kasaragod local

നിയമസഭാ തിരഞ്ഞെടുപ്പ്: വിവിഐപികളുടെ സന്ദര്‍ശനം; ജില്ലയില്‍ കനത്ത സുരക്ഷ

കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എംപി എന്നിവരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ കനത്ത സുരക്ഷ.
സുരക്ഷയുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ഉദ്യോഗസ്ഥര്‍ കാസര്‍കോട്ടെത്തി. ജില്ലാ പോലിസ് ചീഫ് ഡോ. എ ശ്രീനിവാസ്, ജില്ലാ കലക്ടര്‍ ഇ ദേവദാസ് എന്നിവരുമായി കൂടികാഴ്ച നടത്തിയ ഉദ്യോഗസ്ഥ സംഘം നാലിടങ്ങളില്‍ സുരക്ഷാ പരിശോധന നടത്തി. മംഗളൂരു വിമാനത്താവളത്തില്‍ നിന്നു ഹെലികോപ്റ്ററില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി ഇറങ്ങുന്ന വിദ്യാനഗര്‍ ഗവ.കോളജ് ഗ്രൗണ്ട് സംഘം ആദ്യം പരിശോധിച്ചു.
ശേഷം കോളജ് ഗ്രൗണ്ട് മുതല്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയംവരെയുള്ള റോഡും പരിശോധിച്ചു. സ്‌റ്റേഡിയത്തി ല്‍ നടത്തുന്ന പരിശോധനയ്ക്കുശേഷം പ്രധാനമന്ത്രിക്ക് സംസാരിക്കുന്നതിനു വേദിനിര്‍മിക്കുന്ന സ്ഥലം നിര്‍ണ്ണയിച്ചു. കാസര്‍കോട്ടെ പരിശോധനയ്ക്ക് ശേഷം എസ്പിജി സംഘവും പോലിസ് ഉദ്യോഗസ്ഥരും പെരിയയിലെത്തി. പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാലാ ഹെലിപാഡിലാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും വഹിച്ചു കൊണ്ടുള്ള ഹെലികോപ്റ്റര്‍ ഇറങ്ങുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനത്തിനു വേണ്ടി തയ്യാറാക്കിയ ഹെലിപാഡിലായിരിക്കും രാഹുലും ഇറങ്ങുക. ഈ ഹെലിപാഡില്‍ പരിശോധന നടത്തുന്ന എസ്പിജി സംഘം തിരഞ്ഞെടുപ്പ് സമ്മേളനത്തിനായി ആലോചിച്ചുവച്ചിരിക്കുന്ന ചട്ടഞ്ചാലിലെ സ്ഥലത്ത് പരിശോധന നടത്തും.
സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി സ്‌റ്റേറ്റ് പോലിസ് ഇന്റലിജന്റ്‌സ് കോഴിക്കോട് മേഖലാമേധാവി സബിന്‍കുമാറും കാസര്‍കോട്ടെത്തിയിട്ടുണ്ട്. കലക്ടറേറ്റില്‍ ചേ ര്‍ന്ന സുരക്ഷാ ക്രമീകരണ യോഗത്തില്‍ എസ്പിജി ഡിഐജി ചന്ദ്രശേഖര ബറാക്കുറെ, സബ് കലക്ടര്‍ മൃണ്‍മയി ജോഷി, എഡിഎം വി പി മുരളീധരന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ പി ദിനേശ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖര്‍, ഐബി അസിസ്റ്റന്റ് കമ്മീഷണര്‍ എം അനന്തകുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it