നിയമസഭാ നടപടിക്രമങ്ങളുടെ ലംഘനമെന്ന് പി സി ജോര്‍ജ്

കോട്ടയം: തന്റെ രാജി സ്വീകരിക്കാതെ അയോഗ്യനാക്കിക്കൊണ്ട് സ്പീക്കര്‍ വിധി പ്രസ്താവിച്ചത് നിയമസഭാ നടപടിക്രമങ്ങളുടെ ലംഘനമാണെന്നു പി സി ജോര്‍ജ്. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാഴാഴ്ച എംഎല്‍എ സ്ഥാനം രാജിവച്ചുകൊണ്ട് സ്പീക്കര്‍ എന്‍ ശക്തനു കത്തു നല്‍കിരുന്നു. ഒരു എംഎല്‍എ സ്്പീക്കറുടെ മുമ്പിലിരുന്നു സ്വന്തം കൈപ്പടയില്‍ രാജിക്കത്ത് എഴുതി നല്‍കിയാല്‍ ആ നിമിഷം രാജി സ്വീകരിക്കണമെന്നാണു നിയമസഭാ നടപടിക്രമമെന്ന് പി സി ജോര്‍ജ് പറഞ്ഞു. നിയമസഭാംഗത്വത്തില്‍ നിന്നു തന്നെ അയോഗ്യനാക്കിയ സ്പീക്കര്‍ എന്‍ ശക്തന്‍ ആരുടെയോ കൈയിലെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നു ജോര്‍ജ് ആരോപിച്ചു.
താന്‍ രാജിക്കത്ത് നല്‍കി 24 മണിക്കൂറിലധികം കത്ത് കൈവശം വച്ചശേഷം അയോഗ്യനാക്കി സ്പീക്കര്‍ വിധി പ്രസ്താവിച്ചു. നിയമസഭാ നടപടിക്രമങ്ങളുടെ കീഴ്‌വഴക്കം അനുസരിച്ച് ഇതില്‍ നിയമലംഘനമുണ്ട്. ജഡ്ജ്‌മെന്റിന്റെ പൂര്‍ണരൂപം കിട്ടിയതിനുശേഷം നിയമനടപടികള്‍ സ്വീകരിക്കുന്നതിനെപ്പറ്റി ആലോചിക്കും.
കൂറുമാറ്റ നിയമപ്രകാരം പരാതി ലഭിക്കുമ്പോള്‍ സ്പീക്കര്‍ ജഡ്ജി കൂടിയാണ്. ജഡ്ജി മാധ്യമങ്ങള്‍ക്കു മുമ്പില്‍ വിധി പ്രസ്താവിക്കുന്നത് കേട്ടുകേള്‍വി പോലുമില്ല. തന്നെ അയോഗ്യനാക്കി ഹരജി നല്‍കിയ തോമസ് ഉണ്ണിയാടന്‍ ഇന്ന് ചീഫ്‌വിപ്പല്ല. ഉണ്ണിയാടന്റെ പരാതി അംഗീകരിച്ചുകൊടുത്ത മാണി ഇന്നു മന്ത്രിയുമല്ല. ഈ സാഹചര്യത്തില്‍ ഹരജിക്കാരനെ വിളിച്ചുവരുത്തി ക്രോസ് വിസ്താരം നടത്തുന്നതിന് സ്പീക്കര്‍ക്ക് കത്തു നല്‍കിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2015 ജൂണ്‍ ആറ് മുതലാണ് മുന്‍കാല പ്രാബല്യത്തോടെ എംഎല്‍എ സ്ഥാനത്തു നിന്നു സ്പീക്കര്‍ തന്നെ അയോഗ്യനാക്കിയിരിക്കുന്നത്. എന്നാല്‍, താന്‍ എംഎല്‍എ എന്ന നിലയില്‍ ഔദ്യോഗികമായി ഇന്നലെ വരെ ചെയ്ത കാര്യങ്ങള്‍ സ്പീക്കറെന്ന നിലയില്‍ അദ്ദേഹം അംഗീകരിച്ചിട്ടുമുണ്ട്. ഇതെല്ലാം വിലയിരുത്തി സ്പീക്കറുടെ നടപടി നിയമപരമായി പരിശോധിക്കുമെന്നും ജോര്‍ജ് പറഞ്ഞു. അഴിമതിക്കെതിരേ പോരാടിയതാണ് തനിക്കെതിരേ അയോഗ്യതാ ഹരജി നല്‍കാനുള്ള കാരണമെന്നും ജോര്‍ജ് ആരോപിച്ചു.
കെ എം മാണിക്കെതിരേ വിജിലന്‍സ് കോടതിയുടെ ഉത്തരവ് വന്നതിനുശേഷം അദ്ദേഹം ഒപ്പിട്ട എല്ലാ ഫയലുകളും പരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തുനല്‍കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
അതേസമയം, പി സി ജോര്‍ജ് ഇന്നലെ മുതല്‍ കേരളാ കോണ്‍ഗ്രസ് സെക്യുലറിന്റെ ലീഡര്‍സ്ഥാനം ഏറ്റെടുത്തു. വാര്‍ത്താസമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്‍മാന്‍ ടി എസ് ജോണ്‍, നേതാക്കളായ മാലേത്ത് പ്രതാപചന്ദ്രന്‍, ജോര്‍ജ് കുന്നപ്പുഴ പങ്കെടുത്തു.
Next Story

RELATED STORIES

Share it