ernakulam local

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി



കൊച്ചി: നഗരത്തിലെ ബസ്, ലോറി, ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ എത്തിച്ച നിരോധിത പുകയില ഉല്‍പനങ്ങളുമായി ഒരാളെ കൊച്ചി സിറ്റി ഷാഡോ പോലിസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശി ഷെഹാബാസ്ഖാന്‍ (24) ആണ് പോലിസ് പിടിയിലായത്. കടവന്ത്ര കമ്മിട്ടിപാടത്തുള്ള ഇയാളുടെ രഹസ്യ ഗോഡൗണില്‍ നിന്നും ചാക്കുകളില്‍ കെട്ടിവെച്ച നിലയില്‍ അയ്യായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളും പത്ത് ഗ്രാമോളം കഞ്ചാവും പിടികൂടി. ദീപാവലി പ്രമാണിച്ചുള്ള വന്‍ കച്ചവടം ലക്ഷ്യമിട്ടാണ് കഞ്ചാവിന് അടിമയായ ഇയാള്‍ ടെക്‌സ്‌റ്റൈല്‍ വ്യാപാരത്തിന്റെ മറവില്‍ മംഗലാപുരത്ത് നിന്നും സ്റ്റോക്ക് എത്തിച്ചത്.മുപ്പത് എണ്ണം അടങ്ങിയ ഒരു പാക്കറ്റ് നിരോധിത പുകയില ഉല്‍പനമായ ഹാന്‍സ് ഇയാള്‍ ആയിരം രൂപയ്ക്കായിരുന്നു ബസ്, ലോറി, ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ വിറ്റത്. ചില സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ഉപയോഗത്തിന് ആവശ്യമായ ലഹരി വസ്തുകള്‍ മൊത്തമായി ഇയാള്‍ എത്തിച്ച് നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ ജി ഡി വിജയകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സിറ്റി പോലിസ് കമ്മീഷണര്‍ എംപി ദിനേശിന്റെ നിര്‍ദേശ പ്രകാരം ഇയാളുടെ താമസ, വിതരണ സ്ഥലങ്ങള്‍ തുടര്‍ച്ചയായി ഷാഡോ സംഘം നിരീക്ഷിച്ച് വരുകയായിരുന്നു. ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഷാഡോ എസ്‌ഐ ഹണി കെ ദാസ്, കടവന്ത്ര എസ്‌ഐ വിജയശങ്കര്‍, സിപിഒമാരായ ജയരാജ്, രജ്ഞിത്ത്, അനില്‍, സുനില്‍, ഷൈമോന്‍, ഷാജിമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it