palakkad local

നിരോധിച്ച കീടനാശിനികള്‍ ഉപയോഗിക്കുന്നത് തടയണമെന്ന് ; കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പദ്ധതി രൂപരേഖ: ജില്ലയ്ക്കായി കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കും



പാലക്കാട്:കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കാര്‍ഷിക കലണ്ടര്‍ ജൂണില്‍ തന്നെ തയ്യാറാക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് രണ്ടാം വിള ഇറക്കാന്‍ കഴിയാതിരുന്ന സാഹചര്യം ഭാവിയില്‍ ഒഴിവാക്കുന്നതിനായി മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന എംഎല്‍എമാരുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എംപി-എംഎല്‍എമാര്‍ ജലസേചനം-കൃഷി - ജല അതോറിറ്റി, കര്‍ഷക സംഘടനകള്‍ എന്നിവരുടെ യോഗം ഉടന്‍ വിളിച്ച് ചേര്‍ത്ത് കലണ്ടര്‍ തയ്യാറാക്കുമെന്ന് യോഗത്തില്‍ അധ്യക്ഷനായ എഡിഎം എസ് വിജയന്‍ അറിയിച്ചു. വിളയിറക്കേണ്ട സമയം, വിത്തുകള്‍, ആവശ്യമായ വെള്ളമെത്തിക്കാനുള്ള സംവിധാനങ്ങള്‍, ഉപയോഗിക്കേണ്ട ജൈവ കീടനാശിനികള്‍ എന്നിവ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് കലണ്ടര്‍ തയ്യാറാക്കുക.കെ വി വിജയദാസ് എംഎല്‍എയാണ് ആശയം അവതരിപ്പിച്ചത്. കൃഷിയിടങ്ങളില്‍ വിളകള്‍ നശിപ്പിക്കാന്‍ നിരോധിച്ച കീടനാശിനികള്‍ ഉപയോഗിക്കുന്നത് തടയണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.  പാടശേഖര സമിതികള്‍ക്ക് ഇതു സംബന്ധിച്ച് ബോധവത്കരണം നല്‍കാനും തീരുമാനിച്ചു. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കാത്തതുകൊണ്ട് കര്‍ഷകര്‍ക്ക് ഫസല്‍ ബീമാ യോജനയിലെ ഇന്‍ഷൂറന്‍സ് ലഭിക്കാത്തത്  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അന്വേഷിച്ച് റിപോര്‍ട്ട് നല്‍കും. നിലവിലുള്ള 36 കൃഷി ഓഫിസര്‍മാരുടെയും  ഒഴിവുകളിലേയ്ക്ക്  ഉടന്‍ നിയമനം നടത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്ന കെ കൃഷ്ണന്‍കുട്ടി എംഎല്‍എയുടെ പ്രമേയം യോഗം അംഗീകരിച്ചു.തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട 64 കോടി കേന്ദ്ര സര്‍ക്കാറില്‍ നിന്നും ലഭ്യമാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന് കാണിച്ച് പി കെ ബിജു എം പി സമര്‍പ്പിച്ച പ്രമേയവും യോഗം അംഗീകരിച്ചു. പട്ടികജാതി-വര്‍ഗ കോളനികളില്‍ മെഡിക്കല്‍ കാംപ് നടത്തണമെന്നും ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാകാനുള്ള രണ്ട് കോടിയും നെല്ല് സംഭരണ കുടിശ്ശികയും ലഭ്യമാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.വരള്‍ച്ചമൂലം രണ്ടാം വിളയിറക്കരുതെന്ന നിര്‍ദേശത്തെതുടര്‍ന്ന് കൃഷിയിറക്കാതിരുന്നവര്‍ക്ക് ഒരു ഹെക്ടറിന് 6,000 രൂപ വീതവും സൗജന്യമായി വിത്തും നല്‍കും. ഈ ആവശ്യമുന്നയിച്ച് കെ കൃഷ്ണന്‍കുട്ടി എംഎല്‍എ കഴിഞ്ഞ വര്‍ഷത്തെ ജില്ലാ വികസന സമിതി യോഗത്തില്‍ ഉന്നയിച്ച ആവശ്യത്തെതുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ജ്യോതി, മറ്റ് ഇനങ്ങളിലായി 1100 ടണ്‍ നെല്‍വിത്ത് വിതരണം പൂര്‍ത്തിയാക്കിയതായും  ആവശ്യത്തിന് ഉമ വിത്ത് സ്റ്റോക്കുള്ളതായും പ്രിന്‍സിപ്പല്‍  കൃഷി ഓഫീസര്‍ അറിയിച്ചു. ചിറ്റൂര്‍-കൊഴിഞ്ഞാമ്പാറ മേഖലകളില്‍ 25.4 ടണ്‍ ‘ കാഞ്ചന’ വിത്തുകള്‍ വിതരണം ചെയ്തിട്ടുണ്ട്.യോഗത്തില്‍ എംഎല്‍.എമാരായ കെ കൃഷ്ണന്‍കുട്ടി , കെ വി വിജയദാസ്, കെ ഡി പ്രസേനന്‍, കെ ബാബു, വി റ്റി ബല്‍റാം, എം പിമാരായ  പികെ ബിജു, എം ബി രാജേഷ്, മന്ത്രി എ കെ ബാലന്റെ പ്രതിനിധി പി.അനീഷ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍,  ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it