നിയാംഗിരിയും തൂത്തുക്കുടിയും

'അവര്‍ക്കു പണം മുഖ്യം, എങ്കള്‍ക്ക്...'- 2  റെനി ഐലിന്‍

സമരവുമായി ഒരു ബന്ധവുമില്ലാതെ തൊഴില്‍സ്ഥലത്തേക്കു പോവുന്ന വഴി വെടിയേറ്റു മരിച്ചയാളാണ് ആന്റണി സെല്‍വരാജ്. നിരത്തില്‍ ബഹളം നടക്കുന്നുവെന്നറിഞ്ഞ് കാണാനായി ശ്രമിച്ച മറ്റൊരു യുവാവും ദാരുണമായ രീതിയില്‍ കൊല്ലപ്പെട്ടു. കസ്റ്റഡിയിലെടുത്ത സ്ത്രീകളോട് വളരെ മോശമായാണ് പോലിസ് പെരുമാറിയത്. ഇത് ചോദ്യം ചെയ്ത പുരുഷന്മാരെ തല്ലിച്ചതയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ വീട്ടില്‍ രഹസ്യപ്പോലിസ് മുതല്‍ യൂനിഫോമിട്ടവര്‍ വരെ പാതിരാത്രിയില്‍ പോലും നടത്തുന്ന ശല്യങ്ങള്‍ ഇതിനു പുറമെ.
1992ല്‍ രത്‌നഗിരിയില്‍ 500 ഏക്കര്‍ സ്ഥലമാണ് മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ വേദാന്തയ്ക്കു ഫാക്ടറി തുടങ്ങാന്‍ വിട്ടുകൊടുത്തത്. പിന്നീട് സമരം കാരണം 93ല്‍ തൂത്തുക്കുടിയിലേക്ക് പറിച്ചുനട്ടു. പരിസ്ഥിതി-വനം വകുപ്പുകള്‍ അതിന് അനുമതി നല്‍കി. 94 ഒക്‌ടോബര്‍ 31ന് ജയലളിത പ്ലാന്റിന് തറക്കല്ലിട്ടു. അതേ വര്‍ഷം തന്നെ സമരവും ആരംഭിച്ചു. പക്ഷേ, 96 ഒക്‌ടോബര്‍ 14ന് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലൈസന്‍സ് കൊടുക്കുന്നു.
97ല്‍ ഉല്‍പാദനം ആരംഭിച്ചപ്പോള്‍ തന്നെ സമീപ ഫാക്ടറികളിലെയും വാസസ്ഥലങ്ങളിലെയും ജനങ്ങള്‍ക്ക് വിവിധ രോഗങ്ങളും തുടങ്ങി. മദ്രാസ് ഹൈക്കോടതി മുതല്‍ സുപ്രിംകോടതി വരെ നിരവധി നിയമയുദ്ധങ്ങള്‍ നടന്നു. നാഷനല്‍ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ക്ലീന്‍ചിറ്റ് നല്‍കിയത് കമ്പനിക്ക് വീണ്ടും ബലമേകി. കോടതിവിധികളും വിവിധ പഠനങ്ങളും ജനങ്ങളുടെ നിലവിളി ചെവിക്കൊണ്ടില്ല.
മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ 2010 സപ്തംബര്‍ 28ന് കമ്പനി അടച്ചുപൂട്ടാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍, മൂന്നു ദിവസത്തിനുള്ളില്‍ സുപ്രിംകോടതി അതു സ്‌റ്റേ ചെയ്തു. 2013ല്‍ വാതകച്ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും വേദാന്ത വിവാദത്തിലകപ്പെട്ടു. തുടര്‍ന്ന് പിന്നെയും നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ സുപ്രിംകോടതി 100 കോടി പിഴ ചുമത്തി കമ്പനി തുറക്കാന്‍ അനുവാദം നല്‍കി. അടച്ചുപൂട്ടാതിരിക്കാന്‍ കോടതി പറഞ്ഞ ന്യായം, 1500 തൊഴിലാളികളുടെ ഭാവിയാണ്. ഇതും കൂടി ആയപ്പോള്‍ കമ്പനി ഉല്‍പാദനം എട്ടു ടണ്‍ കൂടി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.
