kozhikode local

നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ മൂന്നുഘട്ടങ്ങളായി കണക്കുകള്‍ ഹാജരാക്കണം

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെലവുകള്‍ നിരീക്ഷിക്കാനെത്തിയ കേന്ദ്ര നിരീക്ഷകര്‍ മുമ്പാകെ ജില്ലയിലെ സ്ഥാനാര്‍ഥികള്‍ മൂന്നു ഘട്ടങ്ങളിലായി അതുവരെയുള്ള കണക്കുകള്‍ ഹാജരാക്കണം.
ഈ മാസം 6, 10, 14 തിയ്യതികളില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന സിറ്റിങിലാണ് ചെലവ് രജിസ്റ്ററുകളും അനുബന്ധ രേഖകളും ഹാജരാക്കേണ്ടത്. റജിസ്റ്ററിനു പുറമെ വൗച്ചറുകള്‍, ബില്ലുകള്‍, അനുബന്ധ രേഖകള്‍, അപ്‌ഡേറ്റ് ചെയ്ത ഇലക്ഷന്‍ അക്കൗണ്ട് പാസ്ബുക്ക് തുടങ്ങിയവ ഹാജരാക്കണം. നിശ്ചിത മാതൃകയിലുള്ള ചെലവ് രജിസ്റ്ററിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ച് വേണം ഹാജരാക്കാനെന്നും എക്‌പെന്റീച്ചര്‍ സെല്‍ നോഡല്‍ ഓഫിസര്‍ ജെസ്സി ഹെലന്‍ ഹമീദ് അറിയിച്ചു.
ചെലവ് നിരീക്ഷകരായ ഹര്‍ഷദ് വെങ്ങാര്‍ക്കര്‍, അമിത് പ്രതാപ് സിങ്, രാജേഷ് മഹാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും സിറ്റിങ് നടക്കുക. മെയ് 6, 10, 14 തിയ്യതികളില്‍ രാവിലെ 10 മണിക്ക് വടകര, 10.45ന് കുറ്റിയാടി, 11.30ന് നാദാപുരം, 12.30ന് കൊയിലാണ്ടി മണ്ഡലങ്ങളിലെ കണക്കുകളാണ് ഹര്‍ഷദ് വെങ്ങാര്‍ക്കര്‍ പരിശോധിക്കുക. അമിത് പ്രതാപ് സിങ് 10ന് പേരാമ്പ്ര—, 10.45ന് ബാലുശ്ശേരി, 11.30ന് എലത്തൂര്‍, 12.30ന് കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളിലെ കണക്കുകള്‍ പരിശോധിക്കും. രാജേഷ് മഹാജന്‍ 10ന് കോഴിക്കോട് സൗത്ത്, 10.45ന് ബേപ്പൂര്‍, 11.30ന് കുന്ദമംഗലം, 12.30ന് കൊടുവളളി, ഉച്ചയ്ക്ക് 2മണിക്ക് തിരുവമ്പാടി എന്നിവിടങ്ങളിലെ കണക്കുകളും പരിശോധിക്കും.
ചെലവ് ഏജന്റുമാരാണ് കണക്കുകളുമായി സിറ്റിങിനെത്തുന്നതെങ്കില്‍ രേഖകളെല്ലാം സ്ഥാനാര്‍ഥിയുടെ മേലൊപ്പോടു കൂടിയുള്ളതായിരിക്കണമെന്നും നോഡല്‍ ഓഫിസര്‍ അറിയിച്ചു. ഫലപ്രഖ്യാപനം കഴിഞ്ഞ് 30 ദിവസത്തിനകമാണ് സ്ഥാനാര്‍ഥികള്‍ സമ്പൂര്‍ണ കണക്കുകള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടത്. അതിനു മുമ്പ് നടക്കുന്ന സിറ്റിങില്‍ സ്ഥാനാര്‍ഥികളുടെ ചെലവ് രജിസ്റ്റര്‍ നിരീക്ഷകര്‍ തയ്യാറാക്കിയ ഷാഡോ രജിസ്റ്ററുമായി ഒത്തുനോക്കി ക്രമക്കേടുകള്‍ വന്നിട്ടുണ്ടെങ്കില്‍ വിശദീകരണമാരായും. അനുവദിക്കപ്പെട്ട 28 ലക്ഷത്തേക്കാള്‍ അധികച്ചെലവ് വരുന്നത് സ്ഥാനാര്‍ഥിക്ക് അയോഗ്യത കല്‍പ്പിക്കപ്പെടാന്‍ മാത്രം ഗൗരവമുള്ളതാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it