Kollam Local

നിയമസഭാ തിരഞ്ഞെടുപ്പ്: ഷിബുബേബിജോണ്‍ തട്ടകം മാറാന്‍ സാധ്യതയേറുന്നു

ജലീല്‍ കരുനാഗപ്പള്ളി

ചവറ: ആര്‍എസ്പി നേതാവും സംസ്ഥാന തൊഴില്‍ മന്ത്രിയുമായ ഷിബുബേബിജോണ്‍ വരുന്ന നിയമസഭാ തിഞ്ഞെടുപ്പില്‍ കൊല്ലം സീറ്റില്‍ മല്‍സരിക്കുമെന്ന് അഭ്യൂഹം. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഷിബുബേബിജോണിന്റെ തട്ടകമായ നീണ്ടകര പഞ്ചായത്തിലെ ആറാം വാര്‍ഡിലുള്‍പ്പെടെ ആര്‍എസ്പിക്കുണ്ടായ ദയനീയ പരാജയമാണ് ചവറ വിട്ട് കൊല്ലം സീറ്റില്‍ മല്‍സരിക്കുന്നതിന് ഷിബുബേബിജോണിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം. പ്രതിച്ഛായ നഷ്‌പ്പെടുകയും ഘടക കക്ഷികളില്‍ പോലും അഭിപ്രായ ഭിന്നത രൂക്ഷമാവുകയും ചെയ്ത ചവറയില്‍ ഇനിയും മല്‍സരിച്ചാല്‍ അത് ദോശകരമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. വരുന്ന മെയ് മാസത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനായി പ്രതിച്ഛായ നന്നാക്കാന്‍ യുഡിഎഫിന് കഴിയില്ലെന്ന് പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചവറ മണ്ഡലത്തില്‍ പന്മനയില്‍ മാത്രമാണ് കോണ്‍ഗ്രസ്, ആര്‍എസ്പി, ലീഗ് എന്നീ പാര്‍ട്ടികള്‍ ഒരു മുന്നണിയായി മല്‍സരിച്ചത്. ചവറ നിയമസഭാമണ്ഡലത്തിലെ അഞ്ച് ഗ്രാമപ്പഞ്ചായത്തുകളിലായി ആര്‍എസ്പി 30 സീറ്റുകളില്‍ മല്‍സരിച്ചെങ്കിലും 13 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഷിബുബേബിജോണ്‍ യുഡിഎഫില്‍ പോലും ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് മുന്നണിയില്‍ അടിച്ചേല്‍പിക്കുന്നതായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. നേരത്തെ ചവറ, തേവലക്കര കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഷിബുബേബിജോണ്‍ ചവറയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ശക്തമായ അടിയൊഴുക്കും കാലുവാരലും ഉണ്ടാകുമെന്ന് ആര്‍എസ്പി കരുതുന്നു. ചവറയിലെ പ്രമുഖ കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളി പ്രശ്‌നങ്ങളും ചിറ്റൂരിലെ മലിനീകരണ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ പദ്ധതികള്‍ വൈകിച്ചതിലും ഷിബുബേബിജോണിന് പങ്കുണ്ടെന്ന ആരോപണം തിരഞ്ഞെടുപ്പില്‍ ദോശകരമായി ഭവിക്കുമെന്ന ആശങ്കയും മണ്ഡലം മാറ്റത്തിന് കാരണങ്ങളില്‍പ്പെടുന്നു എന്നാണ് ആര്‍എസ്പി പ്രവര്‍ത്തകരുടെ അഭിപ്രായം.
നിലവില്‍ ഇരവിപുരം, ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളിലാണ് ആര്‍എസ്പി പ്രതിനിധാനം ചെയ്യുന്നത്. എല്‍ഡിഎഫിലായിരുന്നപ്പോള്‍ 2000 ഓടെ സിപിഎം ആര്‍എസ്പിയില്‍ നിന്നും കൊല്ലം ലോക്‌സഭാസീറ്റും കൊല്ലം മണ്ഡലവും പിടിച്ചെടുത്തിരുന്നു. അതുവരെ ആര്‍എസ്പിയുടെ കുത്തക സീറ്റുകളായിരുന്നു ഇവ രണ്ടും. ആര്‍എസ്പിയുടെ ആദ്യപിളര്‍പ്പിനെ തുടര്‍ന്ന് യുഡിഎഫിലെത്തിയ കടവൂര്‍ ശിവദാസന്‍ ആര്‍എസ്പി ടിക്കറ്റില്‍ തന്നെയാണ് മല്‍സരിച്ച് വിജിച്ചത്. പിന്നീട് ബാബുദിവാകരനും ആര്‍എസിപി ടിക്കറ്റില്‍ വിജയിച്ചു മന്ത്രിയായിരുന്നു.
കൊല്ലം സീറ്റില്‍ പിന്നീട് കോണ്‍ഗ്രസാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തി മല്‍സരിപ്പിച്ചു വന്നത്. ആര്‍എസ്പികളുടെ ലയനം യുഡിഎഫിന് കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ കഴിഞ്ഞു എന്ന് ആര്‍എസ്പി പറയുമ്പോള്‍ ഇതിന്റെ പിന്നില്‍ വരും തിരഞ്ഞെടുപ്പികളില്‍ കൂടുതല്‍ സീറ്റു ചോദിക്കാനും ആര്‍എസ്പി അവസരമൊരുക്കും.
ഇതിന്റെ മുന്നോടിയായി കൊല്ലം സീറ്റ് ആര്‍എസ്പി ആവശ്യപ്പെടുക. കൂടുതല്‍ സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ കൊല്ലത്തിനുപകരം ചവറ വിട്ടു നല്‍കാന്‍ ആര്‍എസ്പി നിര്‍ബന്ധിതരായേക്കും.
Next Story

RELATED STORIES

Share it