malappuram local

നിയമസഭാ സീറ്റിനായി ചരടുവലി; തവനൂരില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് കെ ടി ജലീല്‍ രംഗത്ത്

എടപ്പാള്‍: തവനൂര്‍ നിയമസഭാ സീറ്റിനായി എടപ്പാളിലെ സിപിഎം നേതാവും ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും ചടരുവലിക്കുമ്പോഴും കെ ടി ജലീല്‍ തന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു പ്രവര്‍ത്തനങ്ങളുമായി രംഗത്ത്.
കഴിഞ്ഞ തവണ ഇടത് സ്വതന്ത്രനായി തവനൂരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജലീലിന് ഇത്തവണ തവനൂര്‍ നല്‍കരുതെന്നും പാര്‍ട്ടി നേതാവിനെ തന്നെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎമ്മിലെ ഒരു വിഭാഗം ചരടുവലിക്കുന്നതിനിടെയാണ് താന്‍ തവനൂരില്‍ നിന്നും മാറാന്‍ തയ്യാറല്ലെന്നു ധ്വനിയുയര്‍ത്തി വിവിധ പരിപാടികളുമായി രംഗത്ത് വന്നിട്ടുള്ളത്.
ഇതിന്റെ ഭാഗമായാണ് കെ ടി ജലീല്‍ രചിച്ച മലബാര്‍ കലാപം ഒരു പുനര്‍ വായന എന്ന പുസ്തകത്തിന്റെ പ്രകാശനം എടപ്പാളില്‍ തന്നെ നടത്താന്‍ ജലീല്‍ തീരുമാനിച്ചത്.
അടുത്ത ആഴ്ച നടക്കാനിരിക്കുന്ന പുസ്തക പ്രകാശനം നിര്‍വഹിക്കുന്നത് സിനിമാ താരം മമ്മുട്ടിയുമാണ്. മമ്മുട്ടിയെ തന്റെ പുസ്തക പ്രകാശന ചടങ്ങിന് കൊണ്ടുവന്ന് അതുവഴി വലിയൊരു ജനക്കൂട്ടത്തെ ആകര്‍ഷിപ്പിക്കുക എന്നതിലുപരി തവനൂരില്‍ ഒരിക്കല്‍കൂടി വിജയിച്ചു കയറുകയെന്നൊരു ലക്ഷ്യവും കൂടി ഇതിനു പിന്നിലുണ്ട്.
ജനുവരിയില്‍ തന്നെ കാടഞ്ചേരി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിന് എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച പ്ലസ്ടു ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനവും നടക്കുകയാണ്. പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഇത്തരത്തില്‍ വന്‍ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ച് നടത്തുന്ന ഉദ്ഘാടനങ്ങളും മറ്റു ചടങ്ങുകളും സിപിഎം ജില്ലാ നേതൃത്വത്തെ ബോധ്യപ്പെടുത്തുകയെന്നതും ജലീല്‍ ലക്ഷ്യമിടുന്നു.പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന പി ജ്യോതിഭാസിനെ തവനൂരില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്.
ഈ ആവശ്യമുന്നയിച്ച് ഏരിയ കമ്മിറ്റിജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നാണറിയുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം ജില്ലാ കമ്മിറ്റിയുടെ അധികാര പരിധിയിലാണെങ്കിലും സിപിഎം നേതാവായിട്ടുള്ള പിണറായി വിജയനുമായുവള്ള ജലീലിന്റെ ബന്ധമാണ് ജോതിഭാസിനെ തടസ്സമായി വരികയെന്നും ഏരിയ നേതാക്കള്‍ കരുതുന്നു.
Next Story

RELATED STORIES

Share it