Flash News

നിരോധനം കൊണ്ട് തകര്‍ക്കാനാവില്ല

നിരോധനം കൊണ്ട് തകര്‍ക്കാനാവില്ല
X


നാസറുദ്ദീന്‍  എളമരം

രാജ്യത്ത് 17 സംസ്ഥാനങ്ങളില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുവരുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ജാര്‍ഖണ്ഡ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണ്. 1908ലെ ക്രിമിനല്‍ ഭേദഗതി നിയമപ്രകാരമാണ് നടപടി. തികഞ്ഞ മുന്‍വിധിയോടെ, രാഷ്ട്രീയമായ വേട്ടയാടലിന്റെ ഭാഗമായി സ്വീകരിച്ച നടപടിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഗ്രാമ-നഗരഭേദമെന്യേ രാജ്യത്തിന്റെ വിവിധ കോണുകളില്‍ ലക്ഷക്കണക്കിനു ബഹുജനങ്ങളാണ് പ്രതിഷേധങ്ങളില്‍ അണിചേര്‍ന്നത്. ഇതൊരു ജനകീയ മുന്നറിയിപ്പാണ്. രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങള്‍ പോപുലര്‍ ഫ്രണ്ടിന്റെ ആശയത്തെ ഹൃദയം കൊണ്ട് ഏറ്റെടുത്തതിന്റെ പച്ചയായ വിളംബരമാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഭരണകൂടങ്ങള്‍ക്ക് ഈ പ്രതിഷേധങ്ങളെ കണക്കിലെടുക്കാതെ അധികകാലം മുന്നോട്ടുപോകാനാവില്ല.
തികച്ചും ജനാധിപത്യവിരുദ്ധമായ നീക്കങ്ങളിലൂടെയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനം പ്രഖ്യാപിച്ചത്. ഫെബ്രുവരി 20ന് ജാര്‍ഖണ്ഡ് പിആര്‍ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് നിരോധന വിവരം പുറംലോകം അറിയുന്നത്. സംഘടനാ ഭാരവാഹികള്‍ക്ക് നിയമാനുസൃതം ഒരു നോട്ടീസ് നല്‍കാനുള്ള ജനാധിപത്യ മര്യാദ പോലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നതാണ് വസ്തുത. തൊട്ടടുത്ത ദിവസം സംഘടനയുടെ സംസ്ഥാന സമിതി ഓഫിസ് റെയ്ഡ് ചെയ്ത് മുദ്രവച്ച പോലിസ് പ്രവര്‍ത്തകര്‍ക്കെതിരായ പീഡനം തുടരുകയാണ്.


