നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം; ഭാര്യക്ക് ജോലി

തിരുവനന്തപുരം: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ നടന്ന ആക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നിരഞ്ജന്‍ കുമാറിന്റെ ഭാര്യ ഡോ. കെ ജി രാധികയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും. ഏകമകള്‍ വിസ്മയയുടെ വിദ്യാഭ്യാസച്ചെലവും പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കും. നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിന് പൂര്‍ണ സംരക്ഷണം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നെടുമ്പാശ്ശേരിയിലെ ഗവ. ഐടിഐക്ക് നിരഞ്ജന്‍ കുമാറിന്റെ പേര് നല്‍കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. പാലക്കാട്ട് പണി പൂര്‍ത്തിയാവുന്ന മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തിനു നിരഞ്ജന്‍ കുമാറിന്റെ പേര് നല്‍കും. നിരഞ്ജന്‍ കുമാറിന്റെ വീട്ടിലേക്കു പോകുന്ന പൊന്നാംകോട്-എളമ്പുലാശ്ശേരി റോഡ് നവീകരിക്കുന്നതിനായി നാലു കോടി രൂപയും മന്ത്രിസഭ അനുവദിച്ചു. നിലവില്‍ എട്ടു കിലോമീറ്റര്‍ ദൂരമുള്ള റോഡാണിത്.
Next Story

RELATED STORIES

Share it