Flash News

നിരോധനത്തിനെതിരേ ജാര്‍ഖണ്ഡില്‍ ജനകീയ കണ്‍വന്‍ഷന്‍

നിരോധനത്തിനെതിരേ ജാര്‍ഖണ്ഡില്‍ ജനകീയ കണ്‍വന്‍ഷന്‍
X
റാഞ്ചി: ജാര്‍ഖണ്ഡിലെ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ജനകീയ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ജനാധിപത്യവിരുദ്ധമായി 16 സംഘടനകളെ നിരോധിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസിന്റെ നേതൃത്വത്തിലാണ് ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള ജനകീയ കണ്‍വന്‍ഷന്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിക്കപ്പട്ടതിന് ശേഷം അതിനെതിരേ നടക്കുന്ന ആദ്യത്തെ പരസ്യ പ്രതിഷേധം കൂടിയായി പരിപാടി മാറി.

എജെപി ജനറല്‍ സെക്രട്ടറി ജസ്റ്റിസ് കോല്‍സെ പാട്ടീലിന്റെ അധ്യക്ഷതയില്‍ നടന്ന കണ്‍വന്‍ഷന്‍ റാഞ്ചി പ്രഖ്യാപനം എന്ന പേരില്‍ അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു. സംസ്ഥാനത്തെ ആദിവാസികള്‍, ദലിതുകള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവരുടെ ശബ്ദമായി മാറിയ പോപുലര്‍ ഫ്രണ്ട്, എംഎസ്എസ് തുടങ്ങിയ 16ഓളം സംഘടനകളുടെ നിരോധനം പിന്‍വലിക്കണമെന്ന് കണ്‍വന്‍ഷന്‍ ഏകകണ്ഠമായി ആവശ്യപ്പെട്ടു. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശം ഉപയോഗിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആയിരക്കണക്കിന് ആളുകളെ വിട്ടയക്കണം. പശുവിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട കൊലകള്‍ നടന്ന സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. എന്നാല്‍, ഇരകള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭിക്കുകയോ കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുകയോ ചെയ്തിട്ടില്ല. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുകയും ചെയ്യണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

ധാതുസമ്പത്തില്‍ ഏറ്റവും ധനികമാണ് ജാര്‍ഖണ്ഡ് സംസ്ഥാനമെങ്കിലും സംസ്ഥാനത്തെ ജനങ്ങള്‍ ഇപ്പോഴും കൊടിയ ദാരിദ്ര്യത്തിലാണ്. ജനങ്ങള്‍ക്ക് ധാതു സമ്പത്തിന്റെ വിഹിതം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, കുത്തകകള്‍ക്കും ഖനി മാഫിയകള്‍ക്കും വേണ്ടി ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുകയും ചെയ്യുന്നു. ആദിവാസികളെ അവരുടെ വാസസ്ഥലത്ത് തന്നെ പുരധിവസിക്കപ്പെണമെന്നുംആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഗോത്രവര്‍ഗ വിഭാഗങ്ങളുടെ സാംസ്‌കാരികവും ഭാഷാപരവും മതപരവും പരമ്പരാഗതവുമായ സ്വത്വം സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആദിവാസികളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ജാതികളുടെയും കൃത്യമായ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it