ഇത് അവസാനിപ്പിക്കണമെന്നും നിരോധനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സംഘടനയുടെ ദേശീയ നേതൃത്വം ജാര്‍ഖണ്ഡ് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ നിരോധനത്തിനെതിരായ നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തുകഴിഞ്ഞു. കേരളം അടക്കം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സജീവമായ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരില്‍ ഐഎസിന്റെ സ്വാധീനം വര്‍ധിച്ചുവരുന്നുവെന്ന ആരോപണമാണ് നിരോധനത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതല്ലാതെ ജാര്‍ഖണ്ഡ് സംസ്ഥാനവുമായി നേരിട്ട് ബന്ധപ്പെടുന്ന യാതൊരു കാര്യവും നിരോധനത്തിനു കാരണമായി ഉയര്‍ത്തിക്കാട്ടാനില്ലെന്നത് നടപടിക്കു പിന്നിലെ ദുഷ്ടലാക്കിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
2015 മുതലാണ് ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന ഘടകം പ്രവര്‍ത്തനം ആരംഭിച്ചത്. മൂന്നു വര്‍ഷം കൊണ്ട്, സംസ്ഥാനം ഭരിക്കുന്ന ഹിന്ദുത്വ ഭരണകൂടം രാഷ്ട്രീയമായി അസ്വസ്ഥമാവുന്ന സാഹചര്യത്തിലേക്ക് പോപുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യം നയിച്ചുവെന്നതാണ് നിരോധനത്തിനുള്ള യഥാര്‍ഥ കാരണം. പോപുലര്‍ ഫ്രണ്ട് അവിടെ നടത്തിയ സാമൂഹിക ഇടപെടലുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാവും. ഉറഞ്ഞുതുള്ളുന്ന ഹിന്ദുത്വ ഫാഷിസത്തിനു മുന്നില്‍ ഭീതിയോടെ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന ന്യൂനപക്ഷ സമുദായങ്ങളെ മാത്രമേ ഉത്തരേന്ത്യന്‍ സംഘപരിവാരം സമീപകാലം വരെ കണ്ടു ശീലിച്ചിരുന്നുള്ളൂ. അതിന് അവസാനം കുറിച്ച് ജാര്‍ഖണ്ഡ് ജനത തലയുയര്‍ത്തിപ്പിടിച്ച് ഫാഷിസത്തെ ചോദ്യം ചെയ്യാന്‍ തയ്യാറായി എന്നതാണ് ഹിന്ദുത്വരെ വിറളിപിടിപ്പിക്കുന്നത്.
പാക്കൂര്‍ ജില്ലയില്‍ മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷപ്രസംഗം നടത്തിയ ബിജെപി പ്രാദേശിക നേതാവ് ഹിസബി റോയിക്കെതിരേ പ്രദേശത്തെ മുസ്‌ലിംകള്‍ പരാതി നല്‍കിയത് പതിവിനു വിപരീതമായ സംഭവമായിരുന്നു. പരാതിയില്‍ നടപടി ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് പാക്കൂര്‍ പോലിസ് സ്‌റ്റേഷനിലേക്ക് പോപുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ചിനു നേരെ പോലിസ് ലാത്തി വീശുകയും സംസ്ഥാന നേതാക്കളടക്കം 43 പേരെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. ഇതോടെ ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തനത്തിന് അന്ത്യമായെന്ന് സംസ്ഥാനത്തെ മാധ്യമങ്ങള്‍ വിധിയെഴുതി. സംഘപരിവാര താല്‍പര്യവും അതായിരുന്നു.


