ അഞ്ചുസെന്റ് സ്ഥലമുണ്ടെങ്കിലും അതും വയലാണ്. പിതാവിന്റെ പേരിലുള്ള സ്ഥലത്താണ് ഈ കുടുംബം ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നത്.
നഗരസഭയില്‍ നിന്നു പിഎംഎവൈ പദ്ധതി പ്രകാരം ഇവര്‍ക്ക് വീട് അനുവദിച്ചിട്ടുണ്ടെങ്കിലും തണ്ണീര്‍ത്തട നിയമപ്രകാരവും കെഎല്‍യു ആക്റ്റ് പ്രകാരവും വയല്‍ നികത്താന്‍ അനുമതി ലഭിക്കാത്തതിനാന്‍ എഗ്രിമെന്റ് വയ്ക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ മാര്‍ച്ചോടെ ഈ ഫണ്ടും നഷ്ടപ്പെടാനാണ് സാധ്യത. മെക്കാനിക്കായ സുമേഷും കുടുംബവും ഇനി എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. മൂന്നു വര്‍ഷത്തിനിടയില്‍ നിരവധി തവണ വിവിധ ഓഫിസുകള്‍ കയറിയിറങ്ങി സൗമ്യക്കും മടുത്തു. സാമ്പത്തികവും രാഷ്ട്രീയ സ്വധീനവും ഉള്ളവര്‍ക്ക് കായല്‍ വരെ നികത്താന്‍ അനുമതി നല്‍കുമ്പോഴാണ് നിര്‍ധന കുടുംബത്തോട് അധികൃതരുടെ ക്രൂരത.
Next Story

RELATED STORIES

Share it