Pathanamthitta local

നിയമസഭാ തിരഞ്ഞെടുപ്പ്: സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും: ജില്ലാ കലക്ടര്‍

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവുകളും നിരീക്ഷിക്കുന്നതിനു നിയോഗിച്ചിട്ടുള്ള സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറും ജില്ലാ കലക്ടറുമായ എസ് ഹരികിഷോര്‍ നിര്‍ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് അംഗങ്ങളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കുന്നതിനൊപ്പം ആവശ്യമെങ്കില്‍ കൂടുതല്‍ സ്‌ക്വാഡുകളെ വിന്യസിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് സ്‌ക്വാഡ്, ഫ്‌ളെയിങ് സ്‌ക്വാഡ്, വീഡിയോ സ്‌ക്വാഡ് എന്നീ നാലുതരം സ്‌ക്വാഡുകളെയാണ് നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുള്ളത്. ഒരു നിയോജകമണ്ഡലത്തില്‍ മൂന്ന് വീതം സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് സ്‌ക്വാഡും ഫ്‌ളെയിംഗ് സ്‌ക്വാഡും വീഡിയോ സ്‌ക്വാഡും ഒരു ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡും ഉള്‍പ്പെടെ 10 സ്‌ക്വാഡുകളുണ്ട്.
ഇതുള്‍പ്പെടെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലായി 50 സ്‌ക്വാഡുകളെയാണ് വിന്യസിച്ചിട്ടുള്ളത്.
ഇതില്‍ ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യും. ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ വാഹനങ്ങളില്‍ സഞ്ചരിച്ച് പരിശോധന നടത്തും. സ്റ്റാറ്റിക് സര്‍വെയിലന്‍സ് സ്‌ക്വാഡ് നിശ്ചിത സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും.
പ്രചാരണ യോഗങ്ങളുടെ ചെലവ് വീഡിയോ സ്‌ക്വാഡ് നിരീക്ഷിക്കും.
വിവിധ സ്‌ക്വാഡുകള്‍ മികച്ച പ്രവര്‍ത്തനമാണ് ഇതുവരെ നടത്തിയിട്ടുള്ളതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ഫ്‌ളൈയിങ് സ്‌ക്വാഡും സ്റ്റാറ്റിക് സര്‍വെയിലന്‍സ് സ്‌ക്വാഡും 10000 വാഹനങ്ങള്‍ വീതം പരിശോധിച്ചു. ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് അനധികൃതമായി സ്ഥാപിച്ചിരുന്ന 9629 പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തു.
ഇവയുടെ ചെലവ് അതത് സ്ഥാനാര്‍ഥികളുടെ കണക്കിലേക്ക് ഉള്‍പ്പെടുത്തും. സ്‌ക്വാഡ് ലീഡര്‍മാര്‍ ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍മാര്‍, റിട്ടേണിങ് ഓഫിസര്‍ എന്നിവരുമായി ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് നിയമങ്ങളോടൊപ്പം ആവശ്യമെങ്കില്‍ ഐപിസി, പോലിസ് ആക്ട് എന്നിവ ഉപയോഗിച്ച് എഫ്‌ഐആര്‍ എടുക്കണം. അത്യാവശ്യ ഘട്ടത്തില്‍ അതത് പ്രദേശത്തെ പോലിസ് സ്റ്റേഷന്റെ സഹായവും തേടാമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. റിട്ടേണിങ് ഓഫിസര്‍മാരായ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, കെ സി മോഹനന്‍, അനു എസ് നായര്‍, എം എ റഹിം, എംകെ കബീര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഐഅബ്ദുല്‍സലാം തുടങ്ങിയവരും സ്‌ക്വാഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it