40 പേര്‍ മോചിതരായാലും മൂന്നു പേര്‍ പുറംലോകം കാണരുതെന്ന് സംസ്ഥാന മുഖ്യമന്ത്രി എസ്പിക്ക് നേരിട്ട് നിര്‍ദേശം നല്‍കിയത് ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, പശ്ചിമ ബംഗാള്‍, ന്യൂഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭിഭാഷക സംഘത്തിന്റെ ശക്തമായ ഇടപെടലിലൂടെ മുഴുവന്‍ പേരെയും ജാമ്യത്തിലിറക്കാന്‍ പോപുലര്‍ ഫ്രണ്ടിനു സാധിച്ചു. അതിനു ശേഷം പാക്കൂര്‍ എസ്പിക്കെതിരേ പോപുലര്‍ ഫ്രണ്ട് കേസ് ഫയല്‍ ചെയ്തു. മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളില്‍ നിന്ന് സംഘപരിവാരം ഇക്കാലമത്രയും കണ്ടുശീലിച്ച രീതിയായിരുന്നില്ല ഇത്. ഒരു സാദാ കോണ്‍സ്റ്റബിളിനെതിരേ പോലും പരാതി ലഭിക്കാത്ത നാട്ടില്‍ എസ്പിക്കെതിരേ പരാതി ലഭിച്ചത് നിയമവൃത്തങ്ങളെ പോലും ഞെട്ടിച്ചു. കേസ് ഏറ്റെടുക്കാന്‍ ആരും തയ്യാറാകാത്തതിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലെ അഭിഭാഷകരെ ഉപയോഗിച്ച് പോപുലര്‍ ഫ്രണ്ട് കേസ് നടത്തിവരുകയാണ്.
പാക്കൂര്‍ ജില്ലയില്‍ സജീവമായ പോപുലര്‍ ഫ്രണ്ടിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ അതു സംസ്ഥാനത്ത് കൂടുതല്‍ സ്വാധീനം നേടുമെന്ന സംഘപരിവാര-പോലിസ് അച്ചുതണ്ടിന്റെ ഭയത്തില്‍ നിന്നുടലെടുത്ത ഗൂഢാലോചനയാണ് ഇപ്പോള്‍ നിരോധനത്തില്‍ കലാശിച്ചിരിക്കുന്നത്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ ഇക്കാലത്തിനിടയില്‍ രണ്ടു കേസുകള്‍ മാത്രമാണ് ജാര്‍ഖണ്ഡില്‍ ഉള്ളത്. അതേസമയം, വിവിധ സംഭവങ്ങളിലായി പോലിസിനെതിരേ 12 കേസുകള്‍ പോപുലര്‍ ഫ്രണ്ട് മുന്‍കൈയെടുത്തു നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്ക് തീരെ പരിചിതമല്ലാത്ത നിയമപോരാട്ടത്തിന്റെ ഭാഷയില്‍ പോപുലര്‍ ഫ്രണ്ട് സംസാരിച്ചുതുടങ്ങിയതാണ് ജാര്‍ഖണ്ഡ് പോലിസിനെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുള്ളത്. മുസ്‌ലിംകള്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ജാര്‍ഖണ്ഡില്‍ അവരുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയെ ഇല്ലാതാക്കാനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ ഭരണകൂടം കേന്ദ്രത്തില്‍ അധികാരത്തിലേറിയതു മുതല്‍ ശക്തി പ്രാപിച്ച ബീഫ് രാഷ്ട്രീയത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് ജാര്‍ഖണ്ഡ്. സംഘപരിവാരം നേതൃത്വം നല്‍കുന്ന ആള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരകളായവരുടെ മുഴുവന്‍ കുടുംബങ്ങളെയും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ നേരിട്ട് സന്ദര്‍ശിക്കുകയും നിയമസഹായം ഉറപ്പാക്കുകയും ചെയ്തിരുന്നു. ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതികള്‍ക്കെതിരായ നിയമപോരാട്ടത്തില്‍ സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ സജീവ പങ്കുവഹിച്ചുകൊണ്ടിരിക്കുകയാണ്. കലാപങ്ങളിലൂടെ ഭീതി പരത്തി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഒരു സമൂഹം ജനാധിപത്യപരവും നിയമപരവുമായ മാര്‍ഗത്തിലൂടെ ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങിയതോടെയാണ് സംഘപരിവാര കേന്ദ്രങ്ങളില്‍ അസ്വസ്ഥത ശക്തമായത്.
