kasaragod local

നിയമസഭാ തിരഞ്ഞെടുപ്പ്; പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വാസം നേടി എന്‍ എ നെല്ലിക്കുന്ന് രണ്ടാമങ്കത്തിന്

കാസര്‍കോട്: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങളും നിയമസഭയിലെ പ്രകടനവും മുന്‍നിര്‍ത്തിയാണ് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയ്ക്ക് രണ്ടാംതവണയും അവസരം ലഭിച്ചത്. 2011ല്‍ ബിജെപിയിലെ ജയലക്ഷ്മി എന്‍ ഭട്ടിനോട് 9338 വോട്ടുകള്‍ക്കാണ് ഇദ്ദേഹം വിജയിച്ചത്.
സി ടി അഹമ്മദലിയുടെ കുത്തകമണ്ഡലമായിരുന്ന കാസര്‍കോട്ട് കഴിഞ്ഞ തവണ ഐഎന്‍എല്ലില്‍ നിന്നും ലീഗിലേക്ക് വന്ന നെല്ലിക്കുന്നിന് പാര്‍ട്ടി നല്‍കുകയായിരുന്നു. കാസര്‍കോട് മെഡിക്കല്‍ കോളജ്, സംസ്ഥാനത്തെ ആശുപത്രികളില്‍ 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള അനുമതി, കാസര്‍കോട് മണ്ഡലത്തില്‍ നടപ്പാക്കിയ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍, പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശയില്‍ മണ്ഡലത്തില്‍ നടത്തിയ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് ഇദ്ദേഹത്തിന് വീണ്ടും ടിക്കറ്റ് ലഭിച്ചത്.
പാര്‍ട്ടി നേതൃത്വത്തിന് ഏറ്റവും സ്വീകാര്യനായ എംഎല്‍എയായി മാറുകയും ചെയ്തു. മുസ്‌ലിംലീഗ് ജില്ലാജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം തുടങ്ങിയവരുടെ പേരുകള്‍ പാര്‍ട്ടിയുടെ പരിഗണനക്ക് വന്നിരുന്നുവെങ്കിലും നെല്ലിക്കുന്നിന് പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന സ്വാധീനം തന്നെയാണ് രണ്ടാം അങ്കത്തിന് അവസരം ലഭിച്ചത്. ബിജെപി രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന കാസര്‍കോട് മണ്ഡലം നിലനിര്‍ത്താന്‍ പാര്‍ട്ടി നിയോഗിച്ചത് സിറ്റിങ് എംഎല്‍എയെ തന്നെയാണ്. 20 വര്‍ഷത്തോളം ഐഎന്‍എല്‍ നേതാവായിരുന്നു ഇദ്ദേഹം എല്‍ഡിഎഫ്-ഐഎന്‍എല്‍ സഖ്യത്തിലും നേരത്തെ മല്‍സരിച്ച് ജനങ്ങള്‍ക്ക് സുപരിചിതനായിരുന്നു.
നെല്ലിക്കുന്നിലെ അബ്ദുല്‍ഖാദര്‍മുഹമ്മദ് കുഞ്ഞി എന്ന എന്‍ എ നെല്ലിക്കുന്ന് 1954 മെയിലാണ് ജനിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനം ജീവിത തപസ്യയാക്കിയ ഇദ്ദേഹത്തിന് രണ്ടാം അങ്കത്തിലും വിജയിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ലീഗ്. നേരത്തെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ കാസര്‍കോട് മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് ആരവത്തിനൊരുങ്ങി. ഭാര്യ: ആയിഷ തൊട്ടിയില്‍. മക്കള്‍: സബീര്‍, ഷഫീഖ്, സഫ്‌വാന.
Next Story

RELATED STORIES

Share it