kozhikode local

നിരോധനാജ്ഞ: കൊടുവള്ളിയില്‍ കൊട്ടിക്കലാശം നടന്നില്ല

കൊടുവള്ളി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം കൊടുവള്ളിയില്‍ നടന്നില്ല. ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് കൊട്ടിക്കലാശം ഒഴിവായത്. കഴിഞ്ഞ ദിവസം പോലിസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൊട്ടിക്കലാശമൊഴിവാക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് പ്രകാരം ജനങ്ങള്‍ സംഘം ചേരുന്നതിനും ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തുന്നതിനും പോലിസ് നിയന്ത്രണമേര്‍പ്പെടുത്തി.
പോലിസ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വാഹന ഗതാഗതം മുടങ്ങാതിരിക്കാനും കൊട്ടിക്കലാശമൊഴിവാക്കാനും ശക്തമായ പോലിസ് സന്നാഹമേര്‍പ്പെടുത്തിയിരുന്നു. താമരശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, കൊടുവള്ളി സിഐ എ പ്രേംജിത്ത്, എന്നിവര്‍ ക്രമസമാധാന പാലനത്തിന് നേതൃത്വം നല്‍കി.
പോലിസിനെ സഹായിക്കാന്‍ കേന്ദ്ര സേനയും കൊടുവള്ളിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. വൈകീട്ട് 3 മണിയോടെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ വേനല്‍മഴ പെയ്തിരുന്നു. മഴ വക വെക്കാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊടുവള്ളിയിലെത്തിയെങ്കിലും പോലിസ് തിരിച്ചയക്കുകയായിരുന്നു. കൊട്ടിക്കലാശം കാണാന്‍ നിരവധി പേര്‍ കൊടുവള്ളിയിലെത്തിയിരുന്നു.
Next Story

RELATED STORIES

Share it