നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ പ്രഫ. സുശീല്‍ ഖന്നയുടെയും ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെയും നിര്‍ദേശമുണ്ടെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ഈ രണ്ടു നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. വിശദമായ ആലോചനകള്‍ക്കുശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
കെഎസ്ആര്‍ടിസിക്ക് ബാങ്ക് കണ്‍സോര്‍ഷ്യം 3,100 കോടി രൂപ വായ്പ നല്‍കുന്നതോടെ 40 ശതമാനം പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും. ഏപ്രില്‍ മൂന്നാം തിയ്യതി മുതല്‍ വായ്പാ തുക ലഭ്യമാവും. കടക്കെണിയില്‍ നിന്ന് കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ പ്രഫ. സുശീല്‍ഖന്നയെ നിയോഗിച്ചത്. അദ്ദേഹം മുന്നോട്ടുവച്ച പ്രാഥമിക നിര്‍ദേശങ്ങള്‍ ഒന്നുംതന്നെ നടപ്പാക്കാന്‍ വകുപ്പിന് സാധിച്ചിരുന്നില്ല. കോര്‍പറേഷനെ മൂന്ന് മേഖലകളായി തിരിക്കുക, തലപ്പത്ത് മാനേജ്‌മെന്റ് വിദഗ്ധരെ നിയമിക്കുക, പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കുക, പെന്‍ഷന്‍പ്രായം ഉയര്‍ത്തുക, ജീവനക്കാരും ബസ്സും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയിലേക്ക് കുറയ്ക്കുക തുടങ്ങിയവയാണ് സുപ്രധാന നിര്‍ദേശങ്ങള്‍.
അതേസമയം, കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരില്‍ ചിലര്‍ സഹകരണ ബാങ്കുകളെ കബളിപ്പിച്ച് ഇരട്ടി പെന്‍ഷന്‍ വാങ്ങിയതായി ആരോപണമുണ്ട്. ഒന്നിലധികം സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയാണ് പെന്‍ഷന്‍ രേഖകള്‍ ഹാജരാക്കി കുടിശ്ശിക കൈപ്പറ്റിയത്. മരിച്ചവരുടെ പേരിലും പെന്‍ഷന്‍ പിന്‍വലിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രണ്ട് ഗഡുക്കളായി നല്‍കിയ 20,000 രൂപ വീണ്ടും വാങ്ങിയവരുമുണ്ട്.  അധികതുക വാങ്ങിയവരില്‍ നിന്നു തിരിച്ചുപിടിച്ച് ക്രമക്കേട് തടയാനുള്ള ഇടപെടലുകള്‍ പുരോഗമിക്കകയാണ്.
Next Story

RELATED STORIES

Share it