കഴിഞ്ഞ വര്‍ഷം സരൈകലയില്‍ നാലു നിരപരാധികള്‍ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ കേസില്‍ സാക്ഷികള്‍ കോടതിയില്‍ മൊഴി നല്‍കിയ ദിവസം തന്നെയാണ് ഒരു വാര്‍ത്താക്കുറിപ്പിലൂടെ പോപുലര്‍ ഫ്രണ്ടിനെതിരായ നിരോധനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പോപുലര്‍ ഫ്രണ്ട് നടത്തുന്ന ജനാധിപത്യ ഇടപെടലുകളും അത് ഒരു ജനതയ്ക്ക് നല്‍കുന്ന ആത്മവിശ്വാസവും ഹിന്ദുത്വ ഭരണകൂടത്തെ എത്രത്തോളം പ്രകോപിപ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ജാര്‍ഖണ്ഡിലെ നിരോധന വാര്‍ത്ത.
ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യയിലെ 17 സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിയമാനുസൃതമായി പ്രവര്‍ത്തിച്ചുവരുന്നു. താഴേത്തട്ടില്‍ വരെയുള്ള കേഡര്‍ അടിത്തറയോടെയും ജാതി-മതഭേദമെന്യേ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ പിന്തുണയോടെയുമാണ് സംഘടന പ്രവര്‍ത്തിച്ചുവരുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങളെ എക്കാലത്തും സംഘടന ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ദലിതരും ആദിവാസികളും ക്രിസ്ത്യാനികളും മുസ്‌ലിംകളുമടക്കമുള്ള ദുര്‍ബല-പിന്നാക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി ജനാധിപത്യപരവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെയാണ് സംഘടന പ്രവര്‍ത്തിച്ചുവരുന്നത്. ശാക്തീകരണം എന്നത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് വെറും മുദ്രാവാക്യം മാത്രമല്ല.
ഇന്ത്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ട് രാജ്യത്തിന്റെ അകത്തോ പുറത്തോ ഉള്ള മറ്റേതെങ്കിലും സംഘടനയുടെ ആശയം സ്വീകരിച്ചിട്ടില്ല. വിദേശത്തുള്ള സംഘടനകളുമായി യാതൊരു ബന്ധവും പോപുലര്‍ ഫ്രണ്ടിനില്ല. ഐഎസ് പോലുള്ള ദുരൂഹ സംഘടനകളുമായി ബന്ധം പാടില്ലെന്നു പ്രവര്‍ത്തകരെ നിരന്തരമായി ബോധവല്‍ക്കരിക്കുകയും ജനങ്ങള്‍ക്കിടയില്‍ ഇത്തരം സംഘടനകള്‍ക്കെതിരേ പ്രചാരണം നടത്തിവരുകയും ചെയ്യുന്നു. ഇത്തരം സംഘടനകളുടെ ആശയങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ മഹത്തായ പൈതൃകത്തിന് എതിരാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉറച്ചുവിശ്വസിക്കുന്നു. ഒരു വിഭാഗം മാധ്യമങ്ങള്‍ ഐഎസുമായി ബന്ധപ്പെടുത്തി സംഘടനയ്‌ക്കെതിരേ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുകയാണ്. എന്നാല്‍, രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിക്കും ഇത്തരം റിപോര്‍ട്ടുകളിലെ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.
ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ഹിന്ദുത്വ ഫാഷിസം കേന്ദ്രഭരണത്തിന്റെ പിന്‍ബലത്തില്‍ പോപുലര്‍ ഫ്രണ്ടിനെ അടിച്ചമര്‍ത്താന്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളുടെ പ്രതിഫലനമാണ് ജാര്‍ഖണ്ഡിലെ നിരോധനം. നിരന്തരമായ കുപ്രചാരണങ്ങളിലൂടെ ഭീതിയും തെറ്റിദ്ധാരണയും പരത്തി ജനങ്ങളെ സംഘടനയില്‍ നിന്ന് അകറ്റുകയാണ് ഒരു വിഭാഗം മാധ്യമങ്ങളുടെയും അന്വേഷണ ഏജന്‍സികളുടെയും സഹായത്തോടെ ഹിന്ദുത്വ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലത്തെ പ്രവര്‍ത്തനം കൊണ്ട് ഈ പ്രസ്ഥാനം ആര്‍ജിച്ചെടുത്ത ജനകീയാടിത്തറ ഇത്തരം ഭീതിപ്പെടലുകള്‍ക്കു മുന്നില്‍ തകരില്ലെന്നതിന്റെ തെളിവായിരുന്നു കഴിഞ്ഞ വര്‍ഷം 14 സംസ്ഥാനങ്ങളില്‍ സംഘടിപ്പിച്ച മഹാ സമ്മേളനങ്ങളുടെ വിജയം. ഇക്കഴിഞ്ഞ ഫെബ്രുവരി 17നു പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി രാജ്യവ്യാപകമായി സംഘടിപ്പിച്ച പരിപാടികളിലൂടെ ജനലക്ഷങ്ങള്‍ ഈ സംഘടനയിലുള്ള വിശ്വാസം ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിച്ചു.
തുല്യനീതി എന്ന രാജ്യത്തെ ദുര്‍ബല-പിന്നാക്ക ജനവിഭാഗത്തിന്റെ സ്വപ്‌നമാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജനകീയാടിത്തറ പ്രതിഫലിപ്പിക്കുന്നത്. അതിനു ഭീഷണിയായ ഹിന്ദുത്വ ഫാഷിസത്തിനെതിരായ ജനകീയ പ്രതിരോധമാണ് സംഘടന നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി നമ്മുടെ പൂര്‍വികര്‍ നടത്തിയ പോരാട്ടത്തിന്റെ തുടര്‍ച്ചയാണിത്. അതുകൊണ്ടുതന്നെ, നിരോധനം കൊണ്ട് ഭരണകൂടങ്ങള്‍ക്ക് ഈ ആശയത്തെ തകര്‍ക്കാന്‍ കഴിയില്ല. അത് ചുണ്ടില്‍ നിന്നു കാതുകളിലേക്കും തലമുറകളില്‍ നിന്നു തലമുറകളിലേക്കും പ്രവഹിച്ചുകൊണ്ടിരിക്കും. സവര്‍ണ ഫാഷിസത്തിന്റെ അടിച്ചമര്‍ത്തലിന് ഇരയാവുന്നവരുടെ വിമോചനം സാധ്യമാവുന്ന കാലത്തോളം ഈ ആശയം ഇന്ത്യയുടെ ഹൃദയഭൂമിയില്‍ ജ്വലിച്ചുകൊണ്ടേയിരിക്കും.
സാമൂഹിക പിന്നാക്കാവസ്ഥയില്‍ നിന്നു സ്വയം ശാക്തീകരിക്കപ്പെടാനുള്ള ഒരു സമുദായത്തിന്റെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്താനുള്ള അജണ്ടകളാണ് ഭീകര നിയമങ്ങളിലൂടെയും നിരോധനങ്ങളിലൂടെയും മറ്റും ഹിന്ദുത്വ ഭരണകൂടം പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് വിധേയമല്ലാത്ത എല്ലാത്തിനോടും ഈ അസഹിഷ്ണുത സംഘപരിവാര-ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. വിയോജിപ്പുകളെയും വിമര്‍ശനങ്ങളെയും ഒന്നൊന്നായി അവസാനിപ്പിക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥ മോദി ഭരണത്തിന്റെ ഒന്നാം ദിനം മുതല്‍ രാജ്യത്ത് നടമാടുകയാണ്.
ജാര്‍ഖണ്ഡിലേതു പോലുള്ള നിരോധന നടപടികള്‍ പോപുലര്‍ ഫ്രണ്ടില്‍ ആരംഭിക്കുന്നതോ പോപുലര്‍ ഫ്രണ്ടിലൂടെ അവസാനിക്കുന്നതോ ആവില്ല. അടുത്ത ഊഴം ആരെന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. പാര്‍ലമെന്ററി സംവിധാനത്തെ പോലും നോക്കുകുത്തിയാക്കി ഭരണരംഗത്ത് പ്രകടമാവുന്ന ഏകാധിപത്യ പ്രവണത, അപകടകരമായ ഈ സാഹചര്യം അതിന്റെ മൂര്‍ധന്യാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ്. പൗരബോധമുള്ള സമൂഹം രാജ്യം നേരിടുന്ന ഇത്തരം ഫാഷിസ്റ്റ് വെല്ലുവിളികള്‍ക്കെതിരേ രംഗത്തുവരേണ്ട അനിവാര്യമായ സന്ദര്‍ഭം കൂടിയാണിത്. രാജ്യത്തിന്റെ വിശാലമായ ജനാധിപത്യ അടിത്തറയ്ക്കും സാംസ്‌കാരിക വൈവിധ്യത്തിനും നേരെ ഭീഷണി ഉയരുമ്പോള്‍ അതിനെതിരേ പുലര്‍ത്തുന്ന മൗനം അപകടകരമാണ്.                                                       ി

(പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ
സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍.)
Next Story

RELATED STORIES

Share it