നിരക്കുവര്‍ധനയില്ല; നിരവധി പുതിയ സൗകര്യങ്ങള്‍

ന്യൂഡല്‍ഹി: വരൂ, ഒരുമിച്ച്, കുറച്ച് പുതിയ കാര്യങ്ങള്‍ ചെയ്യാം എന്ന മുദ്രാവാക്യവുമായി ഇന്ത്യന്‍ റെയില്‍വേ പുനരേകീകരിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുകയാണ് ബജറ്റ് ലക്ഷ്യമെന്നു മന്ത്രി സുരേഷ് പ്രഭു. ട്രെയിനുകളില്‍ അധികമായി 65,000 ബര്‍ത്തുകളും 2,500 വാട്ടര്‍ വെന്‍ഡിങ് ഉപകരണങ്ങളും ലഭ്യമാക്കും.
ലോകത്തിലാദ്യമായി റെയില്‍വേ വികസിപ്പിച്ച ബയോ-വാക്വം ശൗചാലയങ്ങള്‍ 17,000 എണ്ണം ട്രെയിനുകളില്‍ ഘടിപ്പിക്കും. ട്രെയിനുകളുടെ കൃത്യനിഷ്ഠ ഉറപ്പാക്കുന്നതിനു ഗാസിയാബാദിനും മുഗള്‍സരായ്ക്കും ഇടയിലുള്ള വിഭാഗത്തില്‍ ഓപറേഷന്‍സ് ഓഡിറ്റ് അവതരിപ്പിക്കും.
വികലാംഗര്‍ക്കായി വീല്‍ചെയറുകളുടെ ഓണ്‍ലൈന്‍ ബുക്കിങും ബ്രെയ്ല്‍ ലിപി ഉള്‍പ്പെടുത്തിയ പുതിയ കോച്ചുകളും അവതരിപ്പിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള ലോവര്‍ ബെര്‍ത്ത് ക്വാട്ട വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്.
കൂടുതല്‍ ഹെല്‍പ്‌ലൈനുകളും സിസിടിവി കാമറകളുമായി യാത്രക്കാരുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. ലെവല്‍ ക്രോസിങുകളിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിന് 1000 ആളില്ലാ ലെവല്‍ ക്രോസുകളും ജീവനക്കാരുള്ള 350 ലെവല്‍ ക്രോസുകളും ഇല്ലാതാക്കാന്‍ ബജറ്റ് ശുപാര്‍ശ ചെയ്യുന്നു. ഈ സാമ്പത്തികവര്‍ഷം 820 റെയില്‍വേ മേല്‍പ്പാലങ്ങളും കീഴ്പാലങ്ങളും പൂര്‍ത്തിയാക്കും. ചരക്ക് ഗതാഗതത്തിനുള്ള സമര്‍പ്പിത റെയില്‍വേ ഇടനാഴിയുടെ എല്ലാ സിവില്‍ എന്‍ജിനീയറിങ് കരാര്‍ ജോലികളും ഈ സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ നല്‍കുമെന്നും മന്ത്രി പറഞ്ഞു. 2016-17 കാലഘട്ടത്തില്‍ നര്‍ഗോല്‍, ഹസീറ തുറമുഖങ്ങളെ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും. 90 ശതമാനം പ്രവര്‍ത്തന അനുപാതത്തോടെ 2015-16ല്‍ 8720 കോടി രൂപ മിച്ചംപിടിക്കാന്‍ സാധിക്കുമെന്നും പ്രവര്‍ത്തന അനുപാതം 92 ശതമാനമാക്കാനാണ് ബജറ്റ് ശുപാര്‍ശ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഊര്‍ജ മേഖലയില്‍ 3000 കോടി രൂപയുടെ നേട്ടമുണ്ടാക്കാന്‍ അടുത്ത സാമ്പത്തികവര്‍ഷം തന്നെ റെയില്‍വേയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ആളുകളെ വഹിക്കാന്‍ സാധിക്കുന്നതും ഓട്ടോമാറ്റിക് ഡോര്‍, ബാര്‍കോഡ് റീഡറുകള്‍, ബയോ-വാക്വം ശൗചാലയങ്ങള്‍, വിനോദത്തിനുള്ള സ്‌ക്രീനുകള്‍, പരസ്യത്തിന് എല്‍ഇഡി ബോര്‍ഡുകള്‍, അനൗണ്‍സ്‌മെന്റ് സംവിധാനം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളുള്ളതുമായ സ്മാര്‍ട്ട് കോച്ചുകള്‍ അവതരിപ്പിക്കാനും ബജറ്റ് ശുപാര്‍ശ ചെയ്യുന്നു. ജപ്പാന്‍ ഗവണ്‍മെന്റ് സഹായത്തോടെ അഹ്മദാബാദിനും മുംബൈക്കും ഇടയില്‍ അതിവേഗ യാത്രാ കോറിഡോര്‍ നടപ്പാക്കും. ട്രെയിനില്‍ വിനോദപരിപാടികള്‍ ഒരുക്കുന്നതിന് എഫ്എം റേഡിയോ സ്റ്റേഷനുകളെ ക്ഷണിക്കും. റിസര്‍വ് ചെയ്ത കോച്ചുകളില്‍ എല്ലാ പ്രാദേശിക ഭാഷകളിലുമുള്ള റെയില്‍ ബന്ധു മാഗസിനുകളും ലഭ്യമാക്കും.
Next Story

RELATED STORIES

Share it