malappuram local

നിരോധിത ലഹരിഉല്‍പന്നങ്ങള്‍ വിപണിയില്‍ സുലഭം

തിരൂര്‍: വില്‍പ്പന നടത്തിയതിന് പിടിക്കപ്പെട്ടാലും കടുത്ത ശിക്ഷയില്ലാത്തതിനാല്‍ വിപണിയില്‍ പാന്‍ ഉല്‍പ്പന്നങ്ങള്‍ സുലഭം. കേരളത്തില്‍ വില്‍പ്പനയ്ക്കു വിലക്കുള്ള ഹാന്‍സ്, പാന്‍പരാഗ്, തുടങ്ങിയ വിവിധയിനം പാന്‍ ഉല്‍പ്പന്നങ്ങളാണ് വിപണി കീഴടക്കിയിരിക്കുന്നത്.
കുറഞ്ഞ മുതല്‍മുടക്കില്‍ വലിയ ലാഭം കൊയ്യാമെന്നതാണ് വ്യാപാരികളെ ഈ കച്ചവടത്തിനു പ്രേരിപ്പിക്കുന്നത്. മൂന്നു രൂപ മുതല്‍ അഞ്ചു രൂപവരെയുള്ള പായ്ക്കറ്റൊന്നിന് 20 മുതല്‍ 30 രൂപ വരെ വില ഈടാക്കിയാണ് വില്‍പ്പന. ഒരു പായ്ക്കറ്റില്‍ മാത്രം 15 മുതല്‍ 25 വരെ രൂപ ലാഭം നേടാനാവും. അതിനാല്‍ പെട്ടിക്കടകളില്‍ വരെ പാന്‍ ഉല്‍പ്പന്നങ്ങള്‍സുലഭമായി ലഭിക്കുന്നുണ്ട്. കടകളില്‍ വളരെ രഹസ്യമായാണ് ഇവ സൂക്ഷിക്കുന്നത്. അപരിചിതര്‍ക്ക് കടകളില്‍ നിന്നു ഇവ നല്‍കില്ല. സ്ഥിരമായി വാങ്ങുന്നവര്‍ക്കു മാത്രമായി പാന്‍ ഉല്‍പ്പന്നങ്ങളുടെകച്ചവടം പരിമിതപ്പെടുത്തിയിരിക്കുന്നു. തിരൂര്‍, കുറ്റിപ്പുറം ടൗണുകള്‍ കേന്ദ്രീകരിച്ചാണ് ഇവയുടെ മൊത്ത വില്‍പ്പന.
തീവണ്ടി മാര്‍ഗം തമിഴ്‌നാട്ടില്‍ നിന്നാണ് ഇവ പ്രധാനമായും ഇവിടങ്ങളിലെത്തുന്നത്. ചാക്കുകളില്‍ ഭദ്രമായി കെട്ടി വരുന്ന പാന്‍ ഉല്‍പ്പന്നങ്ങള്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്നതിന് മുമ്പ് പാളത്തിലേക്ക് തട്ടുകയും ഏജന്റുമാരുടെ ജോലിക്കാര്‍ അവ ശേഖരിച്ച് രഹസ്യ ഗോഡൗണുകളില്‍ എത്തിക്കുകയുമാണു പതിവ്.
അവിടെ നിന്നാണ് ചെറുകിട കച്ചവടക്കാര്‍ ഇവ വാങ്ങുന്നത്. എക്‌സൈസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പലപ്പോഴും പാന്‍ ഉല്‍പ്പന്നങ്ങള്‍ കടകളില്‍നിന്ന് പിടിച്ചെടുത്ത് പിഴ ഈടാക്കാറുണ്ടെങ്കിലും ചെറുകിട കച്ചവടക്കാര്‍ മാത്രമാണ് ഇരകള്‍. ലോഡുകണക്കിനു സൂക്ഷിച്ച കടകളോ മൊത്ത വിതരണകേന്ദ്രങ്ങളോ പരിശോധനയില്‍ പിടിക്കപ്പെടാറില്ല.
അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നു ഏജന്റുമാര്‍ പിടിക്കപ്പെടാറുണ്ടെങ്കിലും അവയുടെ ഉടമസ്ഥരാണെങ്കിലോ പിഴയടച്ചു രക്ഷപ്പെടുകയാണു പതിവ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയിലാണ് മൊത്തവ്യാപാരികള്‍ പ്രവത്തിക്കുന്നതെന്ന ആരോപണവുമുണ്ട്.—പിടിക്കപ്പെടുന്ന ചെറുകിട കച്ചവടക്കാരില്‍നിന്നു ആയിരക്കണക്കിന് രൂപ രസീത് നല്‍കാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്നതായും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it