നിരഞ്ജന്‍ കുമാറിന് അശ്രുപൂജ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

പാലക്കാട്: പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന് അശ്രുപൂജ അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി. മൃതദേഹം ഇന്നലെ ഉച്ച കഴിഞ്ഞ് 4 മണിയോടെയാണ് വായുസേനയുടെ ഹെലികോപ്റ്ററില്‍ പാലക്കാട് വിക്ടോറിയ കോളജ് ഗ്രൗണ്ടില്‍ എത്തിച്ചത്.
എംഎല്‍എമാരായ എ കെ ബാലന്‍, എം ഹംസ, പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, എഡിഎം യു നാരായണന്‍കുട്ടി, ജില്ലാ സൈനിക വെല്‍ഫെയര്‍ ഓഫിസര്‍ വി കെ കുട്ടപ്പന്‍, രാജ്യ സൈനിക് ബോര്‍ഡ് അംഗം കേണല്‍ പി ശിവശങ്കരന്‍, മിലിറ്ററി ഉദ്യോഗസ്ഥര്‍, എസ്പി എന്‍ വിജയകുമാര്‍, ഡിവൈഎസ്പിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. നിരഞ്ജന്‍ കുമാറിന്റെ അച്ഛന്‍ ശിവരാജന്‍, ജ്യേഷ്ഠന്‍ ശരത്ചന്ദ്രന്‍, സഹോദരി ഭാഗ്യലക്ഷ്മി, ഇളയ സഹോദരന്‍ ശശാങ്കന്‍, ഭാര്യ രാധിക, മകള്‍ വിസ്മയ, ഭാര്യാപിതാവ് ഗോപാലകൃഷ്ണന്‍, അമ്മ രാജേശ്വരി, സഹോദരന്‍ മഹേഷ് തുടങ്ങിയവരും മൃതദേഹത്തിനൊപ്പം വിക്‌ടോറിയ കോളജില്‍ എത്തിച്ചേര്‍ന്നു. ചെറിയച്ഛന്മാരായ സേതുമാധവന്‍, വിദ്യാധരന്‍ എന്നിവര്‍ക്കൊപ്പം ബന്ധുജനങ്ങളും മൃതദേഹം ഏറ്റുവാങ്ങാനെത്തിയിരുന്നു.
30 മിനിറ്റോളം വിക്‌ടോറിയ കോളജില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ മുന്‍ എംപി വി എസ് വിജയരാഘവന്‍, ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, മുന്‍ മന്ത്രി വി സി കബീര്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ പി വി രാജേഷ് എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. 4.37നു പാലക്കാട്ടു നിന്നു പുറപ്പെട്ട വിലാപയാത്ര 6 മണിയോടെ എളമ്പുലാശ്ശേരിയിലെത്തി. ഇന്നു രാവിലെ 7 മുതല്‍ 11 വരെ എളമ്പുലാശ്ശേരി കെഎപി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം സംസ്‌കരിക്കും. ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി ഇന്നലെ നിരജ്ഞന്‍ കുമാറിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it