നിയമസഭാ സമ്മേളനം 30നു തുടങ്ങും

തിരുവനന്തപുരം: 13ാം കേരള നിയമസഭയുടെ 15ാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാവും. ഡിസംബര്‍ 17 വരെ 11 ദിവസമാണ് സഭ സമ്മേളിക്കുന്നത്. നിയമനിര്‍മാണമാണ് ഈ സമ്മേളനത്തിന്റെ പ്രധാന അജണ്ടയെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമനിര്‍മാണത്തിനായി ഒമ്പതു ദിവസവും അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനായി ഒരു ദിവസവും ഉപധനാഭ്യര്‍ഥനകളുടെയും അധികധനാഭ്യര്‍ഥനകളുടെയും ചര്‍ച്ചയ്ക്ക് ഒരു ദിവസവുമാണ് നീക്കിവച്ചത്.
30നു 2015ലെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ബില്ലും 2015ലെ പേയ്‌മെന്റ് ഓഫ് വേജസ് (കേരള ഭേദഗതി) ബില്ലും അവതരിപ്പിക്കും. ഡിസംബര്‍ 1ന് 2015ലെ പ്രവാസി കേരളീയരുടെ ക്ഷേമ(ഭേദഗതി) ബില്ല് അവതരിപ്പിക്കും.
മറ്റു ദിവസങ്ങളില്‍ പരിഗണിക്കാനുള്ള ബില്ലുകള്‍ സംബന്ധിച്ച് 30നു ചേരുന്ന കാര്യോപദേശകസമിതിയില്‍ തീരുമാനമെടുക്കും. കഴിഞ്ഞ സമ്മേളനത്തിനു ശേഷം 10 ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
മുന്നാക്ക സമുദായ കമ്മീഷന്‍, റിയല്‍ എസ്റ്റേറ്റ് (നിയന്ത്രണവും വികസനവും), കേരള ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിങ്, കേരള സ്‌പോര്‍ട്‌സ് (ഭേദഗതി), കേരള മുദ്രപത്രം (ഭേദഗതി), അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍മാരുടെയും ക്ഷേമനിധി, കേരള ഭൂനികുതി (ഭേദഗതി), കേരള പഞ്ചായത്ത്‌രാജ് (ഭേദഗതി) എന്നിവയാണ് നിയമമാക്കാന്‍ അവശേഷിക്കുന്ന ഓര്‍ഡിനന്‍സുകള്‍.
Next Story

RELATED STORIES

Share it