wayanad local

നിയമസഭാ തിരഞ്ഞെടുപ്പ്: പരിശോധനകള്‍ കര്‍ശനമാക്കി; ഇന്നലെ പിടികൂടിയത് 20 ലക്ഷം

സുല്‍ത്താന്‍ ബത്തേരി; തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രേഖകളില്ലാതെ പണം കടത്തുന്നതിനെതിരെ പരിശോധന കര്‍ശനമാക്കി. വിവിധ കേന്ദ്രങ്ങളില്‍ നിന്നായി ഇന്നലെ മാത്രം 20 ലക്ഷം രൂപ പിടികൂടി. മതിയായ രേഖകള്‍ ഇല്ലാതെ വാഹനത്തില്‍ കടത്തുകയായിരുന്ന 13ലക്ഷം രൂപയാണ് മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റ് അധികൃതര്‍ പിടികൂടിയത്.
മൈസൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന കാറില്‍ നിന്നുമാണ് പണം കണ്ടെത്തിയത്.മൂന്ന് പേരെ കസ്റ്റ്ഡിയിലെടുത്തു.ഇന്നലെ ഉച്ചയോടെയാണ് സംഭവം.പന്ത്രണ്ട് ലക്ഷത്തി നാല്‍പത്തി ഏഴായിരം രൂപയാണ് വാഹനത്തില്‍ നിന്നും കണ്ടെടുത്തത്. മലപ്പുറം തിരൂര്‍ സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. കൈവശമുണ്ടായിരുന്ന മൂന്ന് ബാഗുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. ഒരു ബാഗില്‍ 2,67000 രൂപയും രണ്ടാമത്തെ ബാഗില്‍ ഏഴുലക്ഷവും മൂന്നാമത്തെ ബാഗില്‍ നിന്നും 2,55000 രൂപയയുമാണ് സൂക്ഷിച്ചിരുന്നത്. ഒരാളുടെ കൈവശം 25000 രൂപയും കണ്ടെടുത്തു.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും കെട്ടുകളാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ ലാലു, ഇ പി ഒ വി രാജേഷ്, പി ഡി സുരേഷ്, സി.ഇ.ഒമാരായ പി കൃഷ്ണന്‍കുട്ടി, പി കെ പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ഇവരെ പിന്നീട് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ യു ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള റവന്യു വകുപ്പിന്റെ ഫഌയിങ് സ്‌ക്വാഡ്-രണ്ടിന് കൈമാറി. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വാഹനപരിശോധന കര്‍ശനമാക്കിയതായും ഇതിന്റെ അഠിസ്ഥാനത്തിലാണ് രേഖകളില്ലാതെ കൊണ്ടുവന്ന പണം പിടിച്ചെടുത്തതെന്നും തഹസില്‍ദാര്‍ പറഞ്ഞു.
മതിയായ രേഖകള്‍ എത്തിച്ചാല്‍ പണം ഉടമസ്ഥര്‍ക്ക് തിരികെ നല്‍കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു. വൈത്തിരി അഡീഷനല്‍ തഹസില്‍ദാര്‍ കെ ചാമിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഫ്‌ളൈയിംഗ് സ്‌ക്വാഡ് ലക്കിടിയില്‍ നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോവുകയായിരുന്ന മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. മതിയായ രേഖകളില്ലാതെ വാഹനത്തില്‍ കൊണ്ടുവരികയായിരുന്ന നാലുലക്ഷം രൂപ മാനന്തവാടി ഫ്‌ളെയിംഗ് സ്‌ക്വാഡ് വാഹന പരിശോധനക്കിടെ പിടികൂടി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരിശോധനകള്‍ കര്‍ശനമാക്കാനായി രുപീകരിച്ച മാനന്തവാടി സ്‌ക്വാഡ് മേധാവി കെ എം രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടികൂടിയത്.
Next Story

RELATED STORIES

Share it