Kollam Local

നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളുടെ ആസ്തി ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥികളില്‍ പലരുടേയും ആസ്തി കോടികള്‍. ഇരവിപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ആക്കാവിള സതീക്കിന്റെ ജംഗമ ആസ്തി 5.9 കോടിയും സ്ഥാവര വസ്തുക്കളുടെ അസ്തി 660000 രൂപയും സ്ഥാവര വസ്തുക്കളുടെ വാങ്ങിയതിന് ശേഷമുള്ള വീടിന്റെ വില നാലുകോടിയും സ്വയാര്‍ജിത അസ്തിയുടെ കമ്പോള വില 7.55 കോടിയുമാണ്. എസ്എസ്എല്‍സിയാണ് ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത.
ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബിജോണിന് വിവിധ ബാങ്കുകളിലെ ഡിപോസിറ്റും സ്വര്‍ണം, വാഹനം എന്നീ ഇനത്തില്‍ മാത്രം 6.7 കോടിയുണ്ട്. ബിടെക് ആണ് വിദ്യാഭ്യാസ യോഗ്യത.
നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലം പ്രകാരം കുണ്ടറ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെ മേഴ്‌സികുട്ടിയമ്മയ്ക്ക് 27 ലക്ഷത്തിന്റെ ആസ്തിയാണുള്ളത്. കൈവശം 8000 രൂപയും വിവിധ ബാങ്കുകളിലായി 3866 രൂപയും മലയാളം കമ്മ്യൂണിക്കേഷനില്‍ 10000 രൂപയുടെ ഷെയറും 64500 രൂപ വിലവരുന്ന 24 ഗ്രാം സ്വര്‍ണവും ഉണ്ട്. കൂടാതെ ഭര്‍ത്താവിന്റെ കൂടി പേരില്‍ പെരിനാട് വില്ലേജില്‍ 1018520 രൂപ വിലമതിക്കുന്ന 0.40 ഏക്കര്‍ ഭൂമിയും പെരിനാട് വില്ലേജില്‍ 1668020 രൂപ വിലമതിക്കുന്ന 0.20 ഏക്കര്‍ വസ്തുവും നിലവിലുണ്ട്. മേഴ്‌സികുട്ടിയമ്മയുടെ പേരില്‍ നിയമവിധേയമല്ലാതെ കൂട്ടംകൂടിയതിനും മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചതിനും രണ്ട് കേസുകളും നിലവിലുണ്ട്. ഇവയില്‍ ജാമ്യം നേടിയിട്ടുമുണ്ട്.
ചടയമംഗലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുല്ലക്കര രത്‌നാകരന്റെ ആകെ ആസ്തി 55 ലക്ഷം രൂപയാണ്. കൈവശം 7000 രൂപയും വിവിധ ബാങ്കുകളിലും ഷെയറുകളിലുമായി 2.33 ലക്ഷവും സ്വന്തമായുള്ള കാറിന് എട്ട് ലക്ഷവുമാണ് മതിപ്പ് വിലയായി സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം അമ്പലക്കരയില്‍ 30 ലക്ഷത്തിന്റെയും പിന്തുടര്‍ച്ചാവകാശമായി ലഭിച്ച കെട്ടിടത്തിന് 15 ലക്ഷത്തിന്റേയും വില കണക്കാക്കിയിട്ടുണ്ട്. തിരുവനന്തപുരം കോടതിയില്‍ ഒരു കേസും നിലവിലുണ്ട്. എസ്എസ്എല്‍സിയാണ് വിദ്യാഭ്യാസ യോഗ്യത.
ചാത്തന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി എസ് ജയലാലിന് വിവിധ ബാങ്കുകളിലും എല്‍ഐസി പോളിസി ഇനത്തിലും 1526703 രൂപയുണ്ട്. ഭാര്യയുടെ പേരില്‍ 21 ലക്ഷം രൂപയുമുണ്ട്. അതേസമയം, ഇദ്ദേഹത്തിന് സ്വന്തമായി വസ്തുവില്ല. എന്നാല്‍ ഭാര്യയുടെ പേരില്‍ 1.3 കോടിയുടെ വസ്തുക്കളും കെട്ടിടങ്ങളും വിവിധ ഭാഗങ്ങളിലായുണ്ട്. എസ്‌സിബിയില്‍ 11 ലക്ഷത്തിന്റെ ലോണ്‍ നിലവിലുണ്ട്. ഭാര്യയുടെ പേരില്‍ 52 ലക്ഷത്തിന്റെ ലോണും ഉണ്ട്. തിരുവനന്തപുരത്തും പരവൂരുമായി രണ്ടു കേസുകളും നിലവിലുണ്ട്. ജെഡിസിയാണ് വിദ്യാഭ്യാസ യോഗ്യത.
കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സൂരജ് രവിക്ക് വിവിധ ബാങ്കുകളില്‍ നിക്ഷേപമായും സ്വര്‍ണമായും 86939 രൂപയുടെ ആസ്തിയുണ്ട്. എന്നാല്‍ സ്വന്തം പേരിലോ ഭാര്യയുടെ പേരിലോ ഭൂമിയോ കെട്ടിടമോ ഇല്ല. 464540 രൂപയുടെ ബാധ്യത നിലവിലുണ്ട്. കൊട്ടാരക്കര, കൊല്ലം കോടതികളിലായി രണ്ട് കേസുകളും നിലവിലുണ്ട്.
കുന്നത്തൂരിലെ ബിജെപി സ്ഥാനാര്‍ഥി തഴവ സഹദേവന്റെ പേരില്‍ ജംഗമ ആസ്തിയായി 7,21,216 രൂപയും സ്ഥാവര ആസ്തിയായി 17,00000 രൂപയുമുണ്ട്. എസ്എസ്എല്‍സിയാണ് വിദ്യാഭ്യാസ യോഗ്യത.
കുന്നത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന് വിവിധ ബാങ്കുകളിലും മറ്റുമായി 1,73,489 രൂപയുണ്ട്. 3,00,000 രൂപയുടെ സ്ഥാവര ആസ്തിയുണ്ട്. എസ്എസ്എല്‍സിയാണ് വിദ്യാഭ്യാസ യോഗ്യത.
കരുനാഗപ്പള്ളി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ രാമചന്ദ്രന് വിവിധ ബാങ്കുകളിലെ നിക്ഷേപം, സ്വര്‍ണം എന്നീ ഇനത്തില്‍ 315268 രൂപയും ഭാര്യയുടെ പേരില്‍ 2789918 രൂപയുമുണ്ട്. മൂന്ന് ലക്ഷം രൂപയുടെ വസ്തുക്കളുമുണ്ട്. എസ്എസ്എല്‍സി വിജയിച്ചിട്ടില്ല. നാലുകേസുകളും നിലവിലുണ്ട്.
ഇരവിപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എ എ അസീസിന് വിവിധ ബാങ്കുകളിലെ നിക്ഷേപം, സ്വര്‍ണം വാഹനം എന്നീ ഇനത്തില്‍ 819000 രൂപയുണ്ട്. തഴുത്തല വില്ലേജില്‍ ഒരു കോടി രൂപ വിലയുള്ള 22 സെന്റ് സ്ഥലവും ഇതേ വില്ലേജില്‍ തന്നെ 25 ലക്ഷം രൂപ വിലയുള്ള മറ്റൊരു വസ്തുവും ഉണ്ട്. എട്ടാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത.
കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സവിന്‍ സത്യന് പത്ത് ലക്ഷം രൂപയാണ് ബാങ്ക് നിക്ഷേപം ഉള്‍പ്പടെയുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐഷാപോറ്റിക്ക് 2273973 രൂപ നിക്ഷേപമുണ്ട്. 22 ലക്ഷത്തിന്റെ വസ്തുവും ഉണ്ട്. ഒരു കേസും നിലവിലുണ്ട്.
Next Story

RELATED STORIES

Share it