കുമരറെഡ്ഡിപുരത്തെ ഒരു വേപ്പുമരച്ചുവട്ടില്‍ നിന്നാണ് വേദാന്ത എന്ന ഭീമനെതിരേ സമരം ആരംഭിക്കുന്നത്. കുടിവെള്ളവും ശുദ്ധവായുവും മലിനമാക്കിയ കമ്പനിയെ ഒളിഞ്ഞും തെളിഞ്ഞും തമിഴ്‌നാട്ടിലെ രാഷ്ട്രീയകക്ഷികള്‍ സഹായിച്ചു. 2013ല്‍ 'സ്റ്റെര്‍ലൈറ്റും മക്കള്‍ പോരാട്ടങ്ങള്‍' എന്ന പേരില്‍ ക്രിസ്ത്യന്‍ വൈദികരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ 72 പേജ് വരുന്ന തമിഴിലെ പഠന റിപോര്‍ട്ട് കമ്പനിയുടെ യഥാര്‍ഥ മുഖം വെളിപ്പെടുത്തുന്നതാണ്. കുമരറെഡ്ഡിപുരത്ത് സമരം ആരംഭിച്ചപ്പോള്‍ തന്നെ 'സെക്യൂരിറ്റി' എന്ന പേരില്‍ മുംബൈയില്‍ നിന്ന് കമ്പനി ഗുണ്ടകളെ ഇറക്കിയിരുന്നു.
വെടിവയ്പു നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ബിസിനസ് ലൈന്‍ പത്രത്തില്‍ ഫാക്ടറിയുടെ സിഇഒ കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത്, അടച്ചുപൂട്ടുകയെന്നത് എന്‍ജിഒകളുടെ ആവശ്യമാണെന്നാണ്. കൂടാതെ, കമ്പനി പ്രദാനം ചെയ്ത തൊഴിലും വികസനവും സംബന്ധിച്ച കള്ളക്കണക്കുകളും നിരത്തി. യഥാര്‍ഥത്തില്‍ ഒരു വര്‍ഷത്തെ താല്‍ക്കാലിക ജോലികള്‍ക്കായി സമീപവാസികളെ എടുത്തതിനുശേഷം പറഞ്ഞുവിടുകയാണ് പതിവ്. അഞ്ചു മുതല്‍ എട്ടു വരെ കിമീ ദൂരത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. സമീപത്തെങ്ങും ഒരു ആശുപത്രി പോലുമില്ല. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ഭരണകൂടവും കുത്തക മുതലാളികളും ചേര്‍ന്നു വരയ്ക്കുന്ന വികസനരേഖകള്‍ സാധാരണക്കാരന്റെ ജീവിതം തകര്‍ത്തുകൊണ്ടാണ് കടന്നുപോകുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തൂത്തുക്കുടിയിലെ വേദാന്ത ഫാക്ടറി.
ആരാണ് വെടിവയ്ക്കാന്‍ ഉത്തരവിട്ടതെന്ന് അറിയില്ലെന്ന് ആശയക്കുഴപ്പമുണ്ടാക്കിയ ഭരണകൂടം പിന്നീട് വലിയ പ്രതിസന്ധിയിലായി. മെയ് 28ാം തിയ്യതി ഉച്ചയ്ക്കുശേഷം എന്‍സിഎച്ച്ആര്‍ഒ വസ്തുതാന്വേഷണ സംഘം തൂത്തുക്കുടിയിലെ പുതിയ കലക്ടര്‍ സന്ദീപിനെ കാണാന്‍ ഔദ്യോഗിക കാര്യാലയത്തിന് വെളിയില്‍ നില്‍ക്കുമ്പോള്‍ തമിഴ്‌നാട്ടിലെ പ്രമുഖ ചാനലുകള്‍ വളഞ്ഞു. ദേശീയ അധ്യക്ഷന്‍ പ്രഫ. മാര്‍ക്‌സും സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ഭവാനിയും കൈയിലിരുന്ന എഫ്‌ഐആറിന്റെ പകര്‍പ്പ് കാമറകള്‍ക്കു മുന്നില്‍ നിവര്‍ത്തിക്കാണിച്ചിട്ട് പറഞ്ഞു: ''ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കണ്ണനും ശേഖറുമാണ് വെടിവയ്ക്കാന്‍ ഉത്തരവിട്ടതെന്ന് ഇതില്‍ പറയുന്നു.''
വാര്‍ത്ത ദേശീയ ചാനലുകളടക്കം ഏറ്റെടുത്തു. കലക്ടര്‍ക്ക് അറിയേണ്ടതാവട്ടെ, എഫ്‌ഐആറിന്റെ കോപ്പി എങ്ങനെയാണ് ഞങ്ങള്‍ക്കു കിട്ടിയതെന്നാണ്. നിരപരാധികളെയും വഴിയാത്രക്കാരെയും സമരവുമായി യാതൊരു ബന്ധവുമില്ലാത്തവരെയും മര്‍ദിച്ചും വെടിവച്ചും കൊന്ന കാര്യം കലക്ടര്‍ സമ്മതിക്കുകയും ചെയ്തു.  കമ്മീഷനുകളില്‍ വിശ്വാസമില്ലെന്ന് ജനങ്ങള്‍ ആദ്യമേ പറഞ്ഞുകഴിഞ്ഞു. പരമക്കുടിയിലും മാഞ്ചൊലൈയിലും സര്‍ക്കാരിനു വേണ്ടി റിപോര്‍ട്ട് എഴുതിയ കമ്മീഷനുകളെ തമിഴ് ജനത മറന്നിട്ടില്ല. തമിഴ്‌നാടിന് പുറത്തുള്ള ഡോക്ടര്‍മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും സത്യസന്ധവും നീതിയുക്തവുമായ അന്വേഷണമാണ് ആവശ്യമെന്നും അവര്‍ പറഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ ഫാക്ടറി പൂട്ടാനായി കൊടുത്ത കടലാസില്‍ ജനങ്ങള്‍ക്കു വലിയ വിശ്വാസമൊന്നും ഇല്ലാത്തതുകൊണ്ടു ആദ്യമുയര്‍ത്തിയ 'പൂട്ടുക' എന്ന മുദ്രാവാക്യം മാറ്റി 'ഫാക്ടറി പൂര്‍ണമായും പൊളിച്ചുമാറ്റുക' എന്ന ആവശ്യം അംഗീകരിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.
വേദാന്തയുടെ ദുരന്തഭൂമിയായ നിയാംഗിരിയില്‍ രണ്ടു വര്‍ഷം മുമ്പ് എന്‍സിഎച്ച്ആര്‍ഒ പോയിരുന്നു. പ്രത്യേക സേനയെ ഉപയോഗിച്ചാണ് അവിടെ ആദിവാസികളെ കൊല്ലുന്നത്. തമിഴ്‌നാട്ടില്‍ അതിന് കാത്തുനില്‍ക്കാതെ തന്നെ സമരക്കാരെ ഒളിച്ചിരുന്ന് കൊലപ്പെടുത്തി. 'കപ്പലോട്ടിയ തമിഴന്‍' എന്നറിയപ്പെടുന്ന, ബ്രിട്ടിഷുകാരെ വിറപ്പിച്ച ചിദംബര നാടാരുടെ പേരിലാണ് തൂത്തുക്കുടി പോര്‍ട്ട് ട്രസ്റ്റ് അറിയപ്പെടുന്നത്. ഒരുപക്ഷേ, സാധാരണ മനുഷ്യര്‍ക്ക് ചരിത്രബോധം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഉള്ളതുകൊണ്ടാവണം, വെടിയുണ്ടയേറ്റ് കാല്‍മുട്ട് മൂന്നായി പൊട്ടിച്ചിതറി ആശുപത്രിയില്‍ കിടക്കുന്ന ആനന്ദ് കുമാര്‍ (35) പറയുന്നു, കമ്പനിയുമായി ഒരു ഒത്തുതീര്‍പ്പുമില്ലെന്ന്. കമ്പനിക്ക് തൊട്ടുപിറകില്‍ താമസിക്കുന്ന ഒരു വീട്ടമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു: ''കാട്ടിലെ മുയലിനെ ചുട്ടാല്‍ അകത്തു പോടും, മക്കളെ ചുട്ടവര്‍ പുറത്ത് നടക്കിത്.''
ഏറ്റവും ഗുരുതരമായ മറ്റൊരു സംഗതി, സംഭവത്തില്‍ വര്‍ഗീയ വിഭജനം നടത്താനുള്ള സര്‍ക്കാര്‍ ശ്രമമാണ്. സമാധാന യോഗം രണ്ടെണ്ണം വിളിച്ചു. ഒന്ന് മല്‍സ്യത്തൊഴിലാളികള്‍ക്കു മാത്രമായി. അതിനു കാരണം, അവരെല്ലാം ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരാണ്. മറ്റൊന്ന് കച്ചവടക്കാര്‍ക്കായി; പ്രസ്തുത വിഭാഗം ഹിന്ദു നാടാര്‍ വിഭാഗത്തിലുള്ളവരാണ്.
ഇതേ തന്ത്രം കൂടംകുളത്തും ഓഖി ദുരന്തം ഉണ്ടായപ്പോഴും തമിഴ്‌നാട് സര്‍ക്കാര്‍ പയറ്റിയിരുന്നു. അതിന്റെയെല്ലാം പിന്നില്‍ ബിജെപിയുടെ വ്യക്തമായ ഇടപെടലും ഉണ്ടായിരുന്നു. എന്തായാലും നഷ്ടപരിഹാരം നിരാകരിച്ചതുപോലെ മൃതദേഹങ്ങളും ഇതുവരെ ഉറ്റവര്‍ ഏറ്റുവാങ്ങിയില്ല. തമിഴകത്ത് എടപ്പാടിയെയും പന്നീര്‍സെല്‍വത്തെയും ഒപ്പം വേദാന്തയെയും കാത്തിരിക്കുന്നത് അത്ര നല്ല നാളുകളല്ല.

വാല്‍ക്കഷണം: കമല്‍ഹാസന്‍, രജനീകാന്ത് എന്നിവര്‍ വന്നില്ലേ? രജനി അമേരിക്കയിലിരുന്ന് എന്തോ പറഞ്ഞു (പിന്നീട് നാട്ടിലെത്തി ജനത്തിനെതിരേ പ്രസ്താവന നടത്തി). കമല്‍: തമിഴ്‌നാട് ഒരു നദിയാണെങ്കില്‍ അതില്‍ ഒഴുകിനടക്കുന്ന ശവം മാത്രമാണയാള്‍- പെരിയാര്‍ പ്രസ്ഥാനത്തിലെ ഒരു അഭിഭാഷകന്‍ പറഞ്ഞത്.

(അവസാനിച്ചു.)
Next Story

RELATED STORIES

Share it