നിയമ പഠനത്തിനുള്ള പൊതുപ്രവേശനപ്പരീക്ഷ: പരിശോധിക്കാന്‍ സമിതി

ന്യൂഡല്‍ഹി: നിയമ പഠനത്തിനുള്ള പൊതു പ്രവേശനപ്പരീക്ഷയിലെ (സിഎല്‍എടി) സാങ്കേതിക പ്രശ്‌നങ്ങളും പൊരുത്തക്കേടുകളുമുണ്ടെന്ന പരാതി പരിശോധിക്കുന്നതിനു സുപ്രിംകോടതി സമിതിയെ നിയോഗിച്ചു. നിയമ പഠനത്തിനുള്ള പൊതു പ്രവേശന പ്പരീക്ഷയ്‌ക്കെതിരായ ഹരജിയില്‍ ഇന്നലെ വാദംകേട്ട ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അവധികാല ബെഞ്ചിന്റേതാണ് നടപടി.
കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍, കൊച്ചിയിലെ നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ ശാസ്ത്ര വിഭാഗം മേധാവി പ്രഫ. സന്തോഷ് കുമാര്‍ എന്നിവരാണു സമിതി അംഗങ്ങള്‍. ഓരോ പരാതിയും പ്രത്യേകം പരിശോധിക്കണമെന്നാണ് ഈ വര്‍ഷത്തെ പ്രവേശനപ്പരീക്ഷ നടത്തിയ കൊച്ചിയിലെ നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം 29ന് മുമ്പ് എല്ലാ പരാതികളും സൂഷ്മമായി പരിശോധിച്ച് 30നു കോടതിയില്‍ തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
മെയ് 13നു രാജ്യത്തൊട്ടുക്കും നടന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ചോദ്യപേപ്പര്‍ സ്‌ക്രീനില്‍ കാണാനില്ലാത്തതടക്കം നിരവധി പരാതികളാണ് ഉയര്‍ന്നിരുന്നത്. സമാനമായ ചോദ്യങ്ങള്‍ക്കു വിവിധ പരീക്ഷാര്‍ഥികള്‍ക്കു വിവിധ സമയം അനുവദിച്ചു തുടങ്ങിയ പരാതികളും ഉയര്‍ന്നിരുന്നു. ഇതിനെതിരേയാണ് വിദ്യാര്‍ഥികള്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്.
Next Story

RELATED STORIES

Share it