Flash News

നിരോധനത്തിലൂടെ ആശയത്തെ ഇല്ലാതാക്കാനാവില്ല ; സംഘടനകളെ നിരോധിക്കുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ല: കോടിയേരി



കോഴിക്കോട്: ഏതെങ്കിലും സംഘടനയെ നിരോധിക്കുന്നതിനോട് സിപിഎമ്മിന് യോജിക്കാന്‍ സാധിക്കില്ലെന്നും സംഘടനകളെ നിരോധിക്കുന്നതിലൂടെ അവരുയര്‍ത്തുന്ന ആശയത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍.കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനകളെ നിരോധിക്കല്‍ തങ്ങളുടെ നയമല്ല. നിരോധനത്തിലൂടെ ഒരു പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്നത് തെറ്റായ ധാരണയാണ്. തെറ്റായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളെ രാഷ്ട്രീയമായും ഭരണപരമായുമാണ് പ്രതിരോധിക്കേണ്ടത്. ആശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്നതുകൊണ്ട് അത് ഇല്ലാതാവുകയില്ലെന്നതു കാലം തെളിയിച്ചതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രണ്ടു പ്രാവശ്യം നിരോധിച്ചിട്ടുണ്ട്. എന്നിട്ടത് ഇല്ലാതായിട്ടില്ല. ആശയത്തെ നിരോധനം വഴി നേരിടുകയെന്നതു പ്രായോഗികമല്ലെന്നും കോടിയേരി പറഞ്ഞു.വേങ്ങരയില്‍ പ്രചാരണം ശക്തിപ്പെടുത്താനും പാര്‍ട്ടിയുടെ വിവിധ തലത്തിലെ നേതാക്കള്‍ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ അവിടെ നിന്നു പ്രവര്‍ത്തിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. വേങ്ങര തിരഞ്ഞെടുപ്പിനുശേഷം എല്‍ഡിഎഫ് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി അംഗം പി മോഹനനും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.ബിഡിജെഎസുമായി യാതൊരു തരത്തിലുള്ള സഖ്യത്തിനും പാര്‍ട്ടിയില്ലെന്നു കോടിയേരി പറഞ്ഞു. ആര്‍എസ്എസ് മുന്‍കൈയെടുത്തു രൂപീകരിച്ച സംഘടനയാണ് ബിഡിജെഎസ്. അങ്ങനെ ഒരു പാര്‍ട്ടിയുമായി സിപിഎമ്മിന് ഒരുകാലത്തും സഹകരിക്കാനാവില്ലെന്നും ബിഡിജെഎസ് അടിയന്തരമായി പിരിച്ചുവിട്ട് പ്രവര്‍ത്തകര്‍ എസ്എന്‍ഡിപിയിലേക്ക് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വളര്‍ന്നുവരുന്ന വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം മാത്രം ശ്രമിച്ചാല്‍ നടക്കില്ല. സമാന ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്ന സംഘടനകളും കൂട്ടായ്മകളും മുന്നോട്ടുവരണം. ഇതിനെതിരേ ആരുമായും സഹകരിക്കാന്‍ സിപിഎം തയ്യാറാണ്. കേരളത്തിലെ ഇടതുപക്ഷ മനസ്സ് കീഴ്‌പ്പെടുത്താന്‍ വര്‍ഗീയ ശക്തികള്‍ക്കാവില്ല. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ആര്‍എസ്എസ് വിചാരിക്കേണ്ട. കേരളത്തില്‍ കുഴപ്പമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്ത് വര്‍ഗീയതയ്‌ക്കെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. സിപിഎം പോളിറ്റ് ബ്യൂറോ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഈ മാസം ഒമ്പതിന് വൈകീട്ട് ജില്ലാ കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്മകള്‍ സംഘടിപ്പിക്കും.
Next Story

RELATED STORIES

Share it