നിര്‍ദിഷ്ട കപ്പല്‍പ്പാത മല്‍സ്യമേഖലയ്ക്കു തിരിച്ചടി

തിരുവനന്തപുരം: ഗുജറാത്തിലെ കച്ച് മുതല്‍ കന്യാകുമാരി വരെയുള്ള കടലില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കപ്പല്‍പ്പാത പദ്ധതി മല്‍സ്യമേഖലയ്ക്കു തിരിച്ചടിയാവുമെന്ന് ആശങ്ക. കരയില്‍നിന്നു 15 നോട്ടിക്കല്‍ മൈല്‍ കഴിഞ്ഞുള്ള കടലില്‍ 20 നോട്ടിക്കല്‍ മൈല്‍ (37.5 കിലോമീറ്റര്‍) വീതിയിലാണ് കപ്പല്‍പ്പാത വരുന്നത്.
കടലില്‍ അടിക്കടി ഉണ്ടാവുന്ന ബോട്ടപകടങ്ങളുടെ പേരുപറഞ്ഞാണ് പുതുതായി കപ്പല്‍പ്പാതയ്ക്കു രൂപം നല്‍കുന്നത്. മല്‍സ്യസമ്പത്ത് ഏറെ കാണപ്പെടുന്നതും വള്ളങ്ങളും ബോട്ടുകളും പണിയെടുക്കുന്ന ഇടവുമാണ് ഇപ്പോള്‍ കപ്പല്‍ ചാലിനായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. തീരക്കടലില്‍ മല്‍സ്യസമ്പത്ത് തീരെ കുറവായതിനാല്‍ ആഴക്കടലില്‍ പോയി മീന്‍പിടിക്കാന്‍ മല്‍സ്യത്തൊഴിലാളികള്‍ നിര്‍ബന്ധിതരാവും.
നിലവിലുള്ള അന്താരാഷ്ട്ര സമുദ്രനിയമപ്രകാരം ഒരു നിശ്ചിതപാതയിലൂടെ വിദേശത്തെയും സ്വദേശത്തെയും കപ്പലുകള്‍ക്ക് സഞ്ചരിക്കാം. എന്നാല്‍, മല്‍സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ക്കോ ബോട്ടുകള്‍ക്കോ ബുദ്ധിമുട്ടുണ്ടാവാതെ വേണം കപ്പല്‍ കടന്നുപോവേണ്ടത്. യാത്രാമധ്യേ കടല്‍വിഭവങ്ങള്‍ കവര്‍ന്നെടുക്കാനും പാടില്ല.
കപ്പല്‍ കടന്നുപോവുന്ന സഞ്ചാരപഥവും യാത്രാവിവരങ്ങളും ഓരോ സംസ്ഥാനത്തെയും ഷിപ്പിങ് ആന്റ് ലൈറ്റ്—ഹൗസ് അധികൃതരെയും പോര്‍ട്ട് ട്രസ്റ്റിനെയും അറിയിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കടലില്‍ കപ്പലിടിച്ചുള്ള അപകടം ഉണ്ടായാല്‍ ഷിപ്പിങ് ആന്റ് ലൈറ്റ്—ഹൗസില്‍ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് —ഐഡന്റിഫിക്കേഷന്‍ സിസ്റ്റത്തില്‍ രേഖപ്പെടുത്തും. അതിലൂടെ കപ്പലിനെ ഉടന്‍ തിരിച്ചറിയാനും കഴിയും.
പലപ്പോഴും ഈ വിവരം ഷിപ്പിങ് ആന്റ്് ലൈറ്റ്—ഹൗസ് അധികൃതര്‍ മറച്ചുവയ്ക്കാറാണു പതിവ്. മല്‍സ്യത്തൊഴിലാളികളോടോ മല്‍സ്യത്തൊഴിലാളി സംഘടനകളോടോ ചര്‍ച്ചചെയ്യാതെയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനവുമായി വന്നിരിക്കുന്നതെന്ന് നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ടി പീറ്റര്‍ പറഞ്ഞു. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ മല്‍സ്യത്തൊഴിലാളികള്‍ പ്രക്ഷോഭം നടത്തുമെന്നും പീറ്റര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it