നിരവധി മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

അടൂര്‍: നിരവധി മോഷണക്കേസില്‍ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ച മോഷ്ടാവിനെ അടൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുനല്‍വേലി തെങ്കാശി വിശ്വനാഥതെരുവ് വീട്ടുമ്പര്‍ 12ല്‍ ലക്ഷ്മിഭവനില്‍ വസന്തകുമാറി(മുത്തുകുമാര്‍-41) നെയാണ് അറസ്റ്റ് ചെയ്തത്. ആളില്ലാത്ത വീടുകളും പള്ളികളും കേന്ദ്രീകരിച്ചാണ് പ്രതി മോഷണം നടത്തുന്നതെന്ന് പോലിസ് പറഞ്ഞു. അടൂര്‍, പന്തളം, കൊടുമണ്‍ സ്റ്റേഷനുകളിലും പ്രതിക്കെതിരേ കേസുകള്‍ നിലവിലുണ്ട്. മണക്കാല, പുതുവല്‍ എന്നിവിടങ്ങളിലായി മൂന്നു പള്ളികളിലെ മോഷണത്തെ ക്കുറിച്ച് പോലിസ് അന്വേഷണം നടത്തിവരവെ അടൂര്‍ ഓള്‍ സെയിന്റ്‌സ് സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ മോഷണശ്രം നടത്തുന്നതിനിടെ പോലിസിന്റെ പിടിയിലാവുകയായിരുന്നു. 2012ല്‍ ജയില്‍വാസം കഴിഞ്ഞിറങ്ങിയ പ്രതി കോട്ടയത്ത് നിരവധി മോഷണം നടത്തി ഒളിവില്‍ പോയതിനെ തുടര്‍ന്ന് മണര്‍കാട് പോലിസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മണര്‍കാട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ആളില്ലാത്ത വീടുകളിലും പള്ളികളിലും നടന്ന മോഷണത്തില്‍ ഇയാളുടെ വിരലടയാളം ലഭിച്ചിരുന്നു. ഒരുമാസം മുമ്പ് അടൂര്‍ ഹോളിക്രോസ് ജങ്ഷനു സമീപം ആളില്ലാത്ത വീടിന്റെ മുന്‍വശംപൊളിച്ച് അകത്തുകയറി സ്വര്‍ണമോതിരവും ഇലക്‌ട്രോണിക് ഉപകരണവും മോഷ്ടിച്ചിരുന്നു. മോഷണ വസ്തുക്കള്‍ തെങ്കാശിയിലാണ് വിറ്റിരുന്നതെന്ന് പോലിസ് പറഞ്ഞു. കുളനടയിലെ കടയില്‍ നിന്നും തെങ്കാശിയില്‍ നിന്നും മോഷണവസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. കൊട്ടാരക്കര, പൂയപ്പള്ളി എന്നിവിടങ്ങളില്‍ നടന്ന സമാനമായ മോഷണങ്ങളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലിസ് സംശയിക്കുന്നു. അടൂര്‍ ഡിവൈഎസ്പി റഫീഖിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ സിഐ എം ജി സാബു, എസ്‌ഐ കെ എസ് ഗോപകുമാര്‍, എസ്‌സിപിഒമാരായ സുധീഷ്, സന്തോഷ്, രാധാകൃഷ്ണന്‍, രാജേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it