Kollam Local

നിരവധി കേസുകളിലെ പ്രതി കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍

കൊല്ലം: ഒന്‍പതോളം  ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലിലായി.കൊല്ലം കുരീപ്പുഴ കീക്കോലിമുക്കിന് സമീപം ചിറക്കരോട്ട് വീട്ടില്‍ ആന്‍സിലി(23)നെയാണ് ജയിലിലാക്കിയത്. അഞ്ചാലുംമൂട് പോലിസ്  സ്റ്റേഷന്‍ പരിധിക്കുള്ളില്‍ കൊലപാതക ശ്രമം, തട്ടികൊണ്ടു പോകല്‍, കുട്ടികള്‍ക്കെതിരേയുളള ലൈംഗിക അതിക്രമം തടയല്‍ നിയമ പ്രകാരം ബാലിക പീഡനം തുടങ്ങി ഒമ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
ജില്ലാ മജിസ്‌ട്രേറ്റിന്റെ കരുതല്‍ തടങ്കല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ കുറ്റവാളികള്‍ക്കെതിരേ അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ അടിയന്തര പ്രാധാന്യത്തോടെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ’ യുടെ ഭാഗമായി കമ്മീഷണര്‍ ശ്രീനിവാസിന്റെ നിര്‍ദ്ദേശാനുസരണമാണ് നടപടി. സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി എസ് ഷിഹാബുദ്ദീന്‍, കൊല്ലം എസിപി ജോര്‍ജ്ജ് കോശി എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലം സിറ്റി ഷാഡോ പോലിസിലെ എസ്‌ഐ വിപിന്‍കുമാര്‍, അഞ്ചാലുംമൂട് എസ്എച്ച്ഒ സി ദേവരാജന്‍, ഷാഡോ പോലിസ് സേനാംഗങ്ങളായ ഹരിലാല്‍, സീനു, മനു, മണികണ്ഠന്‍, വിനു എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ‘ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ’ യുടെ ഭാഗമായി തിരുവനന്തപുരം റേഞ്ച് ഐജിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഗുണ്ടകളെ ജില്ലയില്‍ നിന്നും നാടു കടത്തിയിട്ടുണ്ട്. ജില്ലയിലെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സാമൂഹികവിരുദ്ധര്‍ക്കെതിരേ സമര്‍പ്പിച്ച റിപോര്‍ട്ടുകളില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാവുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.
Next Story

RELATED STORIES

Share it