malappuram local

നിരാശയിലാക്കി വമ്പന്‍മാരുടെ വിടവാങ്ങല്‍: ആരാധകര്‍ക്കൊപ്പം വ്യാപാരികളും വിഷമത്തില്‍

മലപ്പുറം:  അര്‍ജന്റിനക്ക് പിന്നാലെ ബ്രസീലും ലോകകപ്പില്‍ നിന്നും മടക്ക ടിക്കറ്റ് വാങ്ങിയതോടെ നിരാശയിലായത് കാല്‍പ്പന്തുകളിയെ നെഞ്ചേറ്റിയ മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് ബ്രസീല്‍-അര്‍ജന്റിന ടീമുകള്‍ക്കായിരുന്നു.
ഇതില്‍ അര്‍ജന്റിന നേരത്തെ റഷ്യയില്‍ നിന്നും മടക്ക ടിക്കറ്റ് സ്വന്തമാക്കി നാട്ടിലേക്ക് വണ്ടി കയറിയിരുന്നെങ്കിലും  ആവേശം നല്‍കിയത് ബ്രസീല്‍ ടീമിന്റെ സാനിധ്യമായിരുന്നു. അര്‍ജന്റിന ബ്രസീല്‍ ഫാന്‍സുകാര്‍ തന്നെയാണ് കളത്തിന് പുറത്ത് ഏറ്റുമുട്ടി ഫുട്‌ബോള്‍ ആരവത്തിന് ആവേശം നല്‍കല്‍. ആദ്യം അര്‍ജന്റിന പുറത്തായപ്പോള്‍ ബ്രസീലുകാരുടെ തെറിയഭിശേകമായിരുന്നു അര്‍ജന്റിന ആരാധകര്‍ക്ക് ലഭിച്ചത്. അതിനാല്‍ തന്നെ ബ്രസീലും പുറത്തായപ്പോള്‍ ഏറെ സന്തോഷപ്പെട്ടത് അര്‍ജന്റിന ഫാന്‍സുകാര്‍ തന്നെയാണ്. ഇരു ടീമുകളുടെയും ഫളക്‌സ് ബോര്‍ഡുകള്‍ ഇപ്പോള്‍ എവിടെയും കാണാനില്ല. ബ്രസീലും ബെല്‍ജിയവും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ അര്‍ജന്റിനക്കാര്‍ മുതല്‍ മറ്റ് എല്ലാ ആരാധകരും ബല്‍ജിയത്തിന്റെ കൂടെ നിന്നു. ബ്രസീലിനോടുള്ള ഈ എതിര്‍പ്പിനെ ‘ജനകീയ മുന്നണി’ എന്നാണ് ജില്ലയിലെ ഫുട്‌ബോള്‍ ആവേശക്കാര്‍ പേരിട്ടത്. ബ്രസീല്‍ തോറ്റപ്പോള്‍ ജനകീയ മുന്നണി 2-1ന് വിജയച്ചിരിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ചത്. രണ്ട് ടീമുകളും പുറത്തായതില്‍ സന്തോഷിക്കുന്നവരും കൂട്ടത്തിലുണ്ട്.
അത് ലോകകപ്പിനോടുള്ള ഈ അമിത ആവേശത്തില്‍ അരിശമുള്ളവരാണ്.  രണ്ട് ടീമും തോറ്റതിനാല്‍ ഈ ‘കളിപിരാന്തിന്’ കുറച്ച് ആശ്വാസമായല്ലോ എന്നാണ് ഇത്തരക്കാരുടെ സന്തോഷം. സെമിഫൈനലില്‍ എത്തിയ ഫ്രാന്‍സിനും ഇംഗ്ലണ്ടിനും ചെറിയ തോതിലുള്ള ഫാന്‍സുകാര്‍ ജില്ലയിലുണ്ട്. തോറ്റ ഫാന്‍സുകാര്‍  ഞങ്ങളുടെ ടീമില്‍ ചുളുവില്‍ കയറിപറ്റണ്ടെന്നാണു ഫ്രാന്‍സ്-ഇംഗ്ലണ്ട് ആരാധകരുടെ പ്രഖ്യാപനം. അവസാന ഘടത്തിലെത്തിയപ്പോള്‍ ബല്‍ജിയത്തിനും ക്രൊയേഷ്യക്കും ആരാധകരെ ജില്ലയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
ലോകകപ്പില്‍ വമ്പന്‍മാരുടെ വിടവാങ്ങലില്‍ ആരാധകര്‍ക്കൊപ്പം വ്യാപാരികളേയും വിഷമത്തിലാക്കുന്നു. ഇഷ്ട ടീമിന്റെ പരാജയമാണ്് ആരാധകരെ വിഷമിപ്പിച്ചതെങ്കില്‍ വമ്പന്‍ ടീമുകളുടെ പേരിലുള്ള ഉല്‍പന്നങ്ങള്‍ വിറ്റുപോകാത്തതാണ് വ്യാപാരികളെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ ടീമുകളുടെ വിടവാങ്ങലാണ്  ഏറെ വിഷമിപ്പിച്ചത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ടീമുകളുടെ ജഴ്‌സികളും പേരുകളുടെ ഫോട്ടോകളുമടങ്ങിയ സ്റ്റിക്കറുകള്‍, കൈവളകള്‍ തൊപ്പികള്‍, കൊടികള്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിയിരുന്നു.
എന്നാല്‍ ഇവ പകുതിപോലും വിറ്റുപോകുന്നതിനു മുമ്പുതന്നെ വമ്പന്‍മാരുടെ വിടവാങ്ങല്‍ ഇത്തരം വിപണിതകര്‍ത്തിരിക്കുകയാണ്. ലോകകപ്പിന്റെ കാലത്തു മാത്രം വില്‍പന സാധ്യതയുള്ള ഇവ ഇനി എന്തുചെയ്യുമെന്ന അങ്കലാപ്പിലാണ് വ്യാപാരികള്‍. ഇതില്‍ മിക്ക സാധനങ്ങളും കമ്പനി ഉല്‍പന്നങ്ങളല്ലാത്തതിനാല്‍ മടക്കി നല്‍കാനും കഴിയില്ല. കെട്ടിക്കിടക്കുന്ന ഇത്തരം സാധനങ്ങള്‍ വില കുറച്ചാല്‍പോലും ആരും വാങ്ങുന്നില്ല. നഷ്ടങ്ങള്‍ നികത്താനുള്ള വഴിയറിയാതെ  വ്യാപാരികള്‍ കുഴങ്ങിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it