നിരോധിത സാറ്റലൈറ്റ് ഫോണുമായി യുഎസ് പൗരന്‍ പിടിയില്‍

നെടുമ്പാശ്ശേരി: നിരോധിത സാറ്റലൈറ്റ് ഫോണുമായി അമേരിക്കന്‍ പൗരന്‍ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ സിഐഎസ്എഫിന്റെ പിടിയിലായി. കാസിലൂട്ട സ്വദേശി ഡാനിയല്‍ മോട്ടല്‍ (47) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ട് 7.30ന് കൊച്ചിയില്‍നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയിലേക്കു പോകാന്‍ എത്തിയപ്പോഴാണ് പിടിയിലായത്.

കഴിഞ്ഞ 11നാണ് ഇയാള്‍ ഭാര്യയുമായി ടൂറിസ്റ്റ് വിസയില്‍ കൊച്ചിയിലെത്തിയത്. മൂന്നാര്‍, കുമരകം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയിലേക്ക് തിരികെ മടങ്ങാനെത്തിയപ്പോഴായിരുന്നു ഇയാള്‍ പിടിയിലായത്. കൊച്ചിയിലേക്ക് വരുമ്പോള്‍ ഇയാളുടെ കൈവശം സാറ്റലൈറ്റ് ഫോണ്‍ കണ്ടെത്താന്‍ സിഐഎസ്എഫിന് കഴിഞ്ഞിരുന്നില്ല. ഇത്തരം ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. ഇതിലൂടെ സംസാരിച്ചാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനാവില്ലത്രെ. കഴിഞ്ഞ മാര്‍ച്ച് ആറിനും ജനുവരി ഏഴിനും സമാനമായ കേസില്‍ നെടുമ്പാശ്ശേരി പോലിസ് കേസെടുത്തിരുന്നു. സൗദി പൗരനും സ്വീഡന്‍ പൗരനുമാണ് അന്ന് അറസ്റ്റിലായത്.
സൗദി പൗരന് ഒന്നര മാസത്തിന് ശേഷമാണ് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍, സ്വീഡന്‍ പൗരന് അടുത്ത ദിവസം തന്നെ കോടതി ജാമ്യം അനുവദിച്ചു. സ്വീഡനില്‍ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനമില്ലെന്നും ഇന്ത്യയില്‍ നിരോധനമുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും ഇയാള്‍ കോടതിയെ ബോധ്യപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വേഗത്തില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്.ഡാനിയേല്‍ മോട്ടലിനെതിരേ ടെലിഗ്രാഫിക് ആക്ട് പ്രകാരം കേസെടുത്തതായി സിഐ വി എസ് ഷിജു അറിയിച്ചു.
Next Story

RELATED STORIES

Share it