wayanad local

നിരാലംബര്‍ക്ക് 'ശരണ്യ പദ്ധതി'; സ്വയംതൊഴിലിനായി കൂടിക്കാഴ്ച തുടങ്ങി

കല്‍പ്പറ്റ: തൊഴില്‍രഹിതരായ വിധവകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, നിയമാനുസൃതം വിവാഹബന്ധം വേര്‍പെടുത്തിയവര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിത വനിതകള്‍, പട്ടികവര്‍ഗത്തില്‍പെട്ട അവിവാഹിത അമ്മമാര്‍ എന്നിവര്‍ക്കായി തൊഴില്‍വകുപ്പ് മുഖാന്തരം നടപ്പാക്കിവരുന്ന 'ശരണ്യ' സ്വയംതൊഴില്‍ പദ്ധതിയുടെ ജില്ലയിലെ കൂടിക്കാഴ്ചയ്ക്ക് തുടക്കമായി. കൂടിക്കാഴ്ച ഇന്നും തുടരും. അപേക്ഷ നല്‍കിയ ശേഷം കൂടിക്കാഴ്ചയുടെ അറിയിപ്പ് ലഭിക്കാത്തവരും ഇന്നലെ ഹാജരാവാന്‍ കഴിയാത്തവരും ഇന്ന് ഉച്ചയ്ക്കു ശേഷം ഹാജരാവണമെന്നു ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ കെ എസ് അശ്വിന്‍കുമാര്‍ അറിയിച്ചു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കായി എക്‌സ്‌ചേഞ്ച് മുഖേന നേരിട്ട് നടപ്പാക്കുന്നതാണ് 'ശരണ്യ' പദ്ധതി. ഒരു വ്യക്തിക്ക് പരമാവധി 50,000 രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്. എന്നാല്‍, പദ്ധതിക്കനുസരിച്ച് ഒരു ലക്ഷം രൂപ വരെ അനുവദിക്കും. വായ്പാ തുകയുടെ പകുതി, പരമാവധി 25,000 രൂപ സബ്‌സിഡിയായി നല്‍കും. 50,000 രൂപ വരെയുള്ള വായ്പയ്ക്ക് പലിശയില്ല. ഇതിനു മുകളിലുള്ള തുകയ്ക്ക് മൂന്നു ശതമാനം നിരക്കില്‍ പലിശ നല്‍കണം. 50,000 രൂപ വായ്പയ്ക്ക് സബ്‌സിഡി കഴിച്ച് ബാക്കി 25,000 രൂപ പ്രതിമാസം 420 രൂപ വീതം 60 മാസം കൊണ്ട് തിരിച്ചടയ്ക്കണം.
ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ കണ്‍വീനറും ജില്ലാ സാമൂഹികക്ഷേമ ഓഫിസര്‍, കുടുംബശ്രീ മിഷന്‍ കോ-ഓഡിനേറ്റര്‍, വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍, ഐടിഐ പ്രിന്‍സിപ്പല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, സെല്‍ഫ് എംപ്ലോയ്‌മെന്റ് ഓഫിസര്‍ അംഗങ്ങളുമായ സമിതിയാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്.
Next Story

RELATED STORIES

Share it