നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ റോഡ് നിര്‍മാണങ്ങള്‍ ടെന്‍ഡര്‍ ചെയ്യും

അടൂര്‍: സംസ്ഥാനത്ത് നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ മുഴുവന്‍ റോഡുകളുടെയും പണികള്‍ ഒരുമിച്ച് ടെന്‍ഡര്‍ ചെയ്യുമെന്ന് മന്ത്രി ജി സുധാകരന്‍. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പള്ളിക്കലില്‍ നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് ടെന്‍ഡര്‍ ചെയ്യുന്നതു മൂലം നിര്‍മാണം ആരംഭിക്കാനുള്ള കാലതാമസം ഒഴിവാകും. അറ്റകുറ്റപ്പണികളും ഇതേ രീതിയില്‍ ടെന്‍ഡര്‍ ചെയ്യും. പ്രളയത്തില്‍ റോഡുകള്‍ക്കും പാലങ്ങള്‍ക്കും നാശമുണ്ടായതിലൂടെ 10,000 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇടുക്കി ഭാഗത്തെ റോഡുകളുടെ നാശനഷ്ടം കൂടി കണക്കാക്കാനുണ്ട്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാവും റോഡുകള്‍ പുനര്‍നിര്‍മിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പ്രളയം മൂലം തകര്‍ന്ന മുഴുവന്‍ റോഡുകളും നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ ഒരേസമയം ടാറിങ് നടത്തും. പൂര്‍ണമായും നല്ല രീതിയില്‍ അറ്റകുറ്റപ്പണി നടത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 21 കോടി രൂപ മുടക്കി കായംകുളം-പത്തനാപുരം റോഡ് ദേശീയനിലവാരത്തില്‍ ഉടന്‍ ടാറിങ് നടത്തും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. ജര്‍മന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ആനയടി-പഴകുളം-കൂടല്‍ പാതയുടെ വെള്ളച്ചിറ സമീപത്തുനിന്നാണ് നിര്‍മാണം ആരംഭിച്ചത്. ഈ ഭാഗത്താണ് മന്ത്രി കഴിഞ്ഞദിവസം പരിശോധന നടത്തിയത്. നിര്‍മാണം നടത്തുന്ന ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള വിശ്വാസമുദ്ര കമ്പനി അധികൃതരോട് മന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

Next Story

RELATED STORIES

Share it