kannur local

നിരോധിത പുകയില ഉല്‍പന വില്‍പ്പന സജീവം

ഉരുവച്ചാല്‍: നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കര്‍ണാടകയില്‍ നിന്ന് ട്രെയിന്‍ വഴി ജില്ലയിലെത്തുന്നു. മംഗലാപുരത്ത് നിന്നും ട്രെയിനുകളില്‍ കടകളിലേക്ക് പലചരക്ക് സാധനങ്ങള്‍ എത്തിക്കുന്ന ചിലരാണ് ഇനം മാറ്റി പാന്‍ മസാലയും കടത്തുന്നത്.
കണ്ണൂര്‍ ജില്ലയിലെ മിക്ക സ്ഥലങ്ങളിലും പാന്‍ മസാല വില്‍പന തകൃതിയായി നടക്കുന്നുണ്ട്. നിരോധനത്തിന്റെ മറവില്‍ വന്‍ വില ഈടാക്കി രഹസ്യ വില്‍പനയാണ് കച്ചവടക്കാര്‍ നടത്തുന്നത്. പോലിസും, ആരോഗ്യ വകുപ്പും, എക്‌സൈസും വേണ്ടതുപോലെ പരിശോധന നടത്താത്തതാണ് വില്‍പന സജീവമായി നടക്കാന്‍ കാരണമാവുന്നത്.
ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരം ലഭിക്കുമ്പോഴാണ് പരിശോധന നടത്തുക. സ്ഥിരം ആവശ്യക്കാര്‍ക്കു മാത്രമണ് കച്ചവടക്കാര്‍ പുകയിലഉല്‍പന്നം വില്‍ക്കുക. ഓരോ പാന്‍ ഉല്‍പന്നങ്ങള്‍ക്കും പ്രത്യേകം കോഡുകളുണ്ട്. പിടിക്കപ്പെടുന്നതിനാല്‍ പുതുമുഖക്കാര്‍ ആവശ്യപ്പെട്ടാല്‍ നല്‍കില്ല. ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രധാന ഉപഭോക്താക്കള്‍. ഇവര്‍ തന്നെ നാട്ടില്‍പോയി വരുമ്പോള്‍ നിരവധി പുകയിലഉല്‍പന്നവുമായാണ് വരിക.
കഴിഞ്ഞ ദിവസം മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിലെ എസ്-വണ്‍ കോച്ചില്‍ നിന്ന് ആയിരത്തോളം പായ്ക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയിരുന്നു. സീറ്റിനടിയില്‍ ഹാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
ട്രെയിന്‍ വഴി പുകയില ഉല്‍പന്നങ്ങളും മദ്യവും കടത്തുന്നത് വ്യാപകമായതിനെ തുടര്‍ന്ന് റെയില്‍വേ പോലിസ് പരിശോധന കര്‍ശനമാക്കിയപ്പോഴായിരുന്നു ആളില്ലാത്ത പുകയില ശേഖരം പിടികൂടിയത്.
Next Story

RELATED STORIES

Share it