Flash News

നിയമ പോരാട്ടത്തില്‍ വിജയം; കുഞ്ഞുമോന് ഇനി ആശ്വസിക്കാം

അബ്ദുല്‍ ഖാദര്‍ പേരയില്‍

ആലുവ: കള്ളക്കഥ സൃഷ്ടിച്ച് നിരപരാധിയെ തുറങ്കിലടയ്ക്കാനുള്ള പോലിസിന്റെ നീക്കത്തിനു നീതിപീഠത്തിന്റെ തിരുത്ത്.തന്നെ ഭീകരവാദിയാക്കിയ പോലിസിന്റെ കള്ളക്കേസിനെതിരേയാണ് ആലുവ പട്ടേരിപ്പുറം പുതുപ്പറമ്പ് വീട്ടില്‍ അബ്ദുല്‍ഖാദര്‍- നബീസ ദമ്പതികളുടെ മകനും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ കുഞ്ഞുമോന് നീണ്ട ഏഴുവര്‍ഷത്തെ നിയമപോരാട്ടം നീതി നല്‍കിയത്. പ്രവാചകനിന്ദ നടത്തിയ മൂവാറ്റുപുഴയിലെ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെടുത്തിയാണ് നിരവധി നിരപരാധികളെ വേട്ടയാടുന്നതോടൊപ്പം കുഞ്ഞുമോനെയും പോലിസ് കള്ളക്കേസില്‍ പ്രതിയാക്കിയത്. ഡ്രൈവര്‍ ജോലി ചെയ്ത് തന്റെ നിര്‍ധന കുടുംബം  പുലര്‍ത്തിവന്ന കുഞ്ഞുമോനെ 2010 ജൂലൈ 7നാണു പോലിസ് വേട്ടയാടല്‍ ആരംഭിക്കുന്നത്. കുഞ്ഞുമോന്റെ പട്ടേരിപ്പുറത്തുള്ള വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന  ഇന്നോവ കാറില്‍നിന്നു ഭീകര സംഘടനകളുമായി ബന്ധപ്പെട്ട സിഡി പിടികൂടിയെന്നായിരുന്നു പോലിസ് പ്രചരിപ്പിച്ചത്. റൂറല്‍ എസ്പിയായിരുന്ന പി എന്‍ ഉണ്ണിരാജയുടെ നിര്‍ദേശപ്രകാരം വടക്കേക്കര സിഐ സാജന്‍ കോയിക്കല്‍ സിഡി പിടിച്ചെടുത്തുവെന്നായിരുന്നു പോലിസ് പറഞ്ഞത്. താലിബാന്‍, അല്‍ഖാഇദ തുടങ്ങിയ സംഘടനകള്‍ മനുഷ്യനെ കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങള്‍ അടങ്ങിയ സിഡി കേരളത്തില്‍ പരിശീലനം നല്‍കുന്നതിനായി എത്തിച്ചുവെന്നും ഇതിന് ഭീകരസംഘടനകള്‍ ആറുകോടി രൂപ കുഞ്ഞുമോന് നല്‍കിയെന്നുമായിരുന്നു പോലിസ് പ്രചരിപ്പിച്ചത്. ഈ കള്ളക്കഥ മാധ്യമങ്ങള്‍കൂടി ഏറ്റെടുത്തതോടെ കുഞ്ഞുമോന്റെ കുടുംബവും കടുത്ത പീഡനങ്ങളേറ്റുവാങ്ങി. ദീ ര്‍ഘ നാളത്തെ ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങിയ കുഞ്ഞുമോന് ജീവിതം ഏറെ ഭാരമായിരുന്നു. ഏക വരുമാനമാര്‍ഗമായിരുന്ന വാഹനവുംകൂടി പോലിസ് കൊണ്ടുപോയതോടെ തന്റെ ജീവിതമാര്‍ഗവും അടഞ്ഞു. എന്നാലും താന്‍ ചെയ്യാത്ത കുറ്റത്തിന് ഏല്‍ക്കേണ്ടിവന്ന പീഡനങ്ങള്‍ക്കെതിരേ കൂട്ടുകാരുടെയും എല്ലാംഅറിയുന്ന നാട്ടുകാരുടെയും സഹായത്തോടെ നിരന്തരമായ നിയമപോരാട്ടം തുടര്‍ന്നു. സംഭവത്തിന് ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി കുഞ്ഞുമോനെ ഇന്നലെ കോടതി വെറുതെവിട്ടു. ഇതോടെ ഏഴ് വര്‍ഷത്തെ തന്റെ നിയമപോരാട്ടത്തിന് വിജയംകണ്ട ചാരിതാര്‍ഥ്യത്തിലാണ് കുഞ്ഞുമോന്‍.
Next Story

RELATED STORIES

Share it