kozhikode local

നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ അങ്കത്തട്ടിലേക്ക്; 26 പേര്‍ പത്രിക നല്‍കി

കോഴിക്കോട്: പത്രികാ സമര്‍പ്പണത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ 26 പേര്‍ പത്രിക സമര്‍പ്പിച്ചു. പ്രമുഖ മുന്നണികളുടെ മിക്ക സ്ഥാനാര്‍ഥികളും ഇന്നലെ പത്രിക നല്‍കി. യുഡിഎഫ് സ്ഥാനാര്‍ഥികളായ ഡോ. എം കെ മുനീര്‍ (കോഴിക്കോട് സൗത്ത്), അഡ്വ. പി എം സുരേഷ്ബാബു (കോഴിക്കോട് നോര്‍ത്ത്), യു സി രാമന്‍ (ബാലുശ്ശേരി), വി എം ഉമ്മര്‍ മാസ്റ്റര്‍ (തിരുവമ്പാടി), എം എ റസാഖ് മാസ്റ്റര്‍ (കൊടുവള്ളി), പാറക്കല്‍ അബ്ദുല്ല (കുറ്റിയാടി), എന്‍ സുബ്രഹ്മണ്യന്‍ (കൊയിലാണ്ടി), അഡ്വ. മുഹമ്മദ് ഇഖ്ബാല്‍ (പേരാമ്പ്ര), പി കിഷന്‍ചന്ദ് (എലത്തൂര്‍) എന്നിവരും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ എ പ്രദീപ്കുമാര്‍ (കോഴിക്കോട് നോര്‍ത്ത്), വികെസി മമ്മദ്‌കോയ (ബേപ്പൂര്‍) എ കെ ശശീന്ദ്രന്‍ (എലത്തൂര്‍), ജോര്‍ജ് എം തോമസ് (തിരുവമ്പാടി), പിടിഎ റഹീം (കുന്ദമംഗലം), ടി പി രാമകൃഷ്ണന്‍ (പേരാമ്പ്ര), കാരാട്ട് അബ്ദുല്‍റസാഖ് (കൊടുവള്ളി), എലത്തൂരിലെ ബിജെപി സ്ഥാനാര്‍ഥി വി വി രാജന്‍ എന്നിവരാണ് ഇന്നലെ പത്രിക നല്‍കിയ പ്രമുഖര്‍.
തിരുവമ്പാടിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സൈമണ്‍ തോണക്കരയും പത്രിക നല്‍കിയിട്ടുണ്ട്. ഡോ എം കെ മുനീര്‍ സൗത്ത് മണ്ഡലത്തിലെ വരണാധികാരി യായ എരഞ്ഞിപ്പാലത്തെ കൊമേഴ്‌സ്യല്‍ ടാക്‌സ് ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മിഷണര്‍ സി ബാലകൃഷ്ണന്‍ മുമ്പാകെയാണ് രാവിലെ 11.30ന് പത്രിക സമര്‍പ്പിച്ചത്. എം കെ രാഘവന്‍ എംപി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജി, പി വി ഗംഗാധരന്‍, ജി സി പ്രശാന്ത്കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ഒരു സെറ്റ് പത്രികയാണ് അദ്ദേഹം നല്‍കിയത്. പിതാവ് സി എച്ച് മുഹമ്മദ് കോയയുടെ നടക്കാവ് പള്ളിമുറ്റത്തെ ഖബറിടത്തില്‍ പ്രാര്‍ഥന നടത്തിയാണ് മുനീര്‍ പത്രികാ സമര്‍പ്പണത്തിന് പുറപ്പെട്ടത്.
അഡ്വ. പി എം സുരേഷ്ബാബു നോര്‍ത്ത് മണ്ഡലത്തിലെ വരണാധികാരിയായ സബ് കലക്ടര്‍ കെ ഗോപാലകൃഷ്‌നാണ് രണ്ടുസെറ്റ് പത്രിക നല്‍കിയത്. എം കെ രാഘവന്‍ എംപി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍, എസ്‌വി ഹസ്സന്‍കോയ എന്നിവര്‍ അനുഗമിച്ചു. നോര്‍ത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രകടനമായാണ് കലക്ടറേറ്റില്‍ എത്തിയത്. ഒരു സെറ്റ് പത്രികയാണ് അദ്ദേഹം നല്‍കിയത്. വികെസി മമ്മദ്‌കോയ ബേപ്പൂര്‍ മണ്ഡലം വരണാധികാരിയായ പഞ്ചായത്ത് ഡയറക്ടര്‍ക്കാണ് ഒരു സെറ്റ് പത്രിക നല്‍കിയത്. അദ്ദേഹത്തിന്റെ ഡമ്മിയായി സിപിഎം ജില്ലാ കമ്മിറ്റി അംഗം വാളക്കട ബാലകൃഷ്ണനും പത്രിക നല്‍കിയിട്ടുണ്ട്. തിരുവമ്പാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിഎം ഉമ്മര്‍ മാസ്റ്ററും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോര്‍ജ് എം തോമസും മൂന്നുസെറ്റ് വീതം പത്രികയാണ് നല്‍കിയത്. ജില്ലാ സപ്ലൈ ഓഫിസര്‍ക്കാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്. സിപിഎമ്മിന്റെ ഡമ്മിയായി വിശ്വനാഥനും രണ്ടു സെറ്റ് പത്രിക നല്‍കിയിട്ടുണ്ട്. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ നാണു നാലു സെറ്റ് പത്രികയാണ് ഉപവരണാധികാരി വടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നല്‍കിയത്. കുറ്റിയാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല രണ്ടു സെറ്റ് പത്രികയാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ മുഹമ്മദ് വക്കത്ത് മുമ്പാകെ സമര്‍പ്പിച്ചത്. നാദാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇകെ വിജയന്‍ രണ്ടു സെറ്റ് പത്രിക സമര്‍പ്പിച്ചു. കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ സുബ്രമണ്യന്‍ രണ്ടു സെറ്റ് പത്രികയാണ് നല്‍കിയത്.
പേരാമ്പ്രയിലെ യുഡി എഫ് സ്ഥാനാര്‍ഥി അഡ്വ. മുഹമ്മദ് ഇഖ്ബാല്‍ ഉപവരണാധികാരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബെവിന്‍ ജോണ്‍ ജോര്‍ജ് മുമ്പാകെയാണ് പത്രിക നല്‍കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷണന്‍ വരണാധികാരിയായ ജില്ലാ ലേബര്‍ ഓഫിസര്‍ കെ വി വിപിന്‍ലാലിനാണ് പത്രിക നല്‍കിയത്. രണ്ടു സെറ്റ് പത്രികയാണ് ഇരുവരും സമര്‍പ്പിച്ചത്. എല്‍ഡിഎഫിന്റെ ഡമ്മിയായി സിറ്റിങ് എംഎല്‍എ കെ കുഞ്ഞമ്മദും പത്രിക നല്‍കിയിട്ടുണ്ട്. ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി യു സി രാമന്‍ രണ്ടുസ്റ്റെ് പത്രിക നല്‍കി. എലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ കെ ശശീന്ദ്രന്‍ ഒരു സെറ്റ് പത്രിക നല്‍കി. ഡമ്മിയായി സജിത്ത് കുമാറും പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി പി കിഷന്‍ചന്ദ് രണ്ടു സെറ്റ് പത്രിക നല്‍കി.
കുന്നമംഗലത്തെ എല്‍ ഡിഎഫ് സ്വതന്ത്രന്‍ പി ടിഎ റഹീം നാലു സെറ്റു പത്രികയാണ് എഡിസി ജനറല്‍ പ്രീതി മേനോന്‍ മുമ്പാകെ സമര്‍പ്പിച്ചത്. ഡമ്മിയായി സിപിഎം ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥും പത്രിക നല്‍കി. കൊടുവള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം എ റസാഖ് മാസ്റ്റര്‍ ഉപവരണാധികാരിയായ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് സ്വതന്ത്രന്‍ കാരാട്ട് അബ്ദുല്‍റസാഖ് രണ്ടു സെറ്റ് പത്രികയാണ് നല്‍കിയത്.
Next Story

RELATED STORIES

Share it