thrissur local

നിയമാവബോധം ജനങ്ങളിലെത്തണം: മന്ത്രി

തൃശൂര്‍: നിയമം സംബന്ധിച്ച അവബോധം ജനങ്ങളിലെത്തുമ്പോഴേ അത് വിജയത്തിലെത്തുവെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, തൃശൂര്‍ പ്രസ് ക്ലബ് സംയുക്തമായി പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച പോക്‌സോ ആക്ട് 2012 സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതി സംരക്ഷണം, സമൂഹ സുരക്ഷ തുടങ്ങിയ നിയമങ്ങള്‍ എല്ലാം ഈ രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടത്. സമൂഹത്തിനും ഭരണകൂടത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും ഇതില്‍ പ്രധാന പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ആഴത്തില്‍ റിപ്പോര്‍ട്ടു ചെയ്തു അവബോധമുണ്ടാക്കാന്‍ ശ്രമിക്കുന്നത് വളരെ നല്ല കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു.
പോക്‌സോ നിയമം കുട്ടികളുടെ കാര്യത്തില്‍ നിയമപരമായ പരിരക്ഷ നല്‍കുന്നുണ്ട്.  കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് സമൂഹത്തിന്റെയും രക്ഷിതാക്കളുടെയും കാഴ്ചപ്പാടുകള്‍ മാറണമെന്ന് പോക്‌സോ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പയസ് മാത്യു അഭിപ്രായപ്പെട്ടു. പോക്‌സോ ആക്ടും ശിക്ഷയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് പോക്‌സോ ആക്ട് 2012 എന്ന വിഷയത്തെക്കുറിച്ച് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി മുജീബ് റഹ്മാന്‍ സംസാരിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍  ഈ ആക്ടിനെക്കുറിച്ച് വിപുലമായ പ്രചരണം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.  സബ് കളക്ടര്‍ ഡോ.രേണു രാജ് ആമുഖാവതരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ എം എസ് സമ്പൂര്‍ണ്ണ, കെയുഡബ്ല്യൂജെ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ഇ എസ് സുഭാഷ്, മലയാള മനോരമ ബ്യൂറോ ചീഫ് ഉണ്ണി കെ വാര്യര്‍, മംഗളം ബ്യൂറോ ചീഫ് ജോയ് എം മണ്ണൂര്‍, ഐ ആന്‍ഡ് പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ മോഹനന്‍, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ രാഗപ്രിയ കെ ജി, ചൈല്‍ഡ് ലൈ ന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഞ്ജലി മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസ് ക്ലബ് സെക്രട്ടറി എം വി വിനീത, മാതൃഭൂമി സബ് എഡിറ്റര്‍ ഒ രാധിക എന്നിവര്‍ മോഡറേറ്റര്‍മാരായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി ആര്‍ സന്തോഷ് സ്വാഗതവും പ്രസ് ക്ലബ് പ്രസിഡണ്ട് കെ പ്രഭാത് നന്ദിയും പറഞ്ഞു. ജില്ലാ ഭരണകൂടം, ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസ്, ജില്ലാ സാമൂഹ്യനീതി ഓഫീസ്, ചൈല്‍ഡ് ലൈന്‍ സംയുക്തമായിട്ടാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it