kozhikode local

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടര്‍പ്പട്ടികയില്‍ 19 വരെ പേര് ചേര്‍ക്കാം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന സമയം 19ന് രാത്രി 12 വരെ ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 2016 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ വോട്ട് ചേര്‍ക്കുന്നതിന് അപേക്ഷ നല്‍കാം. സ്വന്തമായോ, ബിഎല്‍ഒ മുഖേനയോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. സ്വന്തമായി അപേക്ഷിക്കുന്നവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.ceokerala.gov.in എന്ന വെബ്‌സൈറ്റില്‍ ഇ രജിസ്‌ട്രേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കണം. മാതാപിതാക്കള്‍, ബന്ധുക്കള്‍, അയല്‍വാസികള്‍ ഇവയില്‍ ആരെങ്കിലും ഒരാളുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ കൂടെ കരുതണം. താമസ സ്ഥലം ഏതെന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കുന്നതിന് വേണ്ടിയാണിത്.
അപേക്ഷകള്‍ താലൂക്ക് ഓഫീസില്‍ നിന്ന് പ്രിന്റൗട്ടെടുത്ത് വീടുതല അന്വേഷണത്തിനായി ബിഎല്‍ഒമാരെ ഏല്‍പ്പിക്കുകയാണ് ചെയ്യുക. ഏപ്രില്‍ അവസാനത്തോടെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തുവെന്നതിനാല്‍ മാത്രം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ പേരുണ്ടാവണമെന്നില്ലെന്നും ഓരോ വോട്ടര്‍മാരും തങ്ങളുടെ പേര് പട്ടികയിലുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിന് എസ്എംഎസ് സംവിധാനം നിലവിലുണ്ട്. ഇഎല്‍ഇ എന്നു ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത ശേഷം ഒരു സ്‌പേസിട്ട് സ്വന്തം തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ് നമ്പര്‍ ടൈപ്പ് ചെയ്ത് 54242 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാല്‍ വോട്ട് സംബന്ധിച്ച് വിവരങ്ങളടങ്ങിയ സന്ദേശം ലഭിക്കും. വോട്ടറുടെ പേര്, അസംബ്ലി മണ്ഡലം, വോട്ടര്‍ പട്ടികയിലെ സീരിയല്‍ നമ്പര്‍, ബൂത്ത് നമ്പറും പേരും എന്നീ വിവരങ്ങളാണ് ലഭിക്കുക. ടോള്‍ഫ്രീ നമ്പറായ 1950ലും ഈ സേവനം ലഭ്യമാകും. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ www.ceokerala. gov. in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it