Pravasi

നിയാസിന്റെയും അബൂബക്കറിന്റെയും മൃതദേഹങ്ങള്‍ ഖബറടക്കി

നിയാസിന്റെയും അബൂബക്കറിന്റെയും മൃതദേഹങ്ങള്‍ ഖബറടക്കി
X
mina-stampedeജിദ്ദ: ഹജ്ജ് കര്‍മങ്ങള്‍ക്കിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി അബൂബക്കര്‍ അബ്ദുല്‍ കരീം (48), ജാര്‍ഖണ്ഡ് സ്വദേശിയും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വോളന്റിയറുമായിരുന്ന നിയാസുല്‍ ഹഖ് മന്‍സൂരി (42) എന്നിവരുടെ മൃതദേഹങ്ങള്‍ മക്കയില്‍ ഖബറടക്കി.

തിരുവനന്തപുരം നേമം സ്വദേശിയായ ദാറുസ്സലാം വീട്ടില്‍ അബൂബക്കര്‍ അബ്ദുല്‍ കരീം റിയാദില്‍ നിന്ന് ആഭ്യന്തര ഹജ്ജ് സംഘത്തോടൊപ്പമാണ് ഹജ്ജ് നിര്‍വഹിക്കാനെത്തിയത്. 25 വര്‍ഷത്തോളമായി റിയാദില്‍ ജോലിചെയ്തു വരികയായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹം ഇത്തവണത്തെ ഹജ്ജിനെത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഭാര്യ ഷര്‍മിള ബീവിയും ഏക മകള്‍ ആമിനയും നാട്ടിലാണുള്ളത്.
ഇതോടെ മിനാ ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 13 ആയി. റിയാദില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാനെത്തിയവരാണ് ഇവരെല്ലാം. ബന്ധുക്കളുടെ സന്ദര്‍ശക വിസയില്‍ എത്തിയവരും റിയാദില്‍ ജോലി ചെയ്യുന്നവരുമാണ് മരണപ്പട്ട ഹാജിമാര്‍.
തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ വിരലടയാളം ശേഖരിച്ച് നേരത്തേ ഖബറടക്കിയിരുന്നു. വിരലടയാളം ശേഖരിച്ച് വിമാനത്താവളത്തില്‍ പ്രവേശന സമയത്ത് നല്‍കിയ വിരലടയാളം ഉള്‍പ്പെടെയുള്ള വിവരങ്ങളുമായി ഒത്തുനോക്കിയാണ് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത്. ഇങ്ങനെ വിവരങ്ങള്‍ തയ്യാറാക്കിയ മൃതദേഹങ്ങളുടെ പട്ടികയും ഫോട്ടോയും ഇന്നലെ മുഐയ്‌സിം മോര്‍ച്ചറിക്കു സമീപം മരിച്ചവരുടെ ബന്ധുക്കള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും കൈമാറുകയും അവര്‍ മരണം ഉറപ്പാക്കുകയുമായിരുന്നു.

അറഫ ദിനത്തിലെ സേവനത്തിന് ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍ സംഘത്തോടൊപ്പമെത്തിയ നിയാസുല്‍ ഹഖ് സേവനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരണത്തെ പുല്‍കുകയായിരുന്നു. വോളന്റിയര്‍മാര്‍ക്ക് ഫോറം നല്‍കുന്ന ഐ.ഡി കാര്‍ഡ് പരിശോധിച്ച് അപകടസ്ഥലത്തു വച്ച് തന്നെ മൃതദേഹം തിരിച്ചറിയുകയും അധികൃതര്‍ മോര്‍ച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു. ഇദ്ദേഹം അണിഞ്ഞിരുന്ന വോളന്റിയര്‍ ജാക്കറ്റും മറ്റും അധികൃതര്‍ തിരിച്ചേല്‍പ്പിക്കുകയും മരണ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചുനല്‍കുകയും ചെയ്തിട്ടുണ്ട്. സിവില്‍ എന്‍ജിനീയറായ നിയാസുല്‍ ഹഖ് യാമ്പുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

ഇതോടെ മിനാ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം നൂറ് കവിഞ്ഞു. 74 പേരുകളാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇതുവരെ പുറത്തുവിട്ടത്. എന്നാല്‍ വിരലടയാള പരിശോധനയിലൂടെ പുതുതായി സൗദി അധികൃതര്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ പട്ടികയില്‍ 40 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it