palakkad local

നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കണമെന്ന്

പാലക്കാട്: അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ലൈഫ് ഇന്‍ഷൂറന്‍സ് ഏജന്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്വത്തുക്കള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നും സംസ്ഥാനത്തെ എല്‍ഐസി ഏജന്റുമാരില്‍ നിന്ന് ട്രസ്റ്റ് പിരിച്ചെടുത്ത തുക അംഗങ്ങള്‍ക്ക് തിരികെ നല്‍കണമെന്നും എല്‍ഐസി ഏജന്റ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ട്രസ്റ്റിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പാണ് നടക്കുന്നത്. വര്‍ക്കിങ് ചെയര്‍മാന്‍ ജോണ്‍ കോശി എന്നയാള്‍ 2006ല്‍ ഏജന്റുമാര്‍ നിക്ഷേപിച്ച പണത്തില്‍ നിന്ന് 30ലക്ഷം കൈവശപ്പെടുത്തിയിരിക്കുകയാണ്.
വന്‍തുക പലിശ നല്‍കാമെന്ന് പറഞ്ഞാണ് പണം ഇയാള്‍ കൈക്കലാക്കിയത്. എന്നാല്‍ നാളിതുവരെ പണം തിരികെ നല്‍കിയിട്ടില്ല. പണം നല്‍കുന്ന അംഗങ്ങള്‍ക്ക് മെഡിക്ലെയിം, മക്കളുടെ വിദ്യാഭ്യാസ വായ്പ, പെന്‍ഷന്‍ എന്നിവയാണ് വാഗ്ദാനം ചെയ്തത്. ഇതൊന്നും കൃത്യമായി ലഭ്യമാക്കുന്നില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു. 2015ല്‍ പാലക്കാട്ട് വച്ച് ഏജന്റുമാരില്‍ നിന്ന് ഇവര്‍ പണം സ്വരൂപിച്ചിരുന്നു.
എന്നാല്‍, ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കി ഡിജിപിക്കും ചിറ്റൂര്‍ പോലിസിലും പരാതി നല്‍കിയിട്ടുണ്ടെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍  പി ബൈജു, പൂതാനി നസീര്‍ ബാബു, കെ ഗോവിന്ദന്‍, ആര്‍ മോഹന്‍ദാസ്, ടി ഷണ്‍മുഖന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it