Flash News

നിരാശയുടെ കിക്കോഫ്‌



ന്യൂഡല്‍ഹി: ഇല്ല, സന്തോഷിക്കാനായില്ല. ആദ്യമായി ഇന്ത്യയിലെത്തിയ ഫിഫ ലോകകപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ച കൗമാരപ്പടയ്ക്ക് സന്തോഷം സമ്മാനിക്കാന്‍ സാധിച്ചില്ല. പ്രാര്‍ഥനയും പിന്തുണയുമായി കാത്തുനിന്ന 120 കോടി ജനങ്ങളുടെ ഹൃദയം ഭേദിച്ച് അമേരിക്ക വിജയം സ്വന്തമാക്കി. ഏകപക്ഷീയമായ മൂന്ന് ഗോളിലായിരുന്നു അമേരിക്കയുടെ ജയം. ചരിത്രത്തില്‍ ആദ്യമായി ഫിഫ ടൂര്‍ണമെന്റില്‍ പന്തു തട്ടിയ ഇന്ത്യന്‍ ടീം പൊരുതി തോല്‍ക്കുകയായിരുന്നു. മികച്ച പ്രതിരോധം കാഴ്ച വച്ച ഇന്ത്യയുടെ മുന്നേറ്റത്തിലെ ഫിനിഷിങില്‍ സംഭവിച്ച പിഴവാണ് തോല്‍വിക്ക് കാരണമായത്. 4-1-2-3 ശൈലിയില്‍ അമേരിക്ക ആധിപത്യം സ്ഥാപിച്ച് ആരംഭിച്ച മല്‍സരത്തില്‍ ഇന്ത്യ 4-2-3-1 ശൈലിയാണ് പയറ്റിയത്. പതിയെ മല്‍സരത്തില്‍ പിടിമുറുക്കിയ ഇന്ത്യ അമേരിക്കന്‍ മുന്നേറ്റത്തെ പ്രതിരോധക്കോട്ട കെട്ടി തടഞ്ഞു. ആദ്യ ഇലവനില്‍ മിഡ്ഫീല്‍ഡില്‍ ഇടം നേടിയ മലയാളി താരം രാഹുല്‍ കണ്ണോളി മികച്ച ടാക്കിളുകളിലൂടെ അമേരിക്കയുടെ മുനയൊടിച്ചു. എന്നാല്‍, ഇന്ത്യക്ക് നിര്‍ഭാഗ്യം സമ്മാനിച്ച് 30ാം മിനിറ്റില്‍ അമേരിക്കയുടെ പെനല്‍റ്റി ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ ജോഷ് സര്‍ജന്റിനെ ഇന്ത്യന്‍ താരം ജിതേന്ദ്ര സിങ് വീഴ്ത്തിയതോടെ ലഭിച്ച പെനല്‍റ്റി സര്‍ജന്റ് തന്നെ വലയിലെത്തിച്ചു. ഗോള്‍ വഴങ്ങിയ ഇന്ത്യ പിന്നീട് കൂടുതല്‍ ഊര്‍ജത്തോടെ കളിച്ചു. 1-0 എന്ന നിലയില്‍ ആരംഭിച്ച രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ അമേരിക്ക വീണ്ടും വല കുലുക്കി. 51ാം മിനിറ്റിലെ കോര്‍ണര്‍ കിക്കിലൂടെ ഉടലെടുത്ത കൂട്ടപ്പൊരിച്ചിലിനിടെ മിഡ്ഫീല്‍ഡര്‍ ക്രിസ് ഡര്‍ക്കിനാണ് ഗോള്‍ നേടിയത്. തുടര്‍ന്ന് ഗോള്‍ തിരിച്ചടിക്കാന്‍ അറ്റാക്കിങിലേക്ക് കളി മാറ്റിയ ഇന്ത്യയുടെ പ്രതിരോധത്തിലെ വിള്ളല്‍ അമേരിക്ക മുതലെടുത്തു. 84ാം മിനിറ്റില്‍ ആന്‍ഡ്രൂ കാല്‍ട്ടോണ്‍ അമേരിക്കന്‍ വിജയം ഉറപ്പിച്ചു. ഇതിനു തൊട്ടു മുമ്പ് ഇന്ത്യന്‍ താരം അന്‍വര്‍ അലിയുടെ ഒരു ഷോട്ട് ബാറില്‍ തട്ടി മടങ്ങി. കൂടുതല്‍ ഗോള്‍ വഴങ്ങാതെ ഇന്ത്യയെ രക്ഷിച്ച ഗോള്‍കീപ്പര്‍ ധീരജിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. എട്ടു തവണ വല ലക്ഷ്യമാക്കി ഷോട്ട് പായിച്ച അമേരിക്കയെ അഞ്ച് തവണയും തടുത്തിട്ടത് ധീരജായിരുന്നു. രാത്രി നടന്ന രണ്ടാം മല്‍സരത്തില്‍ ഗോള്‍ മഴ വര്‍ഷിച്ചപ്പോള്‍ രണ്ടിനെതിരേ മൂന്ന് ഗോളുകളുമായി പരാഗ്വെ വിജയം നേടി. പരാഗ്വെയുടെ ഗലെയാനോ (12), സാഞ്ചസ് കോഹ്നെര്‍ (17) എന്നിവരുടെ ഗോളുകള്‍ക്ക് മാലിയുടെ ദ്രാം (20), എന്‍ദിയെ (34) എന്നിവര്‍ തിരിച്ചടിച്ചെങ്കിലും 55ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഫ്രാന്‍സിസ്‌കോ റോഡ്രിഗസ് പരാഗ്വെയ്ക്ക് വിജയം സമ്മാനിച്ചു.
Next Story

RELATED STORIES

Share it