kozhikode local

നിയമസഭാ വജ്രജൂബിലി ആഘോഷം: മാതൃകാ നിയമസഭ സംഘടിപ്പിച്ചു

കോഴിക്കോട്: ഇവിടെ നടക്കുന്ന നിയമസഭാ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കായി മാതൃകാ നിയമസഭ സംഘടിപ്പിച്ചു. നിയമസഭയുടെ പാര്‍ലമെന്ററി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ ക്രിസത്യന്‍ കോളജ് ഓഡിറ്റോറിയത്തിലായിരുന്നു കേരള നിയമസഭയുടെ തനതു മാതൃകയില്‍ വിദ്യാര്‍ഥികള്‍ക്കായി മാതൃകാ സഭ ഒരുക്കിയത്.
വി കെ സി മമ്മദ് കോയ എഎല്‍എയുടെ അധ്യക്ഷതയില്‍ ജോര്‍ജ് എം തോമസ് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ യു വി ജോസ്, മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍, നിയമസഭാ സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി കെ സുരേഷ്‌കുമാര്‍ സംസാരിച്ചു. ഇന്ത്യന്‍ നിയമസഭകളുടെ ഇടയില്‍ കേരള നിയമസഭയ്ക്കുള്ള വേറിട്ട തനിമയും ഭൂപരിഷ്‌ക്കരണം ഉല്‍പ്പെടെ കേരള നിയമസഭ പാസാക്കിയ ശ്രദ്ധേയമായ നിയമ നിര്‍മാണങ്ങളും എംഎല്‍എമാര്‍ വിദ്യാര്‍ഥികളെയും കാണികളെയും പരിചയപ്പെടുത്തി.
രാഷ്ട്രീയത്തെ കുറിച്ച നമ്മുടെ കാഴ്ചപ്പാട് മാറണമെന്നും നല്ല വായനയും പഠനവും ഉയര്‍ന്ന ജനാധിപത്യ ബോധവും സാംസ്‌കാരിക ഔന്നത്യവും ഉള്ളവരാവണം രാഷ്ട്രീയക്കാരും ജനപ്രതിനിധികളുമെന്നും ജോര്‍ജ് എം തോമസ് എംഎല്‍എ പറഞ്ഞു. എംഎല്‍എമാരുടെ പണി കല്യാണം കൂടലും മരണ വീട്ടില്‍ പോകലുമാണെന്ന ധാരണ മാറണമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയുടെ തനതു മാതൃകയില്‍ കുട്ടികള്‍ ഭരണപക്ഷവും പ്രതിപക്ഷവുമായി രണ്ട് ഭാഗത്തായി ഇരുന്ന് സ്പീക്കറുടെ നേതൃത്വത്തിലാണ് സഭ നടത്തിയത്. രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന സഭയില്‍ ആദ്യ ദിവസം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവും അംഗങ്ങള്‍ക്ക് അതിന്റെ പകര്‍പ്പ് വിതരണവും നടന്നു. നിയമസഭയിലേതു പോലെ മാതൃകാസഭയിലെ മുഖ്യമന്ത്രിയും സ്പീക്കറും ഗവര്‍ണറെ സ്വീകരിച്ചാനയിച്ച് ദേശീയ ഗാനത്തോടെയാണ് സഭ തുടങ്ങിയത്.
രണ്ടാം ദിവസം ചോദ്യോത്തരവേള, അടിയന്തര പ്രമേയം, ശ്രദ്ധക്ഷണിക്കല്‍, സബ്മിഷന്‍ ഉള്‍പ്പെടെ സഭാനടപടികള്‍ അതേപടി നടത്തി. ഗവര്‍ണറുടെ നന്ദിപ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനും ശേഷം കുട്ടികളുടെ മാതൃകാ നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.എംഎല്‍എമാരായ ജോര്‍ജ് എം തോമസ്, വി കെ സി മമ്മദ് കോയ, എ പ്രദീപ്കുമാര്‍ എന്നിവര്‍ സന്ദര്‍ശക ഗാലറിയിലിരുന്നു സഭാനടപടികള്‍ വീക്ഷിച്ചു.
Next Story

RELATED STORIES

Share it