Most commented

നിരോധനം ലംഘിച്ച് മുംബൈയില്‍ മാംസ വില്‍പ്പനയുമായി ശിവസേനയും എം.എന്‍.എസും

ജയ്പൂര്‍/മുംബൈ: ജൈനമതക്കാരുടേതടക്കമുള്ള ഉല്‍സവങ്ങള്‍ കണക്കിലെടുത്ത് രാജസ്ഥാനില്‍ മൂന്നുദിവസം ഇറച്ചിവില്‍പ്പന നിരോധിച്ചു. ഈ മാസം 17, 18, 27 തിയ്യതികളിലാണു നിരോധനം. മുംബൈയിലെ ഇറച്ചി നിരോധനം വിവാദമായിരിക്കെയാണ് രാജസ്ഥാനിലും വി ലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മുനിസിപ്പാലിറ്റികള്‍ക്കും സര്‍ക്കാര്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
അതേസമയം, മുംബൈയി ല്‍ നാലുദിവസം ജൈനമതക്കാരുടെ പാര്യൂഷന്‍ ഉല്‍സവകാലത്ത് ഇറച്ചിവില്‍പ്പന നിരോധിച്ച ബ്രിഹാന്‍ മുംബൈ മുനിസിപ്പ ല്‍ കോര്‍പറേഷന്റെ നടപടിയി ല്‍ ബോംബെ ഹൈക്കോടതി രോഷം പ്രകടിപ്പിച്ചു. മുംബൈ പോലുള്ള മെട്രോപൊളിറ്റന്‍ നഗരത്തില്‍ ഇറച്ചിനിരോധനം അപ്രായോഗികമാണെന്ന് ജസ്റ്റിസ് അനൂപ് മോഹ്്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. വിഷയത്തില്‍ പ്രതികരണമാരാഞ്ഞ് സംസ്ഥാന സര്‍ക്കാരിനും ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനും കോടതി നോട്ടീസയച്ചു.
കോര്‍പറേഷന്‍ ഉത്തരവിനെതിരേ ബോംബെ മട്ടന്‍ ഡീലേഴ്‌സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്.ഇപ്പോള്‍ വിപണിയിലുള്ള പാക്ക് ചെയ്ത ഇറച്ചിയുടെ കാര്യത്തില്‍ എന്താണ് തീരുമാനമെന്ന് കോടതി ചോദിച്ചു. മൃഗങ്ങളെ പരസ്യമായി അറുത്ത് കടകളില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് ജൈനസമുദായത്തിന് പ്രശ്‌നമെങ്കില്‍ അതിനെതിരേ ഉത്തരവു പുറപ്പെടുവിക്കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ കോടതി ഇന്നു വാദം കേള്‍ക്കും. ഹ്രസ്വസത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും കോര്‍പറേഷനും നിര്‍ദേശം നല്‍കി. ഏതു നിയമപ്രകാരമാണ് നിരോധനമെന്ന് അറിയാനും കോര്‍പറേഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറച്ചി നിരോധനം ഭരണഘടനാവിരുദ്ധമാണെന്നും അത് ഒരുവിഭാഗം ആളുകളുടെ ഉപജീവനത്തെ ബാധിക്കുമെന്നുമാണ് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തിനും നിരോധനം എതിരാണെന്ന് ഹരജിയില്‍ പറഞ്ഞു. എന്നാല്‍ മാംസവില്‍പ്പന നിരോധനത്തിനെതിരേ മും ബൈയില്‍ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തിരക്കേറിയ ദാദറില്‍ മാംസവില്‍പ്പനസ്റ്റാ ള്‍ സ്ഥാപിച്ചാണു പ്രതിഷേധിച്ചത്. ശിവസേനാ പ്രവര്‍ത്തകര്‍ മാംസ വില്‍പ്പന നിരോധനം പ്രഖ്യാപിക്കുന്ന കോര്‍പറേഷന്റെ നോട്ടീസുകളും വലിച്ചുകീറി.
ഈ മാസം 10, 13, 17, 18 തിയ്യതികളിലാണ് മുംബൈയിലും മിരദയാന്തര്‍, നവി മുംബൈ പ്രദേശങ്ങളിലും മാംസവില്‍പ്പന നിരോധിച്ചത്. വോട്ടര്‍മാരില്‍ ധ്രുവീകരണമുണ്ടാക്കാനാണ് ബി. ജെ. പി. ശ്രമമെന്നും അവര്‍ പറഞ്ഞു. മാംസവില്‍പ്പനയ്ക്കു നിരോധനമില്ലെന്ന് പാര്‍ട്ടി ഉറപ്പുവരുത്തുമെന്ന് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ദാദറിലെ മാംസവില്‍പ്പന പോലിസ് തടഞ്ഞു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.എന്നാല്‍, നിരോധനം പിന്‍വലിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് മഹാരാഷ്ട്ര നവനിര്‍മാ ണ്‍ സേനാ നേതാവ് സന്ദീപ് ദേശ്പാണ്ഡെ പറഞ്ഞു.
Next Story

RELATED STORIES